മുസ്‌ലിംകള്‍ക്ക് കാസര്‍കോട്ട് രക്ഷയില്ലേ?
#റസാഖ് എം. അബ്ദുല്ല
ഉത്തരേന്ത്യന്‍ മണ്ണില്‍ ആള്‍ക്കൂട്ട, സംഘ്പരിവാര്‍ ആക്രമണങ്ങളുണ്ടാകുമ്പോള്‍ ഹാഷ്ടാഗിട്ട് പ്രതിഷേധമറിയിക്കാന്‍ മുന്‍പിലുണ്ടാവുന്ന മലയാളികള്‍, അത്തരം സംഭവങ്ങള്‍ സ്വന്തം നാട്ടിലുണ്ടാകുമ്പോള്‍ ഒന്നുമറിയാത്ത മട്ടിലാവുന്നതെങ്ങനെയാണ്? കാസര്‍കോട് അതിര്‍ത്തിയില്‍ ഒരു മുസ്‌ലിയാരെ കുത്തിമലര്‍ത്തിയിട്ട് ശക്തമായി പ്രതികരിക്കാന്‍ സാധിക്കാതെ പോകുന്നത് നമുക്കെന്ത് സന്ദേശമാണ് നല്‍കുന്നത്? എന്തു പരിമിതിയാണ് സംഘ്പരിവാറിനെതിരേ പ്രതികരിക്കേണ്ടി വരുമ്പോള്‍ ഉള്ളത്? അന്നുതന്നെ മഖാമിനു നേരെ ആക്രമണമുണ്ടായപ്പോള്‍ എന്തേ ആരും ഓടിയെത്തിയില്ല, പത്രം ഓഫിസുകളിലേക്ക് അപലപനക്കുറിപ്പുകളൊഴുകിയില്ല, പ്രതിഷേധ പരിപാടികളും പോസ്റ്ററൊട്ടിക്കലും കണ്ടില്ല?
ഇതൊക്കെ കേവലം വായില്‍ത്തോന്നിയ ചോദ്യങ്ങളല്ല. അതീവ സെന്‍സിറ്റീവ് മേഖലയായി മാറിക്കൊണ്ടിരിക്കുന്ന, ഉത്തരേന്ത്യന്‍ രീതിയില്‍ സംഘ്പരിവാര്‍ ആധിപത്യം ലക്ഷ്യമിടുന്ന ഉത്തരകേരളത്തിന്റെ ആശങ്കകളാണ്. വലിയ വായില്‍പറയുന്ന മതേതര, കലാപമുക്ത കേരളത്തിന്റെ തന്നെ ഭാഗമാണ് കാസര്‍കോടെന്നത് രാഷ്ട്രീയ മേലാളന്മാര്‍ മനസിലാക്കാതെ പോവുന്നത് എന്തുകൊണ്ടാണ്? യാത്രകള്‍ തുടങ്ങാനും അതിനുള്ള പിരിവുകള്‍ തുടങ്ങാനുമുള്ളൊരു കേന്ദ്രം മാത്രമായി കാസര്‍കോടിനെ ചുരുക്കുന്നതിലൂടെ എന്തു സന്ദേശമാണ് നല്‍കുന്നത്?
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തിലാണ് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മദ്‌റസാ അധ്യാപകനായ കരീം മുസ്‌ലിയാരെ അതിക്രൂരമായി മര്‍ദിച്ചതും സ്ഥലത്തെ മഖാമിനു നേരെ ആക്രമണം നടത്തിയതും. കഴിഞ്ഞ കൊല്ലങ്ങളില്‍ എത്ര പള്ളികള്‍ക്കും മദ്‌റസകള്‍ക്കും നേരെയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് കാസര്‍കോട്ട് അക്രമമഴിച്ചുവിട്ടത്.
കരീം മുസ്‌ലിയാരെ ആക്രമിച്ച കേസില്‍ ചുരുക്കം ചിലരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളടക്കമുള്ളവര്‍ പുറത്ത് വിഹരിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ലഭ്യമായിട്ടും പ്രതികളെ പിടികൂടാന്‍ പോലും പൊലിസിന് ഇതുവരെ സാധിക്കാത്തതിനും അതിന് ഇവിടുത്തെ രാഷ്ട്രീയം സമ്മര്‍ദം ചെലുത്താത്തതിനും കാരണമെന്താണ്? പ്രതികളെ പിടികൂടിയാല്‍ തന്നെ റിയാസ് മൗലവിയുടെ കേസില്‍ ഉണ്ടായതെന്തന്ന വസ്തുത കാസര്‍കോട്ടുകാര്‍ക്കു മുന്നില്‍ ഭീതിയോടെയുണ്ട്. കൂട്ടം ചേര്‍ന്ന് പള്ളിയില്‍ കയറി കൊലപ്പെടുത്തിയിട്ടും അത് മദ്യപസംഘം ചെയ്തായി ലഘൂകരിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി ആരും ചിന്തിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല.
ഉത്തരേന്ത്യയില്‍ പശുവോ പശുവിറച്ചിയോ ആണ് സംഘ്പരിവാര്‍ ആക്രമണത്തിന്റെ ഹേതുവെങ്കില്‍ കേരളത്തിന്റെ ഉത്തരദേശത്ത് അത്രപോലും കാരണം വേണ്ടിവരുന്നില്ലെന്നത് ഭീതിപ്പെടുത്തുന്നതല്ലേ? പശുവിനെ കടത്തുകയോ പശുവിറച്ചി കയ്യില്‍ വയ്ക്കുകയോ ചെയ്തിട്ടില്ലല്ലോ റിയാസ് മൗലവിയും കരീം മുസ്‌ലിയാരും. എന്നിട്ടും അവര്‍ ആക്രമിക്കപ്പെട്ടത് മുസ്‌ലിംകളായതു കൊണ്ടു മാത്രമാണ്. ഏതെങ്കിലുമൊരു മുസ്‌ലിമിനെയല്ല അവര്‍ ലക്ഷ്യമിട്ടത്. മുസ്‌ലിംകള്‍ ഏറെ ബഹുമാനം നല്‍കുന്ന, മുസ്‌ലിയാന്‍മാരെ തന്നെയാണ്. അതുംപോരാഞ്ഞ് പള്ളിയും മഖാമും. ഇനിയും ചിന്തിക്കുന്നവരുണ്ടാകാം, ഇതു രണ്ടും തമ്മിലൊരു ബന്ധവുമില്ലെന്ന്. അത്തരക്കാര്‍ക്ക് ഇനിയും ഏതെങ്കിലുമൊരു തൂണിന് കല്ലുകൊണ്ടോയെന്ന് സേഫ് സോണിലിരുന്ന് പരിശോധിച്ചു കൊണ്ടേയിരിക്കാം. ഇത് കാസര്‍കോടാണ്. ഇവിടെ ഇങ്ങനെയാണ്. കാസര്‍കോടിനെ കൈപ്പിടിയിലൊതുക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. അതിന് കോപ്പുകൂട്ടുന്നത് കര്‍ണാടകയിലെ കേന്ദ്രങ്ങളിലും. ഉത്തരേന്ത്യന്‍ കലാപങ്ങളുടെ പരീക്ഷണഭൂമിയായി അവര്‍ കാസര്‍കോടിനെ കാണുമ്പോഴും വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാവാതെ പോകുന്നത് ഇവിടുത്തെ മുസ്‌ലിംകളുടെ സഹനശക്തി കൊണ്ടു മാത്രമാണ്. അല്ലാതെ രാഷ്ട്രീയപാര്‍ട്ടികളോ മതേതര കക്ഷികളോ വേണ്ട വിധത്തില്‍ ഇടപെടുന്നില്ല എന്നത് സുവ്യക്തമാണ്. ഇത്രയും വലിയ സംഭവമായിട്ടും കാസര്‍കോടിനു പുറത്ത് മാധ്യമങ്ങളില്‍ ഇതൊന്നും വാര്‍ത്തയാകുന്നില്ല. നിയമസഹായ വാഗ്ദാനത്തിലും പിന്തുണ അറിയിക്കുന്നതിലും പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമുള്ള ഉത്തരേന്ത്യന്‍ ആവേശം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇവിടെയില്ലാത്തത് ഇതൊക്കെ സാധാരണ സംഭവങ്ങളായി തോന്നിയതുകൊണ്ടാണോ?
ഭോപ്പാലിലേക്കു സഹായധനവുമായി പോയ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ എം.പി കാസര്‍കോടിന്റെ പേരിലുണ്ടായിട്ട് ഒരു പത്രക്കുറിപ്പിലൂടെയെങ്കിലും പ്രതിഷേധിക്കാനായിട്ടില്ല. എം.എല്‍.എമാര്‍ക്ക് ഇക്കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യാനൊട്ട് തോന്നിയിട്ടുമില്ല. വൈകാരികമായ ഇടപെടലില്‍ സാമ്പത്തികമായ പിന്തുണ ഇരകള്‍ക്ക് ലഭിച്ചെന്നിരിക്കാം. എന്നാല്‍ ഇവര്‍ക്ക് രാജ്യനിയമത്തില്‍ നിന്ന് നീതി ലഭിക്കുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ഇവരുമായി ബന്ധപ്പെട്ടവര്‍ക്ക് പേടിയില്ലാതെ ജീവിക്കാനാവുന്നുണ്ടെന്ന് ഉറപ്പിക്കാനാളുണ്ടോ? ഇനിയൊരു കലാപം കാസര്‍കോടിന്റെ ഭൂമിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കെങ്കിലുമാവുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."