അരലക്ഷത്തില്‍താഴെ സീറ്റുകളിലേക്ക് ഒരുലക്ഷത്തിലധികം അപേക്ഷകര്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ കോഴ്‌സിന് അരലക്ഷത്തില്‍ താഴെയുള്ള മെറിറ്റ് സീറ്റുകളിലേക്ക് ഒരു ലക്ഷത്തിലധികം അപേക്ഷകര്‍. സര്‍വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്കാണ് ഏകജാലക സംവിധാനം വഴി 1,11,919 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 272 കോളജുകളിലെ 45,000ത്തോളം മെറിറ്റ് സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നടത്തുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി 1,14,673 പേര്‍ ഫീസടച്ചിരുന്നു.
സര്‍വകലാശാല സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം അപേക്ഷരുള്ളത്. 32,304 വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നടത്തി. മറ്റുജില്ലകളില്‍ കോഴിക്കോട്(26,237), തൃശൂര്‍(22,536), പാലക്കാട്(20,425), വയനാട്(6,066), കണ്ണൂര്‍(2,334) എന്നിങ്ങനെയാണ് അപേക്ഷകരുള്ളത്. മലബാറിനു പുറത്തുള്ള ജില്ലകളില്‍ നിന്ന് നാമമാത്ര അപേക്ഷരാണുള്ളത്. 43,237 മുസ്‌ലിം വിദ്യാര്‍ഥികളും 24,135 ഈഴവ വിദ്യാര്‍ഥികളും 11,007 എസ്.സി വിദ്യാര്‍ഥികളും 1,118 എസ്.ടി വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പ്ലസ്ടു പരീക്ഷയില്‍ എഴുപത് ശതമാനത്തിലധികം മാര്‍ക്ക് നേടിയ 65,765 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 8,979 വിദ്യാര്‍ഥികളും 80നും 90നും ഇടയ്ക്ക് മാര്‍ക്ക് നേടിയ 23,602 പേരും 70 നും 80 നും ഇടക്കു മാര്‍ക്ക് നേടിയ 33,186 വിദ്യാര്‍ഥികളും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചുണ്ട്.
അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്ക് കോളജുകളില്‍ പ്രത്യേകം അപേക്ഷ നല്‍ണമെന്നാണ് നിര്‍ദേശം. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പട്ടിക സര്‍വകലാശാല തയാറാക്കി നല്‍കും.
അഫ്ദലുല്‍ ഉലമ പ്രിലിമിനറി ഫലം വൈകിയതിനെ തുടര്‍ന്നാണ് 31 ന് അവസാനിക്കാനിരുന്ന ഡിഗ്രി ഏകജാലക ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ ഞായറാഴ്ച വരെ ദീര്‍ഘിപ്പിച്ചത്. ഇവരെ കൂടി പരിഗണിച്ച് 16 നോ 17 നോ ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. തുടര്‍ന്ന് രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓപ്ഷന്‍ മാറ്റുന്നതിനുള്ള സമയം ലഭിക്കും.
ഇതിനു ശേഷം 22 ന് ആദ്യ അലോട്ട്‌മെന്റ് നടത്താനാകുമെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. അഞ്ചു ഘട്ടങ്ങളിലായി അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍വകലാശാല പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്രവേശന നടപടികള്‍ വൈകുന്നതിനനുസരിച്ച് ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കുന്നതും വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."