റാഫേല്‍: ഓരോ വിമാനത്തിനും 41 ശതമാനം അധികവില
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സില്‍നിന്നു റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവച്ച് പ്രമുഖ ദേശീയ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ഓരോ വിമാനത്തിനും 41.42 ശതമാനം അധികവില നല്‍കിയാണ് ഇന്ത്യ വാങ്ങിയതെന്ന് ദ ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിലക്കുറവിലൂടെ വിമാനങ്ങള്‍ സ്വന്തമാക്കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദവും വില രഹസ്യമാക്കണമെന്ന് കരാറില്‍ ഉണ്ടെന്നുള്ള വാദവും പൊള്ളയാണെന്നാണ് ദ ഹിന്ദു പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍. റാം എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് വാജ്‌പേയി സര്‍ക്കാരാണ് 126 വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അധികാരത്തിലേറിയ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഫ്രാന്‍സുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. ഇതുപ്രകാരം 2007ല്‍ വ്യോമസേനക്കു വേണ്ടി 126 വിമാനങ്ങള്‍ വാങ്ങാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു.
കുറഞ്ഞ ടെന്‍ഡര്‍ നിരക്കു രേഖപ്പെടുത്തിയത് ഫ്രഞ്ച് പ്രതിരോധ കമ്പനി ദസോള്‍ട്ട് ഏവിയേഷന്‍ ആയിരുന്നു. 18 വിമാനങ്ങള്‍ പൂര്‍ണമായി ഫ്രാന്‍സില്‍ നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയും ബാക്കിയുള്ളവ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു ധാരണ.
79.3 ദശലക്ഷം യൂറോ (ഏതാണ്ട് 64,000 കോടി രൂപ) ആയിരുന്നു യു.പി.എ കാലത്ത് വിമാനത്തിന് വില നിശ്ചയിച്ചത്. ഇതിനിടെ വ്യോമസേനയുടെ അഭ്യര്‍ഥനപ്രകാരം അധിക സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി 2011ല്‍ വിമാനവിലയില്‍ വര്‍ധനവ് ഏര്‍പ്പെടുത്തി. ഈ സമയത്തൊക്കെയും 126 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല.
2015 ഏപ്രിലില്‍ നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് കാലത്തെ ധാരണയില്‍ മാറ്റമുണ്ടായത്. ഇതുപ്രകാരം 126 യുദ്ധ വിമാനങ്ങള്‍ എന്നത് 36 ആയി. ഇതാവട്ടെ, യു.പി.എയുടെ ധാരണയ്ക്ക് വിരുദ്ധമായി വിമാനങ്ങളുടെ മുഴുവന്‍ നിര്‍മാണവും ഫ്രാന്‍സില്‍നിന്ന് പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിക്കുന്ന വിധത്തിലും. ഈ പരിഷ്‌കരിച്ച കരാറിലാണ് 2007ലേതിനെക്കാള്‍ ഓരോ വിമാനത്തിനും 42.42 ശതമാനം അധിക വിലനല്‍കുന്നതിന് തീരുമാനമായത്.
2007ല്‍ ഉറപ്പിച്ച വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. സൗകര്യങ്ങള്‍ കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി 2011ല്‍ വില 100.85 ദശലക്ഷമായി. 2016ല്‍ 36 ജെറ്റ് വിമാനങ്ങളുടെ വിലയില്‍ ഒന്‍പതു ശതമാനം വിലക്കുറവ് നേടി ഒരു വിമാനത്തിന്റെ വില 97.75 ദശലക്ഷമാക്കിയെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ ഈ അവകാശവാദം പൊള്ളയാണെന്ന് ദ ഹിന്ദു ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ വിലയ്ക്ക് പുറമെ ഇന്ത്യക്കായുള്ള പ്രത്യേക രൂപകല്‍പ്പനക്കായി (ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) 130 കോടി യൂറോ (ഏകദേശം 10,547 കോടി രൂപ) അധികം നല്‍കാനുളള തീരുമാനം മറച്ചുവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇത് ഓരോ വിമാനത്തിന്റെ വിലയിലും 42 ശതമാനം (ഏകദേശം 36.11 ദശലക്ഷം) വര്‍ധനവിന് ഇടയാക്കി.
അതേസമയം പ്രത്യേക രൂപകല്‍പ്പനക്കായി 130 കോടി യൂറോ ദസോള്‍ട്ടിന് അധികമായി നല്‍കാനുള്ള തീരുമാനത്തെ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന നാല് ഉദ്യോഗസ്ഥര്‍ അനുകൂലിച്ചപ്പോള്‍ മൂന്ന് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിരുന്നതായും ഹിന്ദു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റാഫേല്‍ വിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നുവെങ്കിലും വിലയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."