കഞ്ചാവ് വില്‍പ്പന; മൊത്തക്കച്ചവടക്കാരന് പിടിയില്‍ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു
ചങ്ങനാശ്ശേരി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍ക്കു രഹസ്യമായി കഞ്ചാവു എത്തിച്ചുകൊടുത്തിരുന്ന മൊത്തക്കച്ചവടക്കാരന് അറസ്റ്റില്‍. എറണാകുളം ആലുവാ ഭാഗത്തു പുളിക്കല്‍ കിരണ്‍(22) നെയാണ് കോട്ടയം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ എം.കെ പ്രസാദ്, ചങ്ങനാശ്ശേരി റെയ്ഞ്ച് എസ്.ഐ ബിജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഇയാളില്‍നിന്നും ഒന്നരകിലോ കഞ്ചാവും പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയില്‍ കഞ്ചാവുമായി എത്തുന്നുണ്ടെന്നുരഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാത്തില്‍ കാത്തുനിന്ന എക്സൈസ് സംഘം വാഴൂര്‍ ബസ്സ്റ്റാന്റില് ഇയാള്‍ എത്തിയപ്പോഴാണ് പിടിയിലാവുന്നത്.
തമിഴ്നാടു സ്വദേശിയായ അക്ക എന്നു വിളിക്കുന്ന സ്ത്രീ എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവു എത്തിച്ചുകൊടുക്കുകയും അവിടെനിന്നുമാണ് കഞ്ചാവ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നതെന്നും ഇയാള്‍ എക്സൈസിനോട് പറഞ്ഞു. ഫെബ്രുവരി അവസാനവാരം പത്തു കിലോ കഞ്ചാവ് അവരില്‍ നിന്നും വാങ്ങിയതായും ഒമ്പതു കിലോയോളം വിവിധ കച്ചവടക്കാര്‍ക്കു വില്പന നടത്തിയതായും ബാക്കിവന്നതു ആലപ്പുഴയിലുള്ള ഒരാള്‍ക്കു കച്ചവടം ഉറപ്പിച്ചശേഷം കൊണ്ടുവരികായിരുന്നുവെന്നും പ്രതി പറഞ്ഞു. കഞ്ചാവു കച്ചവടക്കാര്‍ക്കിടയില്‍ സേട്ടു എന്ന പേരിലാണ് ഇയാള്അറിയപ്പെട്ടിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷെറീഫ, പ്രിവന്റീവ് ഓഫിസര്‍മാരായ സജികുമാര്‍, രാജേഷ് വിനോദ്, ശ്രീകുമാര്‍, സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റ്റി സന്തോഷ്, ലാലു തങ്കച്ചന്, കെ. ഷിജു, രതീഷ് കെ നാണു, ആര്.കെ രാജീവ്, എസ് ഉണ്ണിക്കൃഷ്ണന് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."