കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള പ്രചാരണം: ജോസഫ് വാഴയ്ക്കന്‍
കോതമംഗലം: കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച ക്രൈസ്തവ സഭകളുടെ സെമിത്തേരി പ്രശ്‌നവുമായി ബന്ധപ്പെട്ട ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസിനെതിരേ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള പ്രചാരണമെന്ന് കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍. കോതമംഗലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പ്രതിപക്ഷവും ബില്ലിനെ അനുകൂലിക്കുകയാണുണ്ടായത്.
യു.ഡി.എഫിന്റെ ഭരണ കാലത്ത് ഒരു പള്ളിയും പിടിച്ചു കൊടുത്തിട്ടില്ല. സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ നിരാകരണ പ്രമേയത്തിന് നോട്ടിസ് നല്‍കണം. എന്നാല്‍ നിരാകരണ പ്രമേയം എന്നത് തെറ്റിദ്ധരിക്കാന്‍ ഇടവരുമെന്നതിനാല്‍ പ്രതിപക്ഷം അതിന് മുതിര്‍ന്നില്ല.
നിയമം വരുമ്പോള്‍ മുഴുവന്‍ ക്രിസ്ത്യന്‍ സഭകളും ഉള്‍കൊള്ളുമെന്നതിനാല്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ പരിമിതപ്പെടുത്തണമെന്ന അഭിപ്രായം ഇരുപക്ഷത്തുനിന്നും ഉയര്‍ന്നിരുന്നു.
നിയമം നടപ്പിലായാല്‍ മുഴുവന്‍ സഭകളുടെയും സെമിത്തേരി മേലുള്ള അവകാശം നഷ്ടമാകും. എന്നാല്‍ പ്രതിപക്ഷത്തിനെതിരേ രാഷ്ട്രീയലക്ഷ്യംവച്ചുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.യാക്കോബായ സഭ നടത്തുന്ന സമരങ്ങളില്‍ ഒന്നിലും മാര്‍കിസ്റ്റ് നേതാക്കള്‍ ആരും തന്നെ രംഗത്തുവന്നിട്ടില്ലന്നും അദ്ദേഹം ചൂണ്ടികാട്ടി. കോണ്‍ഗ്രസ് സമരത്തിന് ഒപ്പം ഉള്ളവരാണ്.
ശവസംസ്‌കാര ബില്ല് നിയമമായിട്ടില്ല. ഇനിയും നിയമസഭക്കു മുന്നില്‍ ചര്‍ച്ചയ്ക്കു വരുമെന്നിരിക്കെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ്.യു.ഡി.എഫ് ഭരണ കാലത്ത് ഒരു പള്ളിയും പിടിച്ചു കൊടുത്തിട്ടില്ല. എന്നാല്‍ 36 പള്ളികളാണ് ഈ സര്‍ക്കാര്‍ പിടിച്ച് കൊടുത്തിരിക്കുന്നത്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റികള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ ഒന്നില്‍ പോലും ഇടതുപക്ഷ നേതൃത്വം ഉണ്ടായിരുന്നില്ലെന്നും വാഴയ്ക്കന്‍ ആരോപിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി ബാബു, എ.ജി.ജോര്‍ജ്, എം.എസ്.എല്‍ദോസ്, എബി എബ്രഹാം, അബു മൊയ്തീന്‍, പി.കെ.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."