എയര്‍ഇന്ത്യ എട്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് സര്‍വിസ് നടത്തും
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്ന് ഈവര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കരിപ്പൂര്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഏഴ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സഊദി എയര്‍ലൈന്‍സും നെടുമ്പാശ്ശേരി ഉള്‍പ്പടെ ഏഴെണ്ണത്തില്‍ നിന്ന് ഫ്ളൈനാസും ശേഷിക്കുന്ന എട്ട് പോയിന്റുകളില്‍ നിന്ന് എയര്‍ഇന്ത്യയും സര്‍വിസ് നടത്തും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഈ മൂന്ന് വിമാന കമ്പനികള്‍ മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. കേരളം ഉള്‍പ്പടെ 22 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹജ്ജ് സര്‍വിസുകള്‍ നടത്തേണ്ടത്. ഓരോ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയവര്‍ക്കാണ് ഹജ്ജ് സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചത്.
കരിപ്പൂരിന് പുറമെ മുംബൈ, ബംഗളൂരു, ഡല്‍ഹി, അഹമ്മദാബാദ്,നാഗ്പൂര്‍,ലഖ്നൗ എന്നീ ഏഴ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സര്‍വിസ് നടത്താനാണ് സഊദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചത്. നെടുമ്പാശ്ശേരിക്ക് പുറമെ ഔറംഗാബാദ്,ഭോപ്പാല്‍, ഗുവാഹത്തി,റാഞ്ചി,വാരണാസി, ജയ്പൂര്‍ എന്നീ ഏഴിടങ്ങളില്‍ നിന്ന് സഊദി വിമാന കമ്പനിയായ ഫ്ളൈനാസും സര്‍വിസ് നടത്തും.
ഗയ, ഹൈദരാബാദ്, വിജയവാഡ, മംഗളൂരു, ഗോവ, ചെന്നൈ, കൊല്‍ക്കത്ത, ശ്രീനഗര്‍ എന്നീ എട്ടിടങ്ങളില്‍ നിന്നാണ് എയര്‍ഇന്ത്യയുടെ ഹജ്ജ് സര്‍വിസുകള്‍. രാജ്യത്തുനിന്ന് 1,25,025 പേരാണ് ഈ വര്‍ഷം വിവിധ ഹജ്ജ് കമ്മിറ്റികള്‍ വഴി തീര്‍ഥാടനത്തിന് പോകുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ജൂണ്‍ 22 മുതലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് 10,834 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍സും നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ഇന്ത്യയുമാണ് സര്‍വിസ് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."