പൂട പറിക്കുന്നവര്‍
കാവിനിറമുള്ള രണ്ട് ലാത്തികള്‍
മള്‍ബറിത്തോട്ടത്തിലൊളിച്ചിരുന്ന
പട്ടുനൂല്‍ പുഴുക്കളെ
തോണ്ടിയെടുത്തു ഞെരിച്ചു.
നിറങ്ങള്‍ നെയ്‌തെടുക്കേണ്ട
കൊക്കൂണ്‍ നൂലുകളറുത്തു..
അവരാ മള്‍ബറിത്തോട്ടത്തിന്റെ
അധിപന്‍മാരാണെന്നിരിക്കെ,
ബലിഷ്ഠമായ ശൂലങ്ങള്‍
അവിടത്തെ ചുരുക്കം മാത്രമുള്ള
തളിര്‍ശിഖരങ്ങളെ തല്ലിക്കൊഴിച്ചു..
മള്‍ബറിപ്പുഴുക്കള്‍
ഇഴചേര്‍ത്തൊട്ടിച്ചിരുന്ന വെളുവെളുത്ത
നൂലുകള്‍ രക്തനിറം മാത്രമായി കരഞ്ഞു..
അകലേക്കകലേക്ക്
വിഘര്‍ഷിച്ചു കൊണ്ടോരോയിഴയും
താന്താങ്ങളുടെ വാദം മൊഴിഞ്ഞു...
വെളുത്തവ നൂറുനൂറു നിറങ്ങളാക്കപ്പെട്ടു..
ചന്തമുണ്ടായിരുന്നവയാണ്..
പിന്നീട്...
അന്ധമായൊരു അവിശ്വാസം
പരസ്പരം കഴുത്തു മുറുക്കുകയുണ്ടായി..
ഒറ്റനിറത്തെ മാത്രം
അവര്‍ നൂല് വമിച്ച കൂടും
കൂടിരുന്ന മരവും,
മരമിരുന്ന വേരും കണ്ടെത്താന്‍
പാതാളത്തിലേക്കയക്കാനായി
ധൃതിയിലോടിക്കൊണ്ടേയിരുന്നു..
കാവിയൊഴിച്ചനവധി നിറങ്ങള്‍
അത് തടഞ്ഞ് മരത്തിനും കൂടിനും കാവലിരുന്നു..
പലായനം കൊണ്ട്
പട്ടുനൂല്‍കൂട് ശൂന്യമാകുന്നതും കാത്ത്
അധിപന്‍മാരായവര്‍
തോട്ടങ്ങള്‍ക്ക്
കാവലിരുന്നു മുഷിയുകയേയൊള്ളൂവെന്ന്
അവര്‍ ഒന്നിച്ചൊരു നിറമായി...
മണ്ണ് പകരം ചോദിച്ചു..
കിളികള്‍ പാടിപ്പറഞ്ഞു..
ശലഭങ്ങള്‍ അവരിലേക്ക് പൂക്കള്‍ നീട്ടി...
ത്രിവര്‍ണ്ണമുള്ള ഒരൊറ്റത്തുണി
നിവര്‍ത്തിപ്പിടിച്ച്
അറ്റന്‍ഷനാക്കി നിര്‍ത്തി..
നാമ്പിട്ട മണ്ണില്‍നിന്നഗ്‌നിയാണ്
വലിച്ചെടുത്തിട്ടുള്ളത്..
ശൂലാഗ്രത്തില്‍ പൊതിഞ്ഞ
പന്തം കാണിച്ചാ
മള്‍ബറിത്തയ്കളേ വിരട്ടരുതെന്ന്
വിശാലമായി പറക്കാനറിയുന്നവരെല്ലാം
ഉറപ്പ് പറയുന്നുണ്ടല്ലോ..
അധിപന്‍മാരാവാന്‍ ശ്രമിപ്പുന്നവര്‍
പൂട പറിച്ചെറിഞ്ഞീടുക...
സമാധാനം കൊള്ളുക..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."