വെട്ടത്തൂരില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ്
വെട്ടത്തൂര്‍: പഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് നേതാക്കള്‍. പഞ്ചായത്ത് അസി.സെക്രട്ടറിക്കാണ് ആശ്രയ ഉള്‍പ്പെടെയുള്ളവയുടെ നിര്‍വഹണ ചുമതല.
പഞ്ചായത്തില്‍ നിന്നും പദ്ധതി തുകയുടെ ചെക്ക് ഒപ്പിട്ടു നല്‍കേണ്ടത് ഇവരാണ്. എന്നാല്‍, വെട്ടത്തൂരില്‍ കഴിഞ്ഞ ആറുമാസമായി അസി.സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതിപക്ഷാംഗങ്ങള്‍ ഇടപെട്ട് അവരെ അകാരണമായി സ്ഥലം മാറ്റുകയാണുണ്ടായത്. സുപ്രധാന തസ്തികയിലെ ഒഴിവു നികത്താന്‍ നടപടികള്‍ വേണമെന്ന് ഭരണ നിര്‍വഹണ മന്ത്രിയോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, മൂന്നു മാസങ്ങള്‍ക്കു മുമ്പ് താഴെക്കോട് പഞ്ചായത്തിലെ അസി.സെക്രട്ടറിക്ക് താല്‍ക്കാലിക ചുമതല നല്കി. എന്നാല്‍, 15 ദിവസത്തിനകം അദ്ദേഹവും ഏലംകുളത്തേക്ക് സ്ഥലം മാറി പോവുകയായിരുന്നു.
ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍, സി.ഡി.എസ് പ്രസിഡന്റ് എന്നിവരുടെ ജോയിന്റ് അക്കൗണ്ട് മുഖേനയാണ് പണം നല്‍കേണ്ടത്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിരുന്നു. പഞ്ചായത്തില്‍ അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് ആനുകൂല്യ വിതരണത്തിനുള്ള ചുമതല വി.ഇ.ഒയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നെന്നും പൊലിസില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള ഉപരോധം ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ പ്രതികരിച്ചു. ഭരണസമിതി സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് കെ.കെ കുഞ്ഞഹമ്മദാജി, കണ്‍വീനര്‍ സി.എം മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."