പൊലിസ് നയം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പൊലിസ് ആസ്ഥാനത്ത് ഇടതുസര്‍ക്കാരിന്റെ പൊലിസ് നയം പ്രഖ്യാപിക്കും. പൊലിസിലെ ക്രിമിനലുകളെയും അഴിമതി ആരോപണമുള്ളവരെയും ക്രമസമാധാനപാലനത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നതും പൊലിസിനു പുതിയ മുഖം നല്‍കുന്നതുമായ നയമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഭ്യന്തര അഡിഷണല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരിക്കുന്നത്. ഏതു പാതിരാത്രിയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്ന ഇടമായിരിക്കും ഇനി പൊലിസ് സ്‌റ്റേഷനുകളെന്നു നയത്തില്‍ പറയുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനമൈത്രി പൊലിസ് സ്‌റ്റേഷനുകള്‍ ആയിരിക്കും ഇനി സംസ്ഥാനം മുഴുവന്‍ ഉണ്ടാകുക.
പ്രധാനമായും സ്ത്രീ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കായി വനിതാ ബറ്റാലിയനെ നിയമിക്കും. മൊത്തം പൊലിസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാ പൊലിസിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കും. ഏതുസമയത്തും നിര്‍ഭയരായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും പൊലിസ് പട്രോളിങ്ങ് സംവിധാനം കാര്യക്ഷമമാക്കുക. ക്രമസമാധാന ചുമതലയില്‍ നിയമിക്കുന്ന പൊലിസുകാര്‍ക്ക് മാനദണ്ഡം കൊണ്ടു വരും. ഡ്യൂട്ടി സമയത്ത് മദ്യപാനം, ക്രിമിനലുകളുമായുള്ള സൗഹൃദം, സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറല്‍ എന്നിവ കണ്ടെത്തിയാല്‍ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള നടപടിയെടുക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകരാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലായെന്നും ഇന്ന് പിണറായി നയത്തില്‍ വ്യക്തമാക്കും. പൊലിസില്‍ അച്ചടക്കം കാത്തുസൂക്ഷിക്കണം. രാഷ്ട്രീയപ്രവര്‍ത്തനമോ രാഷ്ട്രീയ ഇടപെടലോ പാടില്ല. കൈക്കൂലി വച്ചുപൊറുപ്പിക്കില്ല. പൊലിസില്‍ വര്‍ഗീയപ്രീണനം അനുവദിക്കില്ലെന്നും നയത്തില്‍ പറയുന്നു. പൊലിസ് ലോക്കപ്പുകളില്‍ മനുഷ്യാവകാശധ്വംസനം നടത്താന്‍ അനുവദിക്കില്ല. അങ്ങനെയുണ്ടായാല്‍ സര്‍വിസില്‍ നിന്നു പിരിച്ചുവിടും.
ലോ ആന്‍ഡ് ഓര്‍ഡറും ക്രൈം ഇന്‍വെസ്റ്റിഗേഷനും വേര്‍തിരിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി എല്ലാ പൊലിസ് സ്റ്റേഷനിലും പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും നയത്തില്‍ പറയുന്നു. സംസ്ഥാനത്ത് വ്യവസായസംരക്ഷണ സേന രൂപീകരിക്കുന്നതിനുവേണ്ട നടപടി ആരംഭിക്കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കിയ പൊലിസ് വിഭാഗം രൂപീകരിക്കും.
ട്രാഫിക് പിഴ ഈടാക്കുന്നത് ഇലക്ട്രോണിക് സംവിധാനംവഴിയാക്കിയും കാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും. പൊലിസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിങ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പാക്കണമെന്നും നയത്തില്‍ പറയുന്നു. കമാന്‍ഡോ വിഭാഗം, ആഭ്യന്തരസുരക്ഷാ ഇന്റലിജന്‍സ് വിഭാഗം, ആഭ്യന്തരസുരക്ഷാ അന്വേഷണവിഭാഗം എന്നിവ സംയോജിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യാനുള്ള ശേഷി പൊലിസ് സേനയില്‍ സൃഷ്ടിക്കും. ജയിലുകളില്‍ ആധുനികവല്‍ക്കരണം നടപ്പാക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വിസിനെ നവീകരിക്കുകയും സേനയുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. അര്‍ധസൈനിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഹോം ഗാര്‍ഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടലുകളെക്കുറിച്ചും നയത്തില്‍ പരാമര്‍ശമുണ്ട്.
- ക്രൈംബ്രാഞ്ചിന് പുതിയ മുഖം
സംസ്ഥാനത്തെ ക്രൈം ബ്രാഞ്ചിനെ അടിമുടി ഉടച്ചു വാര്‍ത്ത് എറ്റവും നല്ല കുറ്റാന്വേഷണ സംഘമാക്കും. കേന്ദ്രത്തിലെ സി.ബി.ഐ, എന്‍.ഐ.എ മോഡലിലായിരിക്കും പരിഷ്‌കരിക്കുക. ഇതിന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. ഇപ്പോഴത്തെ പഴഞ്ചന്‍ അന്വേഷണ സംവിധാനം മാറ്റി കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി കണ്ടു പിടിക്കാനുള്ള സൗകര്യം ഒരുക്കും. ഫോറന്‍സിക് വിഭാഗത്തെ ശക്തിപ്പെടുത്തും. ഇതിനായി ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും. - വിജിലന്‍സ് സ്വതന്ത്രമാക്കും
വിജിലന്‍സിനെ കൂടുതല്‍ സുതാര്യമാക്കാനും ജനപങ്കാളിത്തത്തോടെ അഴിമതിതടയാനുമുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിക്കും. അഴിമതി ആരു നടത്തിയാലും അത് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
വിജിലന്‍സ് കേസുകളിലെ അന്വേഷണം അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ കര്‍മപദ്ധതിയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും.- ഇനി ജിഷമാരുണ്ടാകരുത്
പൊലിസിന് കാലാന്തരമായ മാറ്റങ്ങള്‍ ഉണ്ടാകണം. പൊലിസ് തലപ്പത്തുമുതല്‍ താഴെ കോണ്‍സ്റ്റബിള്‍ വരെ മാറ്റം പ്രകടമാകണം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ കേരള പൊലിസിന്റെ മഹിമ ലോകം ചര്‍ച്ച ചെയ്യണം. അതിന് എല്ലാ ഉദ്യോഗസ്ഥരും സത്യസന്ധമായി തങ്ങളുടെ കടമ നിറവേറ്റണം. പൊലിസിന്റെ ഭാഗത്തഴനിന്ന് ഒരു പേരുദോഷവും ഉണ്ടാകാന്‍ പാടില്ല. ഇനി കേരളത്തില്‍ ജിഷമാരുണ്ടാകരുത്. എല്ലാ മാസവും ഒരോ സ്‌റ്റേഷന്റെയും റിപ്പോര്‍ട്ട് പൊലിസ് ആസ്ഥാനത്ത് ലഭിച്ചിരിക്കണം. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംഘത്തെയും നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."