'നവകേരളം ചിരികേരളം' മെഗാഷോ നാളെ
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മേല്‍നോട്ടത്തില്‍ ശ്രദ്ധേയരായ ഹാസ്യ, നൃത്ത, സംഗീത രംഗത്തെ കലാപ്രതിഭകളെ അണിനിരത്തി സല്യൂട്ട് മലയാളം ഒരുക്കുന്ന നവകേരളം ചിരികേരളം മെഗാഷോയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായാണു കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ അണിനിരക്കുന്ന മെഗാഷോ സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം 100 വേദികളാണു ലക്ഷ്യമിടുന്നത്. ഓരോവേദിയില്‍ നിന്നു ബാക്കിവരുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുക എന്നതാണു ലക്ഷ്യം.
ദുരിതാശ്വാസ നിധിയിലേക്കുള്ള പ്രഥമ ഫണ്ട് സമര്‍പ്പണം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. പരിപാടിയുടെ മുദ്രഗാന ദൃശ്യാവിഷ്‌കാരത്തിന്റെ പ്രകാശനം പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെ പരിപാടിയില്‍ ആദരിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എം.ടി പ്രകാശന്‍, വി. രവീന്ദ്രന്‍, കെ.എം ഷാജി, സി.കെ സദാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."