ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിന് സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് വൈസ് പ്രസിഡന്റ്
അരീക്കോട്: ക്വാറികള്‍ക്ക് കൂട്ടത്തോടെ പ്രവര്‍ത്തനാനുമതി നല്കിയ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സമരങ്ങള്‍ നടക്കുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റും പരാതിയുമായി രംഗത്ത്. സി.പി.ഐ അംഗമായ ഷിജി പുന്നക്കലാണ് സി.പി.എം നേതാവ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയുയര്‍ത്തിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ എട്ട് ക്വാറികള്‍ക്കും അഞ്ച് ക്രഷറുകള്‍ക്കും ഒരു എംസാന്റ് യൂനിറ്റിനും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുന്നതിനായി ബോര്‍ഡ് അംഗങ്ങളുടെ യോഗം വിളിച്ചിരുന്നെങ്കിലും സി.പി.ഐ അംഗമായ വൈസ് പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. യോഗത്തിനെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ വൈസ് പ്രസിഡന്റിന്റെ അസാനിധ്യം ഉയര്‍ത്തിക്കാട്ടുകയും ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. യോഗം നടക്കുന്ന സമയത്ത് തന്നെ വൈസ് പ്രസിഡന്റിനെ അനുനയിപ്പിച്ച് പഞ്ചായത്തിലെത്തിക്കാനുള്ള പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രമം പരാചയപ്പെടുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ വിയോചനക്കുറിപ്പ് നല്കി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതോടെ നാല് ക്വാറികള്‍ക്ക് അനുമതി നല്കി യോഗം പിരിയുകയായിരുന്നു.
ബോര്‍ഡ് യോഗം അവസാനിച്ചയുടനെ സി.പി.എം നേതാവായ ടി.പി അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ച് ഭിഷണിപ്പെടുത്തിയെന്നും പ്രസിഡന്റ് പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഇനി പഞ്ചായത്തില്‍ വരേണ്ടതില്ലെന്ന് പറഞ്ഞതായും വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍ പറഞ്ഞു. ഇതിനു ശേഷം ഇന്നലെ രാവിലെ പഞ്ചാത്തോഫിസിലെത്തിയ വൈസ് പ്രസിഡന്റ് തന്റെ കസേര കാണാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. വിഷയത്തില്‍ സെക്രട്ടറി ഇടപെട്ടതിനെ തുടര്‍ന്ന് കസേര തല്‍സ്ഥാനത്ത് തന്നെ സ്ഥാപിച്ചെങ്കിലും വൈസ് പ്രസിഡന്റ് ഇരിക്കാന്‍ കൂട്ടാക്കാതെ പഞ്ചായത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാതെ ഭരണസമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."