കെട്ടിടപ്ലാന്‍ സമര്‍പ്പണം സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ ഗൂഢാലോചന: വി.ഡി സതീശന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മാണത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഒഴിവാക്കി സ്വകാര്യ കമ്പനിക്കു നല്‍കിയതില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറായ 'സങ്കേതത്തിന്റെ ' പോരായ്മകള്‍ പരിഹരിച്ച് പ്രയോജനപ്പെടുത്തുകയായിരുന്നു വേണ്ടത്.
കെട്ടിട നിര്‍മാണത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് സ്വകാര്യ കമ്പനിയായ ഐ.ബി.പി.എം.എസിനെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍( ലെന്‍സ്‌ഫെഡ് ) സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തേ കൊണ്ടുവരാന്‍ ശ്രമിച്ച്, സംഘടനകളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ട ഓട്ടോകാഡിനെ മുഖംമൂടിയണിയിച്ച് ഐ.ബി.പി.എം.എസ് എന്ന പേരില്‍ കൊണ്ടുവന്നിരിക്കുകയാണെന്നു വി.ഡി സതീശന്‍ ആരോപിച്ചു. സ്വകാര്യ സോഫ്റ്റ് വെയറിനെ ഏല്‍പ്പിക്കുന്നത് മേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തിയ ചെറുപ്പാക്കാര്‍ക്ക് കടുത്ത സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ സങ്കേതം കൂടുതല്‍ മികവോടെ നടപ്പാക്കുക, ഐ.ബി.പി.എം.എസ് അടിച്ചേല്‍പ്പിക്കാതിരിക്കുക, ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഓട്ടോകാഡിന് കോടികള്‍ കൊയ്യാനുള്ള അവസരം നല്‍കാതിരിക്കുക, ലൈസന്‍സികള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത വരുത്തുന്ന പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ മണിശങ്കര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എം സനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ ടി.സി.വി ദിനേശ്കുമാര്‍, യു.എ ഷബീര്‍, കെ. സലീം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."