നീരൊഴുക്ക് നിലച്ച് കക്കടവ് പുഴ; ബാണാസുര ഡാം തുറക്കണമെന്നാവശ്യം
മാനന്തവാടി: നൂറുകണക്കിന് കുടുംബങ്ങളെ ആശങ്കയിലാക്കി കക്കടവ് പുഴയില്‍ നീരൊഴുക്ക് നിലച്ചു. ഇതോടെ ബാണാസുര ഡാം തുറന്ന് വിടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
തരിയോട് നിന്നും ഉത്ഭവിച്ച് വാരാമ്പറ്റ, പുതുശ്ശേരിക്കടവ്, കക്കടവ്, ചേര്യംകൊല്ലി വഴി കബനിയില്‍ ലയിക്കുന്ന പുഴയെ കൃഷിക്കും കന്നുകാലി പരിപാലനത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ പുഴയോരത്തുണ്ട്. പടിഞ്ഞാറത്തറ ബാണാസുരഡാം വരുന്നതിന് മുന്‍പായി കത്തുന്ന വേനലിലും നിറഞ്ഞൊഴുകിയിരുന്ന പുഴ ഡാം കെട്ടി തടഞ്ഞതോടെയാണ് വേനലില്‍ മെലിഞ്ഞൊഴുകാന്‍ തുടങ്ങിയത്. പുഴയെ ആശ്രയിച്ച് മാത്രം പാലയാണ, കൊമ്മയാട്, കരിങ്ങാരി പ്രദേശങ്ങളില്‍ ഹെക്ടര്‍കണക്കിന് നെല്‍പാടങ്ങളില്‍ പുഞ്ച, നഞ്ച നെല്‍കൃഷി നടത്താറുണ്ടായിരുന്നു. എന്നാല്‍ പടിഞ്ഞാറത്തറയില്‍ ഡാം കെട്ടി വെള്ളം കെട്ടി നിര്‍ത്തിയതോടെ കൃഷി പകുതിയായി. എന്നാലും നെല്‍കൃഷി വിളവെടുക്കുന്ന പാടങ്ങളില്‍ പച്ചക്കറി കൃഷിക്കായി പുഴയിലെ വെള്ളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. അതോടൊപ്പം കൃഷിക്കാര്‍ കന്നുകാലികളെ കുളിപ്പിക്കാനും കുടിക്കാനും വെള്ളം കണ്ടെത്തിയിരുന്നതും ഈ പുഴയില്‍ ചെറിയ തടയണകള്‍ നിര്‍മിച്ച് തടഞ്ഞു നിര്‍ത്തുന്ന വെള്ളമായിരുന്നു. പുഴയോരത്തുള്ള നിരവധി ആദിവാസി കുടുംബങ്ങള്‍ വേനല്‍കാലത്ത് അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നതും പുഴവെള്ളമാണ്. മുമ്പെങ്ങുമില്ലാത്ത വിധമാണ് ഈവര്‍ഷം പുഴയിലെ വെള്ളം വറ്റിയത്. കഴിഞ്ഞ വര്‍ഷം ജില്ലാ കലക്ടരുടെ നിര്‍ദേശ പ്രകാരം ഏപ്രില്‍ മാസത്തില്‍ ഡാമില്‍ നിന്നും നേരിയ തോതില്‍ വെള്ളം തുറന്നു വിട്ടിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരള്‍ച്ച രൂക്ഷമായതിനാല്‍ ഡാം റിസര്‍വൊയറില്‍ നിന്നും കൃഷിക്കും പ്രാഥമികാവശ്യങ്ങള്‍ക്കും വേണ്ടി വെള്ളം തുറന്നു വിടണമെന്നാണ് ആവശ്യമുയരുന്നത്. ഈ ആവശ്യമുന്നയിച്ച് ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് പാലയാണ പൗരസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."