ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ച് എം.സി.ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരക്കിട്ട നീക്കം
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ നിയമനം പൂര്‍ത്തിയാക്കി എം.സി.ഐക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍. 16 ശതമാനം ഡോക്ടര്‍മാരുടെ കുറവാണ് നിലവിലുള്ളത്. ഇതില്‍ 28 പേരെ നിയമിച്ച് കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നിന്നു ഡോക്ടര്‍മാരെ നിയമിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇതില്‍ പലരും മഞ്ചേരിയിലേക്ക് മാറാന്‍ സന്നദ്ധരല്ലാതായതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ വീണ്ടും പ്രതിസന്ധിയിലായി.
കഴിഞ്ഞതവണ നടത്തിയ എം.സി.ഐ പരിശോധനയില്‍ ചൂണ്ടിക്കാണിച്ച ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നത് സംബന്ധിച്ച് നടപടികളാണ് പുരോഗമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് മഞ്ചേരിയിലേക്ക് ഡോക്ടര്‍മാര്‍ വരാന്‍ സന്നദ്ധരാവാത്തതിന്റെ പിന്നിലെന്നാണ് അറിയുന്നു. ഡോക്ടര്‍മാരുടെ ഇത്തരം സമീപനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈകൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, ഡോക്ടര്‍മാരുടെ നിയമനത്തില്‍ ഭേദഗതി ഉണ്ടായിട്ടില്ലെന്നും പുതുതായി നിയമിതരായവരില്‍ നിന്നു ചിലര്‍ പിന്‍മാറുകയാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ ഡോ. കെ മോഹനന്‍ പറഞ്ഞു. ഇതിനു പകരം തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ അടുത്തദിവസം തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."