അധികൃതരുടെ അനാസ്ഥ; ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിലെ നിവാസികള്‍ ദുരിതത്തില്‍
ചാലക്കുടി: അനധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് ചാലക്കുടി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിലെ നിവാസികള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അറ്റകുറ്റ പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായിരിക്കുകയാണ് ഭൂരിഭാഗം വീടുകളും. മഹാപ്രളയത്തില്‍ പലവീടുകളുടേയും ഭിത്തികളെല്ലാം ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. 16 ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെയുള്ളത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയാണ് ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥക്ക് കാരണമായതെന്നാണ് ആക്ഷേപമുയരുന്നത്. ഭിത്തികളെല്ലാം വിണ്ടുകീറിയ വീടുകളില്‍ ഭയപ്പാടോടെയാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞ് കൂടുന്നത്. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് 1950കളിലാണ് ചാലക്കുടി ഡൈവേര്‍ഷന്‍ സ്‌കീമിലെ ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. 1990ല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ചുറ്റുമുള്ള സംരക്ഷണ ഭിത്തികള്‍ കെട്ടിയതൊഴിച്ചാല്‍ ഇതുവരേയും ഒരു അറ്റകുറ്റ പണികളും നടത്തിയിട്ടില്ല. ഇതിനായി അനുവദിക്കുന്ന ഫണ്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെടുത്തുകയാണെന്നാണ് ആരോപണം. ഓട് മേഞ്ഞതാണ് ഇവിടത്തെ ഭൂരിഭാഗം വീടുകളും. ഓട് കേറ്റിയിറക്കലടക്കമുള്ള പ്രവര്‍ത്തികളും ഇതുവരേയും നടത്തിയിട്ടില്ല. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്കുള്ളില്‍ കഴിയേണ്ട അവസ്ഥയാണ്. സ്വന്തമായി പണം മുടക്കി ക്വാര്‍ട്ടേഴ്‌സുകളില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ട ഗതികേടാണിവിടെ.
ശുചിമുറിയുടെ അവസ്ഥയും അതീവ ശോചനീയമാണ്. പല ശുചിമുറികളും ഉപയോഗശൂന്യമായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതമാകുന്നത്. കുടിവെള്ള വിതരണവും അവതാളത്തിലായിരിക്കുകയാണ്. ഇവിടത്തെ പൊതുകിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇതുവരേയും കിണറില്‍ ക്ലീനിങ് അടക്കമുള്ള പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല.
ഇക്കഴിഞ്ഞ പ്രളയത്തില്‍ പലഭാഗത്തും നിന്നുള്ള മാലിന്യങ്ങള്‍ ഈ കിണറില്‍ അടിഞ്ഞ് കൂടിയിരുന്നു. എന്നാല്‍, കിണര്‍ വൃത്തിയാക്കാതെയാണ് ഇപ്പോഴും വെള്ളം പമ്പ് ചെയ്യുന്നത്. കുടിക്കാനായി പുറത്ത് നിന്നും കുടിവെള്ളം പണം കൊടുത്ത് വാങ്ങുകയാണ് ഇവിടെയുള്ളവര്‍.
ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലെ നിരവധി വന്‍ മരങ്ങള്‍ അപകടഭീഷണിയായി നില്‍ക്കുന്നുണ്ട്. കേടായ പല വന്‍ മരങ്ങളും ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നല്ലൊരു കാറ്റ് വീശിയാല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് മുകളിലേക്കായിരിക്കും ഇവ ചെന്ന് പതിക്കുക.
ജീവനുവരെ ഭീഷണിയായി നില്‍ക്കുന്ന ഇത്തരം മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടിയാകുന്നില്ല. ഇക്കഴിഞ്ഞ ചുഴലി കാറ്റില്‍ ഇവിടത്തെ ഒരു വന്‍മരം മറിഞ്ഞ് വീണ് ഒരു ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ക്വാര്‍ട്ടേഴ്‌സിന് പുറത്തുള്ള വീടുകള്‍ക്കും കാലപഴക്കം ചെന്ന് ഇവിടത്തെ മരങ്ങള്‍ ഭീഷണിയാണ്. മരം മുറിച്ച് മാറ്റണമെന്ന് ഇവിടത്തുകാരുടെ ആവശ്യവും ബന്ധപ്പെട്ടവര്‍ ചെവികൊണ്ടിട്ടില്ല.
ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കാടും പടവും നിറഞ്ഞ് കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിരഹ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പല വീടുകളിലും ഇഴജന്തുക്കള്‍ എത്തുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തികൊടുത്തപ്പോഴും ഇവിടെയുള്ളവരെ പരിഗണിച്ചില്ല.
ക്വാര്‍ട്ടേഴ്‌സുകളില്‍ ശുചീകരണം നടത്തണമെങ്കില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വേണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാഞ്ഞതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സുകളില്‍ ശുചീകരണം നടത്താനായില്ല. പ്രളയത്തില്‍ പല വീടുകളിലെ വയറിംഗിന് നശിച്ചിട്ടുണ്ട്.
ഇവയുടെ കേടുപാടുകള്‍ ഇതുവരേയും തീര്‍ത്തു നല്‍കിയിട്ടില്ല. നരഗതുല്യമായിരിക്കുകയാണ് ഇവിടത്തുകാരുടെ ജീവിതം. അധികൃതരുടെ കാര്യമായ ഇടപെടലുകള്‍ ഉടന്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."