തൊഴില്‍ തട്ടിപ്പില്‍ നോര്‍ക്കയുടെ ഇടപെടല്‍; മലേഷ്യയില്‍ കുടുങ്ങിയ 19 പേര്‍ തിരിച്ചെത്തി
തിരുവനന്തപുരം : മലേഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ 19 പേര്‍ നോര്‍ക്കയുടെ ഇടപെടലില്‍ തിരിച്ചെത്തി. അഞ്ചുതെങ്ങ് സ്വദേശികളായ 18 പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്.
ഒരോരുത്തരില്‍ നിന്നായി 75000 മുതല്‍ 85000 രൂപ വരെ കൈപ്പറ്റി വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴില്‍ വിസയെന്ന പേരില്‍ ഒരു മാസത്തെ വിസിറ്റിങ് വിസ നല്‍കി ഇവരെ കബളിപ്പിച്ചത്. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് മലേഷ്യയില്‍ കുടുങ്ങിയ ഇവരെ നോര്‍ക്കയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
ഇവര്‍ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നോര്‍ക്ക അധികൃതര്‍ ഇടപെട്ടത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്റ്റിന്‍, പ്രിത്താസ് ആന്റണി, റെയ്‌സണ്‍ ഫ്രാന്‍സിസ്, വര്‍ഗീസ് സെബാസ്റ്റ്യന്‍, വിജയ് അന്തോന്‍സ്, സിജോ സാബു, സ്‌റ്റെബിന്‍ ആര്‍, ജിത്തു.സി, സജു.എ, ജോണ്‍സണ്‍, കൊല്ലം സ്വദേശി സോമജ് മോഹനന്‍ തുടങ്ങിയവരുള്‍പ്പെട്ട 19 പേര്‍ കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്.
എജന്‍സിക്കാര്‍ ഇവരെ കോലാലംപൂരിനും 420 കിലോമീറ്റര്‍ അകലെയുള്ള ജോഹര്‍ എന്ന വിദൂരസ്ഥലത്തെ ഒരു ക്യാംപിലാണ് എത്തിച്ചത്. തങ്ങളെ കമ്മിഷന്‍ വാങ്ങി അടിമജോലിക്ക് സമാനമായ വിവിധ ജോലികള്‍ക്കായി വിവിധ സ്ഥാപനങ്ങള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. തൊഴില്‍ വിസ നേടിത്തരാം എന്നു വാഗ്ദാനം ചെയ്ത് ഇവരുടെ പാസ്‌പോര്‍ട്ടും ഏജന്‍സി കൈക്കലാക്കിയിരുന്നു. ഇതുമൂലം പുറത്തിറങ്ങിയാല്‍ അറസ്റ്റിലാവുന്ന അവസ്ഥയിലായിരുന്ന തൊഴിലാളികള്‍.
തൊഴിലാളികള്‍ കുടുംബത്തെ വിവരമറിയിക്കുകയും അവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും നോര്‍ക്ക റൂട്ട്‌സിലും ബന്ധപ്പെടുകയും ചെയ്താണ് കോലാലംപൂരിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കിയത്. നോര്‍ക്ക വഴി കോലാലംപൂരിലെ മലയാളി സംഘടനയായ 'മലയാളി കുടുംബ'ത്തിന്റെ സഹായം തേടുകയും അവര്‍ ഏര്‍പ്പെടുത്തിയ സഹായിയും ഡ്രൈവറും മുഖേന രക്ഷപ്പെടുത്തി എംബസിയുടെ ക്യാംപില്‍ എത്തിക്കുകയുമായിരുന്നു.
ഒന്നരമാസത്തിലധികം നിരന്തരമായ ശ്രമഫലമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജനും സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും പറഞ്ഞു. ഓരോരുത്തരും 25000 രൂപ വീതം പിഴയടക്കേണ്ടി വന്നു. ഇവര്‍ക്ക് മടക്കടിക്കറ്റിനുള്ള വിമാനക്കൂലിയും നോര്‍ക്ക റൂട്ട്‌സാണ് വഹിച്ചത്.
നാട്ടില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ഇവര്‍ കടംവാങ്ങിയും പലിശക്കു പണമെടുത്തുമൊക്കെയാണ് മലേഷ്യയിലേക്ക് പോകുന്നതിനുള്ള തുക സംഘടിപ്പിച്ചത്. കടംതീര്‍ക്കാന്‍ വഴിയില്ലാത്ത വിധം പ്രതിസന്ധിയിലേക്കാണ് തിരികെയെത്തിയതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. രക്ഷപ്പെട്ടെത്തിയവരില്‍ 11 പേര്‍ ഇന്നലെ നന്ദി അറിയിച്ച് നോര്‍ക്കയുടെ ഓഫിസിലെത്തി.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് മാത്രമേ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളൂവെന്നും തൊഴില്‍ വാഗ്ദാനം ലഭിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നോര്‍ക്ക അധികൃതര്‍ പറഞ്ഞു. തൊഴില്‍വാഗ്ദാനം ലഭിക്കുമ്പോള്‍ മറ്റ് അന്വേഷണമൊന്നുമില്ലാതെ പണം നല്‍കുന്നതാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. പ്രൊട്ടക്ടര്‍ ജെനറല്‍ ഓഫ് എമിഗ്രന്റ് വഴി തട്ടിപ്പ് നടത്തിയ ഏജന്‍സിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."