ദാദ്രി: അഖ്ലാക്കിന്റെ കുടുംബത്തിനെതിരായ കേസ് മാറ്റി
നോയിഡ: പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക്കിന്റെ കുടുംബത്തിനെതിരായി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുന്നതു കോടതി മാറ്റി. നോയിഡയിലെ ഒരു കോടതിയാണ് കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റിയത്.
അഖ്ലാക്കും മകനും പശുവിനെ മര്‍ദിക്കുന്നതു കണ്ടതായി ചിലര്‍ നല്കിയ പരാതിയാണ് അവരുടെ കുടുംബത്തിനെതിരായി കേസെടുക്കാന്‍ പൊലിസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29നാണ് അഖ്ലാക്കിനും മകന് ഡാനിഷിനുമെതിരായ കേസിനാസ്പദമായ സംഭവം. ഇരുവരും ചേര്‍ന്ന് ഒരു പശുക്കുട്ടിയെ മര്‍ദിക്കുന്നതു രണ്ടു ഗ്രാമീണര്‍ കണ്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പശുക്കളെ കൊല്ലുന്നതും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതുമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.
തന്റെ ഉടമസ്ഥതയിലുള്ള പശുക്കുട്ടി ജനങ്ങളെ അക്രമിക്കുന്നതു കണ്ടതോടെ ഇതിനെ പിടിച്ചു സഹോദരനായ ജാന്‍ മുഹമ്മദിന്റെ വീട്ടില്‍ കെട്ടിയിടുകമാത്രമാണ് ചെയ്തതെന്നു സംഭവത്തെ തുടര്‍ന്നു മുഹമ്മദ് അഖ്ലാക്ക് പൊലിസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ജാന്‍ മുഹമ്മദിന്റെ വീട്ടില്‍ ഈ പശുക്കുട്ടിയെ ജാന്‍ മുഹമ്മദ് കൊല്ലുന്നതായി കണ്ടുവെന്നു ഗ്രാമീണനായ പ്രേംസിങ് മൊഴി നല്കിയതും പൊലിസ് തെളിവായി സ്വീകരിച്ചു.
തുടര്‍ന്ന് ഇവരുടെ വീട്ടില്‍നിന്നു പശുവിറച്ചി കണ്ടെടുത്തുവെന്നും പൊലിസ് പറയുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് അഖ്ലാക്കിനേയും മകന് ഡാനിഷിനേയും ജനങ്ങള്‍ മര്‍ദിച്ചത്. ഈ സംഭവത്തിലാണ് അഖ്ലാക്ക് മരിച്ചതെന്നാണ് പൊലിസ് പറയുന്നത്. കേസിന്റെ വിചാരണ ജൂലൈ നാലിനു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."