ഹജ്ജ് 2019: ആദ്യഗഡുവും രേഖകളും ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം
കൊണ്ടോട്ടി: ഇത്തവണ ഹജ്ജിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഫെബ്രുവരി അഞ്ചിനകം ആദ്യഗഡുവായ 81,000 രൂപ അടക്കുകയും പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളും സമര്‍പ്പിക്കുകയും വേണം.
പാസ്‌പോര്‍ട്ട്, പണമടച്ചതിന്റെ കോപ്പി, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ചെസ്റ്റ് എക്‌സറേ റിപ്പോര്‍ട്ട്, ബ്ലഡ് സി.ബി.സി റിപ്പോര്‍ട്ട്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമാണ് ഹാജരാക്കേണ്ടത്. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഒഴികെ മുഴുവന്‍ പേരും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം.
പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കഴിയാത്ത പ്രവാസികള്‍ സമയം ദീര്‍ഘിപ്പിച്ചു കിട്ടുവാനുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ സ്വയം പകര്‍ത്തിയ കോപ്പി, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ കത്തോ, സാക്ഷ്യപത്രമോ, വിസയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം.
ഒന്നാം ഗഡു എസ്.ബി.ഐ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അടക്കണം.
തുടര്‍ന്ന് പേ-ഇന്‍ സ്ലിപ്പിന്റെ ഒറിജിനല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം. ഒരു കവറില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചാണ് അടക്കേണ്ടത്.
രണ്ടാം ഗഡുവായി മാര്‍ച്ച് 20ന് മുന്‍പ് ഒരാള്‍ക്ക് 1,20,000 രൂപ അടക്കണം. എന്നാല്‍ രണ്ടു ഗഡുക്കളും ഒരുമിച്ച് അടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രണ്ടു തുകയും ചേര്‍ത്ത് 2,01,000 രൂപ ഫെബ്രുവരി അഞ്ചിന് മുന്‍പായി അടക്കാവുന്നതാണ്. പണം അടക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക പഠനക്ലാസ് സംബന്ധിച്ച വിവരങ്ങളും അതാത് മേഖലയിലെ ഹജ്ജ് ട്രെയിനര്‍മാര്‍ വഴി ഓരോ കവര്‍ ലീഡറേയും അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."