ബാലരാമന്‍ സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണനും സൂര്യാഗോപിക്കും
കായംകുളം: പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണനും യുവപ്രതിഭാ പുരസ്‌കാരം സൂര്യാഗോപിക്കും. കമ്മ്യൂണിസ്റ്റ് നേതാവ്, കോളജ് അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ മധ്യതിരുവിതാംകൂറിന്റെ കലാ-സാഹിത്യ സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ അന്തരിച്ചിട്ട് ഈ മാസം 22ന് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് കായംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന പ്രൊഫ. കോഴിശ്ശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിനാണ് ( 15,001 രൂപയും ശില്പവും പ്രശസ്തിപത്രവും) ഈ വര്‍ഷം നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അര്‍ഹനായത്. യുവ പ്രതിഭാ പുരസ്‌കാരത്തിന് (ശില്‍പവും പ്രശസ്തിപത്രവും) സൂര്യാഗോപിയെയും തിരഞ്ഞെടുത്തു.
കവി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ശിവരാമന്‍ ചെറിയനാട് എന്നിവര്‍ അംഗങ്ങളുമായുളള ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 22ന് വൈകിട്ട് അഞ്ചിന് കായംകുളം കെ.പി.എ.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷയാകും.
ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പ്രാഫ. എം.കെ സാനു, അമ്പലപ്പുഴ ഗോപകുമാര്‍, പ്രൊഫ. എരുമേലി പരമേശ്വരന്‍പിളള, പ്രൊഫ. ഡി. വിനയചന്ദ്രന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, ചെമ്മനം ചാക്കോ, ശ്രീകുമാരന്‍ തമ്പി, പ്രഭാവര്‍മ, പി.കെ ഗോപി, ഫ്രാന്‍സിസ് ടി. മാവേലിക്കര രാമപുരം ചന്ദ്രബാബു, ആര്‍. ലോപ, ആര്യാഗോപി, ആദില കബീര്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. ഫൗണ്ടഷന്‍ സെക്രട്ടറി പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്, കുമ്പളത്ത് മധു കുമാര്‍, ഡോ. കെ.ബി പ്രമോദ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."