തൊഴിൽ സംബന്ധിച്ച തർക്കം; സഊദിയിൽ അഞ്ചര മാസത്തിനിടെ വിധി പറഞ്ഞതു അര ലക്ഷത്തിലധികം കേസുകൾ
ജിദ്ദ: സഊദിയിൽ അഞ്ചര മാസത്തിനിടെ തൊഴിൽ സംബന്ധിച്ചുള്ള കേസുകളിൽ വിധി പറഞ്ഞത് അര ലക്ഷത്തിലധികം കേസുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ലേബർ കോടതികളും മറ്റു നഗരങ്ങളിൽ ജനറൽ കോടതികളോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ കേസുകൾക്കുള്ള പ്രത്യേക ബെഞ്ചുകളും 27,800 ലേറെ തൊഴിൽ കേസുകളിൽ വിധികൾ പ്രസ്താവിച്ചത്. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലത്ത് ദിവസേന ശരാശരി 172 തൊഴിൽ കേസുകളിൽ വീതം ലേബർ കോടതികൾ വിധി പ്രസ്താവിച്ചു. ഏറ്റവും കൂടുതൽ തൊഴിൽ കേസുകളിൽ തീർപ്പ് കൽപിച്ചത് മക്ക പ്രവിശ്യയിലാണ്.
വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ച തൊഴിൽ കേസുകളിൽ മുപ്പതു ശതമാനവും മക്ക പ്രവിശ്യയിലാണ്. ഇവിടെ 8368 തൊഴിൽ കേസുകളിൽ വിധികൾ പ്രസ്താവിച്ചു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 5654 തൊഴിൽ കേസുകളിലും മൂന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 5368 തൊഴിൽ കേസുകളിലും അഞ്ചര മാസത്തിനിടെ ലേബർ കോടതികളും ബെഞ്ചുകളും വിധികൾ പ്രസ്താവിച്ചു. മദീനയിൽ 3421 ഉം അൽഖസീമിൽ 1278 ഉം അസീറിൽ 1139 ഉം തൊഴിൽ കേസുകളിലും ഇക്കാലയളവിൽ വിധികൾ പ്രസ്താവിച്ചു.
തൊഴിൽ കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നതിന് ലക്ഷ്യമിട്ട് സമീപ കാലത്താണ് സഊദിയിൽ തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിച്ചത്. ഇതിനു മുമ്പ് ലേബർ ഓഫീസുകളിലെ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. ലേബർ കോടതികളിലെത്തുന്ന കേസുകളുടെ ആധിക്യം കുറക്കുന്നതിന് ലക്ഷ്യമിട്ട് ഏതാനും വ്യവസ്ഥകൾ ബാധകമാക്കിയിട്ടുണ്ട്.
തൊഴിൽ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ലേബർ ഓഫീസുകൾക്കാണ് ആദ്യം നൽകേണ്ടത്. ഇത്തരം പരാതികളിൽ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിന് ലേബർ ഓഫീസുകൾ ശ്രമിക്കും. നിശ്ചിത സമയത്തിനകം രമ്യ പരിഹാരം കാണുന്നതിന് സാധിക്കാത്ത പരാതികൾ ലേബർ ഓഫീസിൽ നിന്ന് കോടതികൾക്ക് സമർപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."