കോഴിക്കോട് വിമാനത്താവളത്തിന് ഇന്ധന നികുതിയിളവ്: കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.പി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
കണ്ണൂരിന് മാത്രമായി 28ശതമാനത്തില്‍നിന്ന് ഒരുശതമാനമായി ഇന്ധന നികുതി കുറച്ചത് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തും. ഉന്നതതലങ്ങളില്‍ വിവിധ ഇടപെടലുകള്‍ നടത്തി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്. ഈ അവസരത്തിലാണ് സംസ്ഥാന സര്‍ക്കാറില്‍നിന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി നിവേദനത്തില്‍ പറയുന്നു.
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ തമ്മില്‍ വലിയ ദൂരമില്ല. ഇതിനാല്‍ കണ്ണൂരിലെ ഇന്ധന നികുതി കോഴിക്കോട് വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വിസുകളെ കാര്യമായി ബാധിക്കും, കോഴിക്കോടുനിന്നുള്ള യാത്രക്കാരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഈ സാഹചര്യത്തില്‍ കണ്ണൂരിന് നല്‍കിയ നികുതിയിളവ് അടുത്ത പത്തു വര്‍ഷത്തേക്ക് കരിപ്പൂര്‍ വിമാനത്താവളത്തിനു കൂടി നല്‍കണം.
കണ്ണൂര്‍ വിമാനത്താവളം പൊതുസ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരിപ്പൂര്‍ പൂര്‍ണമായും പൊതുമേഖലയിലുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏതു വിധേനയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് പൊതുനയമായതിനാല്‍ നികുതിയിളവ് നല്‍കാന്‍ ഇടപെടലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."