പെര്ത്തായി കൃഷ്ണഗിരി; താളംതെറ്റി ബാറ്റ്സ്മാന്മാര്
കൃഷ്ണഗിരി: ഓസ്ട്രേലിയയിലെ പെര്‍ത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പേസര്‍മാരുടെ പറുദീസയായി കൃഷ്ണഗിരി മാറിയപ്പോള്‍ കേരളത്തിന്റെയും ഗുജറാത്തിന്റെയും ബാറ്റ്സ്മാന്മാര് താളംതെറ്റി വീണു. ആദ്യദിനത്തിലെ ലഞ്ച് വരെയുള്ള സമയം പിച്ച് പേസര്‍മാരെ തുണക്കുമെന്നായിരുന്നു കൂറേറ്റര്മാരുടെ അഭിപ്രായം. എന്നാല്‍ ആദ്യദിനം മുഴുവനും രണ്ടാം ദിനത്തിലും പേസര്‍മാര്‍ക്ക് അനുകൂലമായി പിച്ച് നിന്നതോടെ അഞ്ച് ദിവസത്തെ മത്സരത്തിന് രണ്ടാംദിനത്തില്‍ തന്നെ 75 ശതമാനവും പൂര്‍ത്തിയായി. ഇരുടീമുകളുടെയും ആദ്യ ഇന്നിങ്സുകളില്‍ വീണത് 19 വിക്കറ്റുകളാണ്. സഞ്ജു പരുക്കേറ്റ് ബാറ്റിങില്‍ നിന്ന് പിന്മാറിയത് ഒഴിച്ചാല്‍ ബാക്കിവന്ന 19 വിക്കറ്റുകളം പോക്കറ്റിലാക്കിയത് പേസര്‍മാരായിരുന്നു.
ഗുജറാത്തിനായി ഗജ നാലും നഗ്വസ്വല മൂന്നും കലാരിയ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കേരളത്തിനായി സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പിയും നിതീഷും മൂന്ന് വീതം വിക്കറ്റുകള്‍ പിഴുതു. രണ്ടാമിന്നിങ്സിലും കേരളത്തിനെ വരിഞ്ഞ് മുറുക്കിയത് പേസ് ബൗളര്‍മാരായിരുന്നു. ഗുജറാത്തിന്റെ പേസ്ത്രയം ആറ് മുന്‍നിര വിക്കറ്റുകളാണ് രണ്ടാമിന്നിങ്സിലും പിഴുതത്. കലാരിയ മൂന്നും നഗ്വസ്വല രണ്ടും ഗജ ഒരുവിക്കറ്റും നേടി കേരളത്തെ രണ്ടാമിന്നിങ്സിലും പ്രതിരോധത്തിലാക്കി.
പേസര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുതകുന്ന പിച്ചാണ് കൃഷ്ണഗിരിയിലേതെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെയെല്ലാം അഭിപ്രായം. മികച്ച ബൗണ്‍സും സ്വിംഗും ലഭിക്കുന്നതാണ് പേസര്‍മാര്‍ക്ക് ഇത്ര നല്ല പ്രകടനം കാഴ്ചവെക്കാന്‍ സഹായകമായതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."