മൂന്നര ലക്ഷം ചതുരശ്രമീറ്റര്‍ ശുചീകരിക്കാന്‍ വെറും 55 മിനുറ്റ്; ശുചിത്വത്തിന്റെ പര്യായമായി ഹറം കാര്യവിഭാഗം
മക്ക/മദീന: റമദാനില്‍ ഒഴുകിയെത്തുന്ന വിശ്വാസലക്ഷങ്ങള്‍ക്കിടയിലും വൃത്തിയുടെ കാര്യത്തില്‍ ഹറമില്‍ പുലര്‍ത്തുന്ന കണിശത ഏവരെയും ആശ്ചര്യപ്പെടുത്തും. വിവിധ സൗകര്യങ്ങളോട് കൂടിയ മികച്ചയിനം ക്ലീനിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹറം പള്ളി മുഴുവനായി മിനിട്ടുകള്‍ക്കകം വൃത്തിയാക്കുന്നതിലൂടെ ഹറം കാര്യവിഭാഗം ശുചീകരണത്തില്‍ വച്ചു പുലര്‍ത്തുന്ന കണിശത വിളിച്ചോതുന്നു. വിശ്വാസികളുടെ ആധിക്യം ഏറ്റവും കൂടുതലുള്ള റമദാനിലും വിശ്വാസലക്ഷങ്ങള്‍ വിവിധങ്ങളായ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴും ആര്‍ക്കും യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സംഘടിതമായി നടത്തുന്ന ശുദ്ധീകരണ പ്രക്രിയ ആരെയും അതിശയപ്പെടുത്തുന്നതാണ്.
മൂന്നര ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹറം പള്ളിയുടെ ഉള്‍ഭാഗവും 20,000ത്തോളം ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള മത്വാഫ് (കഅബ പ്രദക്ഷിണ ഭാഗം) ഉള്‍പ്പെടെയുള്ള ഭാഗങ്ങളും ശുചിയാക്കാന്‍ ആകെ എടുക്കുന്നത് വെറും ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ്. നോമ്പ് തുറ കഴിഞ്ഞ് മഗ്‌രിബ് പ്രാര്‍ഥനയും കഴിഞ്ഞ് ഇഷാ നിസ്‌കാരത്തിനു മുന്നോടിയായായി വെറും 55 മിനുറ്റ് കൊണ്ട് ഇത്രയും വിശാലമായ ഭാഗം ശുചീകരിക്കുന്നത്. 5,000 ചതുരശ്ര മീറ്റര്‍ സ്ഥലം കഴുകാന്‍ 400 ലിറ്റര്‍ വെള്ളം മാത്രമാണു ഉപയോഗിക്കുന്നത്.
പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമായി റമദാനില്‍ ദിവസവും 98 ടണ്‍ മാലിന്യമാണു നീക്കം ചെയ്യുന്നത്. ഇതില്‍ 60 ശതമാനവും ഈശാഅ് നമസ്‌കാരത്തിനു മുന്‍പു നിര്‍മാര്‍ജനം ചെയ്യും. മിനിറ്റില്‍ ഒരു ടണ്‍ മാലിന്യം എന്ന തോതിലാണു നിര്‍മാര്‍ജനം നടത്തുന്നത്. ഹറമുകള്‍ക്ക് മാത്രമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചുരുങ്ങിയ സമയം കൊണ്ട് 245 ലിറ്റര്‍ മാലിന്യം വരെ ശേഖരിക്കുന്ന ശുചീകരണ വാഹനങ്ങളാണ് ഇതിനായി ഇവിടെ ഉപയോഗിക്കുന്നത്.
മദീനയിലും കണിശമായ നിലപാടാണ് വൃത്തിയുടെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. 24 മണിക്കൂറും 1320 ആളുകളാണ് ഇവിടെ ക്ലീനിംഗ് വിഭാഗത്തില മാത്രം ജോലിയെടുക്കുന്നത്. കൂടാതെ 200 വനിതാ ജീവനക്കാരും ഇവിടെയുണ്ട്. പ്രത്യേകതരത്തിലുള്ള 300 ക്ലീനിംഗ് വാഹനങ്ങളും സജ്ജമാണ്. ഒരു ദിവസം ഏകദേശം 45 ടണ്‍ മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്യുന്നത്. മദീനയിലെ മസ്ജിദുന്നബവി മൊത്തത്തില്‍ ശുചീകരണതിനായി റമദാനില്‍ മാത്രമായി ഏകദേശം 5000 ത്തിലധികം ജോലിക്കാരാണുള്ളത്. റമദാന്‍ ആരംഭിച്ചു ഇത് വരെയായി ഇവിടെ നിന്നും 225 ടണ്‍ മാലിന്യങ്ങളാണ് നീക്കം ചെയ്തതെന്ന് മസ്ജിദുന്നബവി ശുചീകരണ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."