പെന്ഷന് മസ്റ്ററിങ് നാളെ വരെ; അധികസമയം പ്രയോജനപ്പെടുത്തിയത് 38,630 പേര് മാത്രം 5.80 ലക്ഷം പേര് ഇപ്പോഴും പുറത്ത്
കൊണ്ടോട്ടി: സാമൂഹ്യ സുരക്ഷ പെന്ഷന് മസ്റ്ററിങ് നാളെ അവസാനിക്കാനിരിക്കെ നിലവില്‍ 5,80,419 പേര് ഇപ്പോഴും മസ്റ്റിങ് നടത്താതെ പുറത്ത് തന്നെ.കഴിഞ്ഞ ജനുവരി 31 ന് അവസാനിക്കാനിരുന്ന മസ്റ്ററിങ് സമയ പരിധി ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം ഈ മാസം 15 വരെ സര്‍ക്കാര്‍ നീട്ടുകയായിരുന്നു. അധിക സമയം നല്കിയപ്പോള് ആകെ 38,630 പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ 4,00,531 പേരും,വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ 1,79,891 പേരുമാണ് ഇനിയും മസ്റ്ററിങ് നടത്താന്‍ ബാക്കിയുള്ളത്.
സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്ന വ്യാജന്മാരെ തടയാനാണ് ഓരോ പെന്ഷന് ഗുണഭോക്താവിന്റെയും ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ സഹിതം മസ്റ്ററിങ് നടത്തുന്നത്. സംസ്ഥാനത്ത് 47,39,289 പേരാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നത്. ഇവരില്‍ 43,387,58 പേര് ഇന്നലെ വരെ മസ്റ്ററിങ് നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന 4,00,531 പേര് ഇപ്പോഴും ബാക്കിയാണ്. വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കളായി 10,47,275 പേരാണുള്ളത്. ഇവരില്‍ 8,67,384 പേരാണ് മസ്റ്ററിങ് നടത്തിയത്. 1,79,891 പേര് ഇപ്പോഴും മസ്റ്ററിങ് നടത്തിയിട്ടില്ല.
കര്‍ഷക തൊഴിലാളി പെന്ഷന് വാങ്ങുന്നവരില്‍ 50,259 പേരും വാര്‍ധക്യകാല പെന്ഷന് കൈപ്പറ്റുന്ന 2,29,658 പേരും മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പെന്ഷന് ഗുണഭോക്താക്കളായ 33,471 പേരും ഇതുവരെ മസ്റ്ററിങ്ങ് നടത്തിയിട്ടില്ല. അന്‍പത് വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് വാങ്ങുന്ന 4,817 പേരും വിധവ പെന്ഷന് വാങ്ങുന്ന 82,326 പേരും ഇതുവരെയും മസ്റ്ററിങ് നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."