ഇദ്‌ലിബ്: സിറിയന്‍ സര്‍ക്കാരിന് തുര്‍ക്കിയുടെ താക്കീത്
അങ്കാറ: ഇദ്‌ലിബില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സിറിയന്‍ സര്‍ക്കാരിനു മുന്നറിയിപ്പും താക്കീതുമായി തുര്‍ക്കി. ഏതെങ്കിലും ഒരു തുര്‍ക്കി സൈനികനു നേരെ ഇനി ആക്രമണമുണ്ടായാല്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ എവിടെവച്ചും ആക്രമിക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ വ്യക്തമാക്കിയത്.
ഇന്നലെ തുര്‍ക്കി പാര്‍ലമെന്റില്‍ സംസാരിക്കവേയായിരുന്നു ഉര്‍ദുഗാന്റെ പ്രഖ്യാപനം. ഫെബ്രുവരി അവസാനത്തോടെ തുര്‍ക്കി സിറയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ കടന്നുകയറ്റങ്ങള്‍ ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ച അദ്ദേഹം, അതിനു കരമാര്‍ഗമോ വ്യോമമാര്‍ഗമോ നീങ്ങാന്‍ മടിക്കില്ലെന്നും വ്യക്തമാക്കി.
റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരുമായുള്ള കരാറിനെ തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്ത് തുര്‍ക്കി 2018ല്‍ 12 നിരീക്ഷണ പോസ്റ്റുകള്‍ നിര്‍മിച്ചിരുന്നു. ഇതു ലംഘിച്ച് കഴിഞ്ഞ മാസം അവസാനത്തില്‍ സിറിയന്‍ സൈന്യം ഇദ്‌ലിബിലേക്കു പ്രവേശിച്ചതിനെ തുടര്‍ന്ന് അവിടെ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പ്രതികരണം.
ഈ മാസം മാത്രം സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇദ്‌ലിബില്‍ 13 തുര്‍ക്കി സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനു വലിയ വില നല്‍കേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. ഇദ്‌ലിബില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം സിറിയയെ അറിയിച്ചിട്ടുണ്ട്.
റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ഇദ്‌ലിബ് പ്രവിശ്യയിലെ അവസാന വിമത ശക്തികേന്ദ്രങ്ങളിലും സമീപത്തെ ഹലബിന്റെ ചില ഭാഗങ്ങളിലും ആഴ്ചകളായി ആക്രമണം നടത്തിവരികയാണ്.
ഇതിനെ തുടര്‍ന്ന് ഏഴു ലക്ഷം പേര്‍ പലായനം ചെയ്‌തെന്നും നിരവധി സിവിലിയന്മാന്‍ കൊല്ലപ്പെട്ടെന്നുമാണ് യു.എന്‍ കണക്ക്. ആക്രമണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇദ്‌ലിബിനെ ഡീ എസ്‌കലേഷന്‍ സോണ്‍ ആക്കി മാറ്റാന്‍ തുര്‍ക്കിയും റഷ്യയും 2018 സെപ്റ്റംബറില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇത് മറികടന്നാണ് സിറിയന്‍ സര്‍ക്കാരും സഖ്യകക്ഷികളും ആക്രമണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."