വടക്കാങ്ങരയിലെ അനധികൃത കരിങ്കല്‍ ഖനനം; 9.75 ലക്ഷം പിഴയിട്ടു
മങ്കട: വടക്കാങ്ങരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയെതുടര്‍ന്ന് 9.75 ലക്ഷം രൂപ പിഴയിട്ടു. പ്രവര്‍ത്തനാനുമതിയില്ലാതെ കരിങ്കല്‍ ഖനനനം നടത്തിയതിനാണ് തുക ഈടാക്കിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു.
മങ്കട, മക്കരപ്പറമ്പ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വടക്കാങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് 2017 വരെ ലൈസന്‍സ് അനുവദിച്ചിരുന്നെങ്കിലും വ്യാപകമായ പരാതിയെ തുടര്‍ന്ന് പിന്നീട് പുതുക്കി നല്‍കിയിട്ടില്ല.
എന്നാല്‍ പ്രവര്‍ത്തനം തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ട മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തനം തുടരുന്ന പശ്ചാതലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതിനിടെ വടക്കാങ്ങരയില്‍ അനധികൃത ക്വാറിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന് അനുമതിക്കായി ഇതുവരെയും പഞ്ചായത്തില്‍ അപേക്ഷ പോലും സമര്പ്പിച്ചിട്ടില്ലന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സ്ഥാപനം നിര്‍ത്തിവെക്കുന്നതിന് നോട്ടീസ് നല്‍കിയെങ്കിലും പ്രവര്‍ത്തനം തുടരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ ക്വാറി പ്രവര്‍ത്തനത്തിന് അനുമതി ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിനായി നേരത്തെ ജില്ലാ കലക്ടര്‍ അനുവദിച്ച എല്‍ഇ005/എംപിഎം നമ്പര്‍ സ്ഫോടക ലൈസന്‍സിന്റെ മറപിടിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."