സംസ്ഥാനത്ത് പാല്‍ക്ഷാമം ദിനംപ്രതി രണ്ട് ലക്ഷം ലിറ്ററിന്റെ കുറവ്
സ്വന്തം ലേഖിക
കൊച്ചി: പശുക്കളില്‍ വൈറസ് ബാധ വ്യാപകമായതോടെ സംസ്ഥാനത്ത് പാല്‍ ക്ഷാമമുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ പി.ബാലന്‍ മാസ്റ്റര്‍. ദിനംപ്രതി ഏകദേശം പന്ത്രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ സംഭരണമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ പതിനാലര ലക്ഷം ലിറ്റര്‍ പാലാണ് ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാരകമായ വൈറസ് രോഗമാണ് പശുക്കളില്‍ കണ്ടുതുടങ്ങിയിരിക്കുന്നത്.
പാല്‍ക്ഷാമം പരിഹരിക്കാന്‍ നടപടികൈക്കൊള്ളാന്‍ ഇന്ന് മില്‍മയുടെ സംസ്ഥാനതലത്തിലുള്ള ഹൈപവര്‍ കമ്മിറ്റി തിരുവനന്തപുരത്ത് കൂടും. മൂന്ന് മേഖലാ യൂനിയനുകളുടെ ചെയര്‍മാന്‍മാരും എം.ഡിമാരും യോഗത്തില്‍ പങ്കെടുക്കും. നിലവില്‍ രണ്ട് ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. സാധാരണ ഗതിയില്‍ പ്രതിദിനം 75,000 മുതല്‍ ഒരു ലക്ഷം ലിറ്ററിന്റെ വരെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് മറ്റ് ഫെഡറേഷനുകളില്‍ നിന്ന് കിട്ടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഈ കുറവ് നികത്താന്‍ കര്‍ണാടകത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ ലഭിക്കുന്നതുകൊണ്ടുപോലും കഴിയുന്നില്ല. എന്നാല്‍ എത്രനഷ്ടം സഹിച്ചാലും ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നും പാല്‍ കൊണ്ടുവന്ന് ഉപഭോക്താവിനു നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. നിലവില്‍ കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മലബാര്‍ മേഖലയില്‍ നിന്നുമുള്ള പാല്‍ ഉപയോഗിച്ചാണ് തിരുവനന്തപുരം,കൊച്ചി മേഖലകളില്‍ ക്ഷാമം പരിഹരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുക്കളുടെ ശരീരത്തില്‍ നെല്ലിക്കപോലുള്ള മുഴയുണ്ടാകുകയും ഇവ പൊട്ടിയൊലിച്ച് വ്യാപകമാകുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാകുന്നത്. വൈറസ് ബാധയേറ്റ പശുക്കളുടെ കറവയും പൂര്‍ണമായും നിലയ്ക്കും. ഇത്തരം കര്‍ഷകരെ സഹായിക്കാന്‍ മില്‍മ കാലിത്തീറ്റയും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ പ്രതിരോധപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടക്കാതിരുന്നത് രോഗം പടരാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണവകുപ്പും മറ്റ് ഏജന്‍സികളും പ്രതിരോധനടപടികളുമായി രംഗത്തുണ്ട്. ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാലിത്തീറ്റകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞതവണ പാലിന്റെ വില നാല് രൂപ വര്‍ധിപ്പിച്ചപ്പോള്‍ 3.35 രൂപ കൃത്യമായി ക്ഷീരസഹകരണസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ ഒരു കര്‍ഷകന്‍പോലും ഇത് കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."