അഴീക്കോട്ടെ തിരിച്ചടിക്ക് ലീഗിന് കൊടുവള്ളിയിലൂടെ പിടിവള്ളി
#ടി.കെ ജോഷി
കോഴിക്കോട്: അഴീക്കോട്ടെ കെ.എം ഷാജി എം.എല്‍.എയുടെ അയോഗ്യതാ ഉത്തരവിലൂടെ അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയില്‍ നിന്ന് കൊടുവള്ളി മുസ്‌ലിം ലീഗിന് പിടിവള്ളിയാകുന്നു. അഴീക്കോടിലെ തെരഞ്ഞെടുപ്പു വിജയത്തേക്കാള്‍ ലീഗ് രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്തതായിരുന്നു കൊടുവള്ളിയില്‍ കാരാട്ട് റസാഖിന്റെ വിജയം. കൊടുവള്ളി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ഒരു 'വിമത ലീഗ്് നേതാവ്' തന്നെ വേണമെന്ന സി.പി.എമ്മിന്റെ തിരിച്ചറിവാണ് കാരാട്ട് റസാഖിന്റെ സ്ഥാനാര്‍ഥിത്വം. ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന റസാഖ് സ്ഥാനം രാജിവച്ച് ഇടതു സ്വതന്ത്രനായി തെരഞ്ഞെടുപ്പ് പോരിനിറങ്ങുകയായിരുന്നു. 573 വോട്ടിനാണ് ലീഗിലെ എം.എ റസാഖ് മാസ്റ്ററെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് പരാജയപ്പെടുത്തിയയ്. ഈ വിജയത്തിലൂടെ തകര്‍ന്ന ആത്മവിശ്വാസമാണ് കോടതി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതിലൂടെ ലീഗിന് തിരിച്ചുവന്നിരിക്കുന്നത്.
വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അഴീക്കോട്ടെ ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഇക്കഴിഞ്ഞ നവംബര്‍ 9ന് ഹൈക്കോടതി റദ്ദ് ചെയ്തത്. എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി. ഈ വിധിക്കെതിരേ സ്്‌റ്റേ വാങ്ങിയ കെ.എം ഷാജി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നാണ് വര്‍ഗീയ പരാമര്‍ശമുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതെന്നായിരുന്നു പൊലിസ്് തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നത്. എന്നാല്‍ ചില സി.പി.എം പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ പൊലിസ് സ്്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഷാജി ആരോപിക്കുന്നത്. കൃത്രിമമായി തനിക്കെതിരേ പൊലിസ് തെളിവുകള്‍ ഉണ്ടാക്കിയെന്ന ഷാജിയുടെ പരാതിയും ഇപ്പോള്‍ കോടതിക്കു മുന്‍പിലുണ്ട്.
എന്നാല്‍ ഒരു വോട്ടര്‍ നല്‍കിയ പരാതിയിലാണ് കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ള വിഡിയോകള്‍ പ്രചാരണ സമയത്ത്് പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.
ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുകയാണെങ്കിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. കാരാട്ട് റസാഖിന്റെ ജനകീയതയായിരുന്നു എല്‍.ഡി.എഫിനെ സ്ഥാനാര്‍ഥി പട്ടത്തിലേക്കെത്തിച്ചതെങ്കിലും ഹവാല ഇടപാടുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ പ്രതിച്ഛായക്ക് ഏറെ മങ്ങലേറ്റ് നില്‍ക്കുമ്പോഴാണ് അയോഗ്യനാക്കികൊണ്ടുള്ള ഈ ഉത്തരവ്. ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ കൊടുവള്ളിയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സി.പി.എമ്മിനും കാരാട്ട് റസാഖിനും ഗുണകരമായേക്കില്ല. ഇതാണ് ഇടതു കേന്ദ്രങ്ങളില്‍ കടുത്ത ആശങ്കക്കിടയാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."