അസമിലെ എന്‍.ആര്‍.സി പട്ടിക അപ്രത്യക്ഷമാകല്‍: മുന്‍ ജീവനക്കാരിക്കെതിരേ കേസ്
എന്‍.ആര്‍.സി സംസ്ഥാന കോ-ഓഡിനേറ്ററായിരുന്ന പ്രതീക് ഹജേലയ്‌ക്കെതിരേയും കേസെടുത്തു
ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതില്‍ മുന്‍ ജീവനക്കാരിക്കെതിരേ പൊലിസ് കേസെടുത്തു. രേഖകള്‍ സൂക്ഷിക്കുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരി രാജിവച്ചുപോവുമ്പോള്‍ പാസ്‌വേര്‍ഡ് കൈമാറിയിരുന്നില്ലെന്നാണ് കേസ്.
എന്‍.ആര്‍.സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ എന്‍.ആര്‍.സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ചന്ദന മഹന്ത മുന്‍ പ്രൊജക്ട് മാനേജര്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. വിവരങ്ങള്‍ സൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് വിവരങ്ങള്‍ അപ്രത്യക്ഷമാകാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണം. ക്ലൗഡ് സ്റ്റോറേജില്‍ ഡാറ്റ സൂക്ഷിക്കുന്നതിന് വിപ്രോയുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചെന്ന് അധികൃതര്‍ പറയുന്നു. ഇത് പുതുക്കാത്തതാണ് ഡാറ്റ അപ്രത്യക്ഷമാവാന്‍ കാരണമത്രേ.
എന്‍.ആര്‍.സി സംസ്ഥാന കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രതീക് ഹജേലയെ സുപ്രിം കോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റിയതിനെ തുടര്‍ന്നാണ് കമ്പനിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ വന്നത്.
ഈ ഉദ്യോഗസ്ഥന്‍ സ്ഥലംമാറിയതിനു പിന്നാലെ ജീവനക്കാരി രാജിവയ്ക്കുകയും ചെയ്തു. പോവുന്നതിന് മുമ്പ് ഇവര്‍ ഇമെയില്‍ ഐ.ഡിയുടെ പാസ്‌വേര്‍ഡുകള്‍ നല്‍കിയിരുന്നില്ല. ഇത് തുടര്‍ നടപടികളെ ബാധിച്ചെന്നും ഇതാണ് ഓണ്‍ലൈനില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നതിലേക്ക് നയിച്ചതെന്നുമാണ് വിശദീകരണം.
വിഷയത്തില്‍ സന്നദ്ധ സംഘടനയുടെ പരാതിയില്‍ പ്രതീക് ഹജേലയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥലംമാറി പോകുന്നതിന് മുന്‍പ് വിപ്രോയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് പ്രതീക് ഹജേലയ്‌ക്കെതിരേയുള്ള പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."