ഗുര്‍മേഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി; പൊലിസ് കേസെടുത്തു
ന്യൂഡല്‍ഹി: എബിവിപിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും ഡല്‍ഹി സര്‍വകലാശാല ബിരുദ വിദ്യാര്‍ഥിനിയുമായ ഗുര്‍മേഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയ സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വനിതാ കമ്മിഷന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഗുര്‍മേഹര്‍ ഡല്‍ഹി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുര്‍മെഹര്‍ കൗര്‍ പരാതി നല്‍കിയത്.
ഗുര്‍മേഹര്‍ കൗറിന്റെ എ.ബി.വി.പിയ്‌ക്കെതിരേയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. എ.ബി.വി.പിയെ ഭയമില്ലെന്ന ഫോട്ടോ മുഖചിത്രമാക്കിയിട്ട പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'എനിക്ക് എ.ബി.വി.പിയെ ഭയമില്ല, ഞാന്‍ ഒറ്റയ്ക്കല്ല, ഈ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്' എന്ന് എഴുതിയ പേപ്പറുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഗുല്‍മെഹര്‍ ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചത്.
ഇതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലെ ചിത്രത്തിനു കമന്റായി വിശദമായ ബലാല്‍സംഗ വിവരണവുമായി ഒരാള്‍ രംഗത്തെത്തിയത്. 'രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ദേശീയതയെ ചോദ്യം ചെയ്തുകൊണ്ട് ബലാല്‍സംഗ ഭീഷണി മുഴക്കുന്നത് എത്രത്തോളം നീചമാണെന്നാണ് കൗര്‍ ഇതിനോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."