മാല മോഷണക്കേസില്‍ നിരപരാധിയെ പ്രതിയാക്കിയ സംഭവം; പൊലിസ് ഉദ്യോഗസ്ഥര്‍ ന്യൂനപക്ഷ കമ്മിഷന് മുന്‍പാകെ ഹാജരായി
കാസര്‍കോട്: യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ നിരപരാധിയെ പ്രതിയാക്കിയെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ന്യൂനപക്ഷ കമ്മിഷന് മുന്‍പാകെ ഹാജരായി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ കാസര്‍കോട് കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങിലാണ് പൊലിസുദ്യോഗസ്ഥര്‍ ഹാജരായത്. മറുപടിക്ക് സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
കണ്ണൂര്‍ ജില്ലയിലെ മക്രേരി ചോരക്കുളത്ത് ഒരു സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു കൊണ്ടുപോയ കേസില്‍ നിരപരാധിയായ ഭര്‍ത്താവിനെ രൂപ സാദൃശ്യം ആരോപിച്ചു കള്ളക്കേസില്‍ അകപ്പെടുത്തിയെന്ന തലശ്ശേരി കതിരൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് ചക്കരക്കല്‍ പൊലിസ് എസ്.ഐ ബിജു, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, യോഗേഷ് എന്നിവര്‍ ന്യൂനപക്ഷ കമ്മിഷന് മുന്‍പാകെ ഹാജരായത്. സംഭവത്തില്‍ മറുപടി നല്‍കുവാന്‍ സമയം വേണമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതി മാറ്റിവെച്ചു. ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്ങില്‍ 15 പരാതികളാണ് പരിഗണിച്ചത്. രണ്ടു പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. അപേക്ഷ നല്‍കിയിട്ടും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കിയില്ലെന്ന കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയുടെ പരാതിയില്‍ ഡയരക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യുക്കേഷനോട് വിശദീകരണം ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ കലക്ടറില്‍നിന്ന് പ്രത്യേക അനുമതിയോടെ കുഴല്‍ കിണര്‍ നിര്‍മിച്ചെങ്കിലും നാട്ടുകാര്‍ വെള്ളമെടുക്കാന്‍ സമ്മതിക്കുന്നില്ലെന്ന കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പുതുതായി ഒരു പരാതിയും കൂടി ഇന്നലത്തെ സിറ്റിങ്ങില്‍ സ്വീകരിച്ചു.
സിറ്റിങ്ങിന് ന്യൂനപക്ഷ കമ്മിഷന്‍ അംഗം ടി.വി മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി. അടുത്ത സിറ്റിങ് ഫെബ്രുവരി 13ന് രാവിലെ 10ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."