വരാനിരിക്കുന്നത് കൊടും വരള്‍ച്ച; സംസ്ഥാനത്തെ ആദ്യ ഉരുക്ക് തടയണയും വരള്‍ച്ചയുടെ പിടിയില്‍
വടക്കാഞ്ചേരി: പൊള്ളുന്ന ചൂടില്‍ നാട് അതിവേഗം വരള്‍ച്ചയുടെ പിടിയിലേക്ക്. ജലസ്രോതസുകള്‍ വറ്റിവരളുകയും പുഴകളും തോടുകളും മരുഭൂമി സമാനമായി കിടക്കുകയും ചെയ്യുമ്പോള്‍ ഡാമുകളും കൊടും വരള്‍ച്ചയെ അഭിമുഖീകരിയ്ക്കുകയാണ്. മേഖലയിലെ പ്രധാന ജലസ്രോതസായ വാഴാനി ഡാമില്‍ ഇനി അവശേഷിക്കുന്നത് പത്ത് ദിവസം മാത്രം തുറന്ന് വിടാനുള്ള ജലം മാത്രമാണ്. പൂമല, പത്താഴകുണ്ട്, അസുരന്‍കുണ്ട്, കൊടുമ്പ്ചാത്തന്‍ചിറ മിനി ഡാം എന്നിവിടങ്ങളിലേയും സ്ഥിതി വിഭിന്നമല്ല. ഭാരതപുഴയില്‍ ചെറുതുരുത്തി, ഷൊര്‍ണൂര്‍ തടയണ യാഥാര്‍ഥ്യമായിട്ടും ജലം സംഭരിച്ച് നിര്‍ത്തുക എന്നത് പൂര്‍ണമായും യാഥാര്‍ഥ്യമായില്ല.
പെരും പ്രളയമാണ് എല്ലാം തകര്‍ത്തത്. പുഴകള്‍ ഗതി മാറി ഒഴുകിയപ്പോള്‍ നഷ്ടപ്പെട്ടത് കോടികണക്കിന് ലിറ്റര്‍ വെള്ളമാണ്. ഇവ തിരിച്ച് പിടിയ്ക്കാന്‍ കഴിയാതെ പോയത് മഴയുടെ അഭാവവും വരള്‍ച്ചക്ക്കാരണമായി. തൃശൂര്‍ പാലക്കാട് ജില്ലകളിലെ അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഗുണപ്രദമാകുമെന്ന ലക്ഷ്യവുമായി 4,800,49,83 രൂപ ചെലവഴിച്ച് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 2015ല്‍ നിര്‍മിച്ച സംസ്ഥാനത്തെ ഉരുക്ക് തടയണ വന്‍ വരള്‍ച്ചയുടെ പിടിയിലാണ്.
ഭാരതപ്പുഴയുടെ വാഴാലിപ്പാടം മാന്നന്നൂര്‍ തീരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിച്ച തടയണ പ്രളയത്തിന് മുന്‍പ് ജലസമൃദ്ധിയുടെ സുന്ദര തീരമായിരുന്നു. പ്രളയം താണ്ഡവമാടിയതോടെ എല്ലാം തകിടം മറിഞ്ഞു. മാന്നന്നൂര്‍ മേഖലയില്‍ മണ്ണിടിഞ്ഞ് പുഴ മീറ്ററുകളോളം ഗതി മാറി ഒഴുകിയതോടെ ജലസമൃദ്ധിയും സ്വപ്നമായി.
അഞ്ച് കിലോമീറ്ററുകളോളം പരന്ന് കിടന്നിരുന്ന ജലം ഇന്ന് നീര്‍ച്ചാല്‍ മാത്രമാണ്. തടയണയുടെ തകര്‍ന്ന ഭാഗങ്ങള്‍ ഇപ്പോഴും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തതും വെല്ലുവിളിയാണ്. അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അത് തടയണയുടെ പ്രൗഢി തകര്‍ക്കുമെന്ന വിലയിരുത്തലും ശക്തമാണ്. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ പ്രതീകങ്ങളാവുകയാണ് പ്രധാന ജലസ്രോതസുകളെല്ലാം. ഇത് സൃഷ്ടിയ്ക്കുന്ന ആശങ്കയും ചില്ലറയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."