ഡി.ജി.പിക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എന്‍.എ.എക്ക് വിടണം: കെ.പി.എ മജീദ്
കോഴിക്കോട്: പൗരത്വ വിവേചനത്തിന് എതിരായ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജനം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സെന്‍സസിന്റെ മറവില്‍ എന്‍.പി.ആര്‍ പൂര്‍ത്തീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സഹായിക്കുന്ന സംസ്ഥാന ഭരണകൂട നീക്കം ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ മുന്നോട്ടു പോകുന്നത് ദൂര വ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. പൗരത്വ വിവേചന നിയമത്തിന് എതിരായ മുസ്്‌ലിം യൂത്ത് ലീഗ് അനിശ്ചിതകാല ഷഹീന്‍ബാഗ് സമരത്തിന്റെ പതിമൂന്നാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വ്വ മേഖലയിലും പരാജയമായ സര്‍ക്കാര്‍ ജനത്തിന്റെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചാണ് വൈകാരിക വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി മോദിയും അമിത്ഷായും ചര്‍ച്ചകള്‍ പോലുമില്ലാതെ നിയമങ്ങള്‍ ചുട്ടെടുക്കുകയാണ്. സുപ്രീം കോടതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച മുത്വലാക്കിനെ ക്രിമിനല്‍ കുറ്റമാക്കി നിയമം കൊണ്ടുവന്നതും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമെല്ലാം ഏകപക്ഷീയമായാണ്. ഒടുവില്‍ കൊണ്ടുവന്ന പൗരത്വ വിവേചന നിയമത്തിന് എതിരായ രാജ്യത്താകെ പ്രക്ഷോഭം ശക്തിപ്പെടുകയും ഷഹീന്‍ബാഗുകള്‍ ഉയരുകയുമാണ്.
പൊലീസും സംഘപരിവാറും തോക്കുകള്‍ കൊണ്ടാണ് ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലും പൊലീസിന്റെ നീക്കങ്ങള്‍ പലപ്പോഴും സംഘപരിവാര്‍ അനുകൂലമാണ്. കേരള പൊലീസ് കാവിവല്‍ക്കരിക്കപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്കിടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമര്‍ഹിക്കുന്നതാണ്. അത്യാധുനിക തോക്കുകളും ആയിരക്കണക്കിന് തിരകളും നഷ്ടപ്പെട്ടതിലും ഇക്കാര്യം മറച്ചുവെക്കാന്‍ വ്യാജന്‍ ചമച്ചതിലും ഡി.ജി.പിക്കെതിരെ യു.എ.പി.എ ചുമത്തി കേസ്സെടുത്ത് കേസ്സ് എന്‍.ഐ.എക്ക് കൈമാറണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലാണ് സി.എ.ജിയുടെ കണ്ടെത്തല്‍. കോടികളുടെ ഫണ്ടുകള്‍ ധൂര്‍ത്തടിച്ചും വകമാറ്റിയും തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന ഡി.ജി.പി പൊലീസ് സേനയെ അപ്പാടെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു. വെടിക്കോപ്പുകള്‍ കാണാതായി എന്നതിനെക്കാള്‍ ഇവ ആരിലേക്ക് എത്തിയെന്നതാണ് ആശങ്കയുയര്‍ത്തുന്നത്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന് പറയുന്ന പൊലീസ് സംസ്ഥാനത്ത് തീവ്രനിലപാടുളള സംഘടനകളെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ മനുഷ്യനെ കൊല്ലുന്ന പൊലീസില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ എവിടെയാണെത്തിയത് എന്നത് എന്‍.ഐ.യെ പോലുള്ള ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്.
എല്ലാ നിലക്കും പരാജയമായ ബഹ്്‌റയെ സ്വന്തം വ്യക്തി താല്‍പര്യം മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി സംരക്ഷിച്ചത്. ഇപ്പോഴും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനവും ഒളിച്ചുകളിയും ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും കെ.പി.എ മജീദ് ആരോപിച്ചു.
കൊല്ലം ജില്ലയിലെ പ്രവര്‍ത്തകരാണ് പതിമൂന്നാം ദിന സമരത്തിന് നേതൃത്വം നല്‍കിയത്. മുസ്്‌ലിം യൂത്ത്‌ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. കാര്യറ നസീര്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, കെ.പി.സി.സി ജനറല്‍ സെക്രട്ടരി അഡ്വ. കെ. പ്രവീണ്‍കുമാര്‍, എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്്മത്തുള്ള, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, മുസ്്‌ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫീക്കര്‍ സലാം, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, സജ്ജാദ് (വിസ്ഡം), മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പ, മുസ്‌ലിം യൂത്തലീഗ് സംസ്ഥാന ഭാരവാഹികളായ പി ഇസ്മായില്‍, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി സംസാരിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി എ സദഖത്തുള്ള സ്വാഗതവും സെക്രട്ടറി നിയാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."