'മലപ്പുറം ജില്ലാ പദ്ധതി' പ്രകാശനം 22ന്
മലപ്പുറം: ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്ത് ജില്ലാ ആസൂത്രണ സമിതി തയാറാക്കിയ 'മലപ്പുറം ജില്ലാ പദ്ധതി'യുടെ പ്രകാശനം 22നു നടക്കും. ഉച്ചയ്ക്ക് 12നു ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍വച്ചാണ് പ്രകാശനം നടക്കുക.
സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍ തുടങ്ങി വികസനത്തിന്റെ മേഖലയില്‍ ഇടപെടുന്ന സംവിധാനങ്ങള്‍ക്കു പുതിയ ദിശാബോധം നല്‍കുന്നതിനായി ആസൂത്രണ സമിതിക്കു കീഴില്‍ 22 ഉപസമിതികള്‍ ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഉപസമിതികള്‍ അവതരിപ്പിച്ച പദ്ധതികളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് അന്തിമ പദ്ധതി.
ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് പ്രതിഫലിക്കുന്നതും കേന്ദ്ര, സംസ്ഥാന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പ് വാര്‍ഷിക പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മിഷനുകളുടെ പ്രവര്‍ത്തനവും ജനകീയാസൂത്രണവും ജില്ലാ പദ്ധതിയിലൂടെ കൂടുതല്‍ സജീവമാക്കും. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, കേന്ദ്ര, സംസ്ഥാന പദ്ധതി വിഹിതം എന്നിവയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കി 2021-22 വരെയുള്ള വിഹിതം നിശ്ചയിച്ചിട്ടുണ്ട്.
മൂന്നു വാള്യങ്ങളായാണ് ജില്ലാ പദ്ധതി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി 22 മുതല്‍ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ പദ്ധതിയുടെ പകര്‍പ്പ് ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."