HOME
DETAILS

വംശവെറിയാണ് സംഘ്പരിവാറിന്റെ മാറാരോഗം

  
backup
February 09 2020 | 20:02 PM

sangparivar-and-ethnic-cleansing-10-02-2020

 

'ക്ഷത്രിയന്‍ ബ്രാഹ്മണനെ ആക്ഷേപിച്ചാല്‍ നൂറു പണമാണ് പിഴ. അതേ കുറ്റം വൈശ്യന്‍ ചെയ്താല്‍ പിഴ ഇരുനൂറ് പണമാണ്. ശൂദ്രന്‍ ബ്രാഹ്മണനെ ചീത്ത പറഞ്ഞാല്‍ കൊരടാവുകൊണ്ട് അടിക്കണം. ക്ഷത്രിയനെ ബ്രാഹ്മണന്‍ ആക്ഷേപിച്ചാലുള്ള പിഴ അമ്പത് പണമാണ്. ബ്രാഹ്മണന്‍ വൈശ്യനെ ആക്ഷേപിച്ചാലുള്ള പിഴ ഇരുപത്തിയഞ്ച് പണം. ശൂദ്രനെയാണ് ആക്ഷേപിച്ചതെങ്കില്‍ പന്ത്രണ്ട് പണം. ശൂദ്രന്‍ ബ്രാഹ്മണനെ അപമാനിച്ചാല്‍ അവന്റെ നാക്ക് അറുത്ത് വേര്‍പ്പെടുത്തണം. സവര്‍ണ്ണനെ അവര്‍ണ്ണന്‍ കൈയേറ്റം ചെയ്താല്‍ ഏതു അവയവം കൊണ്ടാണോ കൈയേറ്റം ചെയ്തത് ആ അവയവം മുറിച്ചു നീക്കണം. കൈയോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ചുകളയണം' മനുസ്മൃതി അനുശാസിക്കുന്ന നിയമങ്ങളുടെ ഒരു ഉദാഹരണമാണിത് (മനുസ്മൃതി 8: 79, 283).
ഒരേ കുറ്റത്തിന് ഭിന്ന വിഭാഗങ്ങള്‍ക്ക്, വ്യത്യസ്ത ശിക്ഷകള്‍ നല്‍കുന്നത് അപമാനമായല്ല, അഭിമാനമായി പരിഗണിച്ചവരാണ് ഇന്ത്യയിലെ ജാതിമേധാവിത്വം. ഇത്തരമൊരു നിയമനടപ്പിന്റെ മറവില്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ക്ക് ഇരകളായ ജനലക്ഷങ്ങളുടെ നോവുകള്‍ ഇന്ത്യാ ചരിത്രത്തെ ചുട്ടുപൊള്ളിക്കുന്നതാണ്.

ആ വേരുകള്‍ അറ്റുപോയിട്ടില്ല


സാമൂഹിക പരിവര്‍ത്തനത്തിന്റെ വ്യത്യസ്തങ്ങളായ പ്രകാശകിരണങ്ങളാണ് പില്‍ക്കാലത്ത് ഇതില്‍ നിന്ന് കുറേയൊക്കെ മോചനം സാധ്യമാക്കിയത്. ഇസ്‌ലാമിന്റെ ആഗമനം, ആഭ്യന്തര നവോഥാന പരിശ്രമങ്ങള്‍, മുസ്‌ലിം ഭരണാധികാരികള്‍, ഇടതുപക്ഷ പരിഷ്‌കരണങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പും വിദ്യാഭ്യാസ മുന്നേറ്റവും, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന തുടങ്ങിയ പലഘടകങ്ങളും വ്യത്യസ്ത അളവില്‍, സാമൂഹിക വ്യവസ്ഥാ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, രണ്ടു പ്രധാന ഘടകങ്ങള്‍ അപ്പോഴും ഇന്ത്യന്‍ സാമൂഹിക ക്രമത്തിന്റെയും നിയമ വ്യവസ്ഥയുടെയും പിന്നില്‍ നിഗൂഢമായി നിലകൊള്ളുന്നുണ്ടായിരുന്നു. ഒന്ന്, മനുസ്മൃതിയില്‍ അധിഷ്ഠിതമായ നിയമനടപ്പുകളുടെയും അവയെ പരിപാലിച്ച ജാതി മേധാവിത്വത്തിന്റെയും വേരുകള്‍ പൂര്‍ണ്ണമായും അറുത്ത് മാറ്റപ്പെട്ടിരുന്നില്ല. കൊമ്പും ചില്ലകളും അറുത്ത് മാറ്റിയ ഇടങ്ങളില്‍ പോലും മനുവാദത്തിന്റെ തടികളും ആഴമുള്ള അടിവേരുകളും നിലനില്‍ക്കുന്നുണ്ടായിരുന്നു. വംശവെറിയുടെയും ജാതി ചിന്തയുടെയും ഉള്‍പ്രേരണകളാല്‍, വിവേചനപരമായ നിയമ നടത്തിപ്പുകളായി, സ്വതന്ത്ര ഇന്ത്യയിലും ഇത് പ്രവര്‍ത്തനനിരതമാണ്.
രണ്ട്, മനുസ്മൃതിയുടെ നിയമക്രമവും ജാതി വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന, പൗരാണിക ഭാരതത്തിന്റെ പുനഃസൃഷ്ടിക്കുവേണ്ടിയുള്ള ആര്‍.എസ്.എസ് അജന്‍ഡകള്‍ നിശബ്ദം, നിരന്തരം ഇന്ത്യയില്‍ നടപ്പിലാക്കുന്നുണ്ടായിരുന്നു. രാഷ്ട്ര ശരീരത്തിന്റെ സിരകളായ ഉദ്യോഗ മേഖലകളില്‍ സംഘ്പരിവാര്‍ ആശയക്കാരെ നിറച്ചുകൊണ്ട്, ഭരണനിര്‍വഹണ മേഖലകളെ കാവിവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യസാധ്യത്തിനു വേണ്ടി ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗം. പൊലിസും പട്ടാളവും ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അവരുടെ മുഖ്യ ഉന്നമാണ്. ഈ ഉദ്യോഗ മേഖലകളുടെ കാവിവല്‍ക്കരണത്തില്‍ ബഹുദൂരം മുന്നോട്ടു പോകാന്‍ സംഘ്പരിവാറിന് സാധ്യമായിട്ടുണ്ട്.

നിയമ നടത്തിപ്പിലെ
വിവേചന ഭീകരതകള്‍=


മനുസ്മൃതിയിലെ ആശയങ്ങള്‍ തത്ത്വത്തിലും പ്രയോഗത്തിലും സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ ചിലര്‍ നടപ്പിലാക്കി വരുന്നുണ്ട് എന്നതിന്റെ തിക്താനുഭവങ്ങളാണ് മത, ജാതി അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന കേസുകളും വിധികളും. മനുസ്മൃതി തത്ത്വങ്ങളുടെ നിലവിലുള്ള ഈ പ്രയോഗവല്‍ക്കരണത്തിന്, നിയമപരമായ രേഖീകരണം മാത്രമേ ഇനി ആവശ്യമുള്ളൂ. തട്ടുകളാക്കി വിഭജിച്ച ജാതി, വംശ വിഭാഗങ്ങളില്‍ നിന്ന് പൗരന്‍ എന്ന ഒരൊറ്റ കോളത്തിലേക്ക് ഇന്ത്യയിലെ മനുഷ്യരെ ഏകീകരിച്ച നമ്മുടെ ഭരണഘടന തന്നെയാണ് ഇതിനുള്ള തടസ്സം. അതുകൊണ്ടാണ് പൗരത്വത്തില്‍ വിവേചനം കൊണ്ടുവന്ന് ഭരണഘടനയെ അട്ടിമറിക്കുന്നത്. നിയമ നടത്തിപ്പില്‍ പൗരവിവേചനം ഇപ്പോള്‍ തന്നെ നമുക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, പാസാക്കപ്പെട്ട പൗരത്വ നിയമ ഭേദഗതി നടപ്പിലായാല്‍, ഇപ്പോള്‍ പൊലിസ് കേസുകളിലും മറ്റും കാണുന്ന പ്രകടമായ വിവേചനങ്ങള്‍ നിയമപരമായ അംഗീകാരത്തോടെ ഉഗ്രരൂപം പ്രാപിക്കും. അതായത്, പൊലിസ് കേസുകളിലെ വിവേചനവും പൗരത്വ ഭേദഗതിയും വ്യത്യസ്ത പ്രശ്‌നങ്ങളല്ല, ഒരൊറ്റ ദണ്ഡിലെ മൂര്‍ച്ചയുള്ള മുള്ളുകളാണ് എന്നര്‍ഥം. ഇന്ത്യയിലെ പൊലിസ് സംവിധാനത്തിലെ വര്‍ഗീയ നിലപാടുകള്‍ വിശകലനം ചെയ്യുന്ന, ഉമര്‍ ഖാലിദിയുടെ Khaki And The Ethnic Violence In India എന്ന പുസ്തകം വായിച്ചാല്‍, ഇപ്പോഴത്തെ പ്രമാദമായ പല പൊലിസ് നടപടികളിലും കേസുകളിലും ആശ്ചര്യപ്പെടാന്‍ വകുപ്പില്ലെന്ന് മനസ്സിലാകും.


സമീപകാലത്ത്, സംഘ്പരിവാര്‍ സംഘടനകളിലെ പ്രവര്‍ത്തകരോ മേല്‍ജാതിക്കാരോ പ്രതികളായ കേസുകളും സംഘ്പരിവാര്‍ വിരുദ്ധരായ മറ്റുള്ളവര്‍ പ്രതികളായ പ്രതികളാക്കപ്പെട്ട കേസുകളും പരിശോധിക്കുക. മനുസ്മൃതി അനുശാസിച്ച 'നീതി'യാണ് പലതിലും പ്രകടമാകുന്നത്. ഗുജറാത്തിലെയും കൊടുങ്ങല്ലൂരിലെയും കള്ളനോട്ട് അച്ചടി, ബലാത്സംഗം, മുസ്‌ലിംകളെ വെടിവച്ച് കൊല്ലണം തുടങ്ങിയ വര്‍ഗീയ പ്രസംഗങ്ങള്‍, പൊലിസിനു മുന്നിലെ വെടിവയ്പ്പ്, തെരുവില്‍ പ്രകടമായിത്തന്നെ നടത്തുന്ന ആക്രമണങ്ങള്‍, ക്ഷേത്രത്തിലെ ചാരായം വാറ്റ് തുടങ്ങി എത്രയെത്ര പ്രശ്‌നങ്ങള്‍! പലതിലും കേസെടുക്കുന്നില്ല.


ചിലതില്‍ നിരന്തര പരാതിയെത്തുടര്‍ന്ന് നിസ്സാര വകുപ്പുകള്‍ ചുമത്തിയുള്ള കേസുകള്‍, ഇഴഞ്ഞു നീങ്ങുന്ന തുടര്‍നടപടികള്‍, ഉടന്‍ ലഭ്യമാകുന്ന ജാമ്യം, അവസാനം ശിക്ഷിക്കപ്പെടാതെയോ പരിമിത ശിക്ഷയോടെയോ രക്ഷപ്പെടല്‍! ബലാത്സംഗ കേസില്‍ 2019 സെപ്റ്റംബറില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എഴുപത്തിരണ്ടുകാരന് 2020 ഫെബ്രുവരി അഞ്ചിന് ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍, 'സ്വാമിജി മഹാരാജ് കീ ജയ്' വിളിച്ചാണ് 'ഭക്തര്‍' സ്വീകരിച്ചത്! ദേശീയ തലത്തില്‍ ഇത്തരം സംഭവങ്ങള്‍ നിരവധിയുണ്ട്. ജെ.എന്‍.യു കാംപസില്‍ വിദ്യാര്‍ഥികളെ അക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സംരക്ഷണം ഉദാഹരണം. രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രമുഖമായ യൂനിവേഴ്‌സിറ്റിയിലെ അക്രമത്തില്‍ ഇതാണ് അനുഭവമെങ്കില്‍, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത്രയും പ്രധാനമല്ലാത്ത ഇടങ്ങളുടെയും വ്യക്തികളുടെയും കാര്യത്തില്‍ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.


പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലുള്ള കേസുകളില്‍ വിവേചനത്തിന്റെ ഫാസിസ്റ്റ് രാജ് വളരെ വ്യക്തമാണ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസിനു മുമ്പിലാണ് ഭീകരന്‍ വെടിയുതിര്‍ത്തത്. 'ക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കും' എന്ന് എഴുതിയ ഒരു പേപ്പര്‍ ഉള്‍പ്പെടെയുള്ളവ പ്രതിയായ ഈ പ്ലസ്ടു വിദ്യാര്‍ഥിയുടെ ഭാഗില്‍ നിന്ന് പൊലിസ് കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്ക്കുമ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുന്ന ഡല്‍ഹി പൊലിസിനെയും നെഞ്ചുവിരിച്ച് നേരിടുന്ന ജാമിഅ വിദ്യാര്‍ഥി ശഹദാബ് ഫാറൂഖിനെയും ഒറ്റഫ്രെയ്മില്‍ കാണുമ്പോള്‍ നാമെന്താണ് മനസ്സിലാക്കേണ്ടത്! അതേസമയം, ബംഗളൂരുവില്‍ സി.എ.എയെ വിമര്‍ശിച്ച് നാടകം അവതരിപ്പിച്ച ബിദാര്‍ ശാഹീന്‍ സ്‌കൂളിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ മണിക്കൂറുകളോളം നിരന്തരം ചോദ്യം ചെയ്യുകയാണ് കര്‍ണാടക പൊലിസ്. കുട്ടികളുടെ മാതാവിനെയും സ്‌കൂള്‍ പ്രധാനാധ്യാപികയേയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്നു. ഐ.പി.സി 124 എ (രാജ്യദ്രോഹം ), 504,153 എ (സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്!


പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ കണ്ണന്‍ ഗോപിനാഥനെ പല തവണ കസ്റ്റഡിയിലെടുത്ത പൊലിസ്, മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥി നേതാവ് സല്‍മാന്‍ അഹ്മദിനെ അറസ്റ്റു ചെയ്തു. കേരളത്തില്‍ ബി.ജെ.പിയുടെ സി.എ.എ വിശദീകരണ പൊതുയോഗം നടക്കുമ്പോള്‍ കടകളടച്ച കുറ്റ്യാടിയിലെ വ്യാപാരികള്‍ക്കെതിരേ പൊലിസ് സ്വമേധയാ കേസെടുക്കുന്നു. എന്നാല്‍, 'ഓര്‍മ്മയുണ്ടോ ഗുജറാത്ത്' എന്ന് വര്‍ഗീയത ആക്രോശിച്ചവര്‍ക്കെതിരേ 'സ്വമേധയാ' അല്ല, നിരവധി പരാതികള്‍ക്ക് ശേഷമാണ് കേസ് എടുത്തത്!


തൃശൂര്‍ വരന്തര പള്ളിയില്‍ കടയടച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ മണ്ണുത്തിയില്‍ മുസ്‌ലിം സ്ത്രീയെ അക്രമിച്ച ആര്‍.എസ്.എസുകാരനെ കസ്റ്റഡിയിലെടുത്ത്, സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യത്തില്‍ വിട്ടു! എന്നാല്‍, ഇതിനെതിരേ ഫേസ്ബുക്കില്‍ പ്രതികരിച്ച സാമൂഹിക പ്രവര്‍ത്തകനെതിരേ 153 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് 'ഗുജറാത്ത് ഓര്‍മ്മയുണ്ട്, ഷൂ നക്കരുത് ' എന്ന ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ കേസെടുത്ത് റിമാന്‍ഡ് ചെയ്തത് 'മതസ്പര്‍ദ്ധ' വളര്‍ത്തുമെന്ന് പറഞ്ഞാണ്. സംഘ്പരിവാറിനെ വിമര്‍ശിക്കുന്നത് മതസ്പര്‍ദ്ധയാവുകയും സംഘ്പരിവാര്‍ ആക്രോശിക്കുന്നത് 'മതേതര'മാവുകയും ചെയ്യുന്ന വൈരുധ്യം അവിടെ നില്‍ക്കട്ടെ. ഈ പൊലിസ് ന്യായം, കോടതി ഭാഷയില്‍ വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെയും ഇതേ ന്യായം കുറ്റ്യാടിയിലെ ബി.ജെ.പി പ്രകടനക്കാര്‍ക്കും മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ കെ. ആര്‍ ഇന്ദിരക്കും തൃശൂരില്‍ മുസ്‌ലിം സ്ത്രീയെ ആക്രമിച്ച ആര്‍.എസ്.എസുകാരനും മറ്റും ബാധകമാകേണ്ടതല്ലേ!


വംശവെറിക്ക് പേരുകേട്ട യു.പി, ഡല്‍ഹി പൊലിസ് രാജ് കേരളമുള്‍പ്പെടെ ഇന്ത്യയൊട്ടാകെ കൊണ്ടുവരുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചിട്ടുണ്ട് എന്നാണ് കേസുകളിലെ ഈ പച്ചയായ വിവേചനം തെളിയിക്കുന്നത്. പൊലിസ് സംവിധാനത്തിലേക്ക്, സംഘ്പരിവാര്‍ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിലും അല്ലാത്തവരില്‍ പലരെയും വിഷം കുത്തിവച്ച് വര്‍ഗീയവല്‍ക്കരിക്കുന്നതിലും ആര്‍.എസ്.എസിന് കൃത്യമായി അജന്‍ഡകളും ആസൂത്രണങ്ങളുമുണ്ട്. പതിറ്റാണ്ടുകളെടുത്താണ് അവരത് സാധ്യമാക്കുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥ മേഖലകളിലെ സമര്‍ത്ഥരായ നുഴഞ്ഞുകയറ്റക്കാരാണ് സംഘ്പരിവാര്‍. ഈ ലേഖകന്റെ, 'സംഘ്പരിവാര്‍; വര്‍ഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും' എന്ന പുസ്തകത്തില്‍ ഇതു സംബന്ധിച്ച് ഒരു അധ്യായം തന്നെയുണ്ട്. മറുഭാഗത്ത് നീതിമാന്‍മാരായ പൊലിസ് ഓഫിസര്‍മാരും ഉദ്യോഗസ്ഥരും തന്നെയാണ് ഭൂരിപക്ഷം. പക്ഷേ, സംഘ്പരിവാറിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന ആരെയും മതം നോക്കാതെ ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് വേട്ടയാടും. സഞ്ജീവ് ഭട്ടിനപ്പുറം ഇതിനൊരു തെളിവ് ആവശ്യമില്ല.


എന്നാല്‍, മുസ്‌ലിംകളുടെ കാര്യത്തിലാകുമ്പോള്‍ ഇതൊരു സ്വാഭാവിക നടപടിയായി മാറുന്നു. മുസ്‌ലിം സമുദായത്തില്‍പ്പെട്ട നിരപരാധികളായ എത്രയോ പേരെ അന്യായമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിലെ സകരിയ്യ നെഞ്ച് നീറുന്ന നോവാണല്ലോ. ഇതില്‍ പലതും അബദ്ധത്തില്‍ സംഭവിച്ചതല്ല, ആസൂത്രിതമായി അകത്താക്കിയതാണ്. നിരപരാധികളെ വേട്ടയാടി വര്‍ഗീയമായി സന്തോഷിക്കുക, മുസ്‌ലിംകളില്‍ ഭീകര മുദ്ര ചാര്‍ത്തുക, വംശീയമായ പകയുല്‍പ്പാദിപ്പിക്കുക, കേസിന്റെ പേരിലുള്ള അലച്ചിലും സാമ്പത്തിക തകര്‍ച്ചയും മാനസിക പീഡനവും ഏല്‍പ്പിക്കുക, വെറുക്കപ്പെട്ടവരാക്കി മാറ്റുക, ഒടുക്കം വംശഹത്യ ന്യായമാണെന്ന മാനസികാവസ്ഥ പൊതു സമൂഹത്തില്‍ സൃഷ്ടിക്കുക തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ഒപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യപ്പെടുന്നത്. അന്തര്‍ദേശീയ തലത്തില്‍ തന്നെ നടക്കുന്ന ഈ ഭീകരവല്‍ക്കരണത്തിന്റെ ഗെയിം പ്ലാന്‍ തുറന്നു കാണിക്കുന്ന പുസ്തകമാണ്, ട്രെവര്‍ ആരണ്‍സന്റെ ഠവല ഠലൃൃീൃ എമരീേൃ്യ: കിശെറല വേല എആഹ' െങമിൗളമരൗേൃലറ ണമൃ ീി ഠലൃൃീൃശാ. അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന പദ്ധതികള്‍ തന്നെയാണ്, രൂപഭേദങ്ങളോടെ മൊസാദിന്റെയും മറ്റും നിര്‍ദേശമനുസരിച്ച് ഇവിടെയും സംഘ്പരിവാര്‍ നോമിനികള്‍ നടപ്പിലാക്കുന്നത്. ബോധപൂര്‍വമാണ് ഈ വേട്ടയാടല്‍ എന്നര്‍ഥം.


കേരള പൊലിസില്‍ സംഘ്പരിവാറിന്റെ ആളുകളുണ്ടെന്ന് ബി.ജെ.പിയുടെ ഒരു വനിതാ നേതാവ് മുമ്പ് പ്രസംഗിച്ചത് ഓര്‍ക്കുക. ആര്‍.എസ്.എസിന് കേരള പൊലിസിലുള്ള സ്വാധീനം ഇടതുപക്ഷ ഗവണ്‍മെന്റിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ തുറന്നു സമ്മതിച്ചതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലായിരുന്നു ഈ തുറന്നു പറച്ചില്‍.
'ഐ.പി.എസ് റാങ്കുള്ള ഓഫിസര്‍മാരുള്‍പ്പെടെ സ്റ്റേറ്റ് പൊലിസില്‍ സംഘ്പരിവാറിന് സ്വാധീനമുണ്ട്. പൊലിസിന്റെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വളരെ കൃത്യമായി സംഘ്പരിവാറിന് ലഭിക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ സംഘ്പരിവാറിന് ചോര്‍ത്തിക്കൊടുക്കയാണ്' എന്നായിരുന്നു സി.പി.ഐയുടെ വിലയിരുത്തല്‍. പെട്ടെന്ന് തിരിച്ചറിയാവുന്ന അടയാളങ്ങളൊന്നും അവര്‍ക്ക് ഉണ്ടാകണമെന്നില്ല. 'നിയമപരമായ' നടപടികളിലൂടെ സംഘ്പരിവാറിന്റെ അജന്‍ഡകള്‍ അവര്‍ നടപ്പിലാക്കും. സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷം മാത്രമേ അവരുടെ തനിനിറം പുറത്തു വരികയുള്ളൂ. ടി.പി സെന്‍കുമാര്‍ അവരില്‍ ഒരാള്‍ മാത്രമാണ്. സര്‍വിസില്‍ നിന്ന് വിരമിച്ച ശേഷം പെട്ടെന്നൊരു നാള്‍ അദ്ദേഹം വംശവെറി പ്രസംഗിച്ചു തുടങ്ങിയതാകില്ലല്ലോ! ഇങ്ങനെ എത്ര പേര്‍, മുഖം വെളിപ്പെടുത്താതെ ഇപ്പോഴും സര്‍വിസിലിരുന്ന് സംഘ്പരിവാറിനെ സേവിക്കുന്നുണ്ടാകും എന്നു ആലോചിക്കേണ്ടതുണ്ട്. സംഘ്പരിവാറിന്റെ മുഖവും മുദ്രയുമൊന്നും ഇല്ലാതെയാണ് ഇതിനായി ആളുകളെ വളര്‍ത്തുന്നതും പൊലിസില്‍ എത്തിക്കുന്നതും. ഇടയ്ക്കു പക്ഷേ, പുലിയുടെ പുള്ളി പുറത്തായിപ്പോകും എന്നുമാത്രം. കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ സ്ഥാപനത്തില്‍ ഉദ്ഘാടകനായി എത്തുന്ന മുതിര്‍ന്ന പൊലിസ് ഓഫിസറും ഇടുക്കി കരിമണ്ണൂരില്‍ ബി.ജെ.പി പരിപാടി നടക്കുന്നതിനാല്‍ കടകള്‍ അടക്കരുതെന്ന പൊലിസ് നോട്ടിസും എത്ര വലിയ അപകടസൂചനയാണ് നല്‍കുന്നത്.


സംഘ്പരിവാറിനെതിരേ ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരള പൊലിസിലെ ചിലര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് നിലപാടുകളിലെ കാപട്യമോ, ഭരണത്തിലെ പരാജയമോ ആയാണ് വിലയിരുത്തപ്പെടുന്നത്. ഭരണകൂടം ഇരകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും ഭരണ സംവിധാനത്തെ വേട്ടക്കാര്‍ക്കൊപ്പം അഴിച്ചുവിടുകയും ചെയ്യുന്നത് ശരിയല്ല. ഇത് തിരുത്താന്‍ ഇടതു ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തയാറാകണം. വംശവെറിയുടെ വൈറസ് ബാധിച്ച ഭരണനിര്‍വഹണ സംവിധാനങ്ങളുടെ വൈരുധ്യവും കാപട്യവും നിറഞ്ഞ നടപടികള്‍ രോഗങ്ങളല്ല, രോഗലക്ഷണങ്ങള്‍ മാത്രമാണ്. ജാതി മേധാവിത്വവും വംശവെറിയുമാണ് യഥാര്‍ഥ രോഗം. രോഗലക്ഷണങ്ങളെ പഴിച്ചതുകൊണ്ടു കാര്യമില്ല, ക്രിയാത്മകമായ പരിഹാരക്രിയകളാണ് ഉണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago