മനസ്സ് മുറിപ്പെടുത്തുന്ന അരുതാക്കാഴ്ചകള്‍
കഴിഞ്ഞദിവസം രാത്രി ഏകദേശം പത്തര മണിക്ക് സുഹൃത്തിനെയും കുടുംബത്തെയും അവരുടെ വീട്ടിലെത്തിക്കാന്‍ പോയപ്പോഴാണ് ആ കാഴ്ച കണ്ടുപോയത്. റോഡരുകില്‍ കാര്‍ നിര്‍ത്തി സുഹൃത്തും കുടുംബവും ഇറങ്ങുകയായിരുന്നു. അതിനിടയില്‍ ആരോ ആരെയോ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തല്ലുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കിയപ്പോള്‍ മധ്യവയസ്സു പിന്നിട്ടുവെന്നു തോന്നിക്കുന്ന സ്ത്രീയെ ഒരു യുവാവ് തല്ലുന്നതാണു നാട്ടുവെളിച്ചത്തില്‍ കണ്ടത്.
വേവലാതിയോടെയുള്ള എന്റെ നോട്ടം കണ്ടു സുഹൃത്ത് ഇങ്ങനെ പറഞ്ഞു, ''അതു നോക്കണ്ട, അമ്മയും മോനുമാണ്. അതു പതിവാണ്. ചെക്കന്‍ ഇത്തിരി ഫോമിലായാല്‍ രാത്രിയും പകലുമില്ലാതെ ഇതാണു സ്ഥിതി.''
ഇതിനിടയില്‍ വഴിയില്‍ കാറ് നിര്‍ത്തിയതും അതില്‍ നിന്ന് ആളുകള്‍ ഇറങ്ങിയതും കണ്ടതു കൊണ്ടാകാം യുവാവ് മാതാവിനെ തല്ലുന്നതു നിര്‍ത്തി വേച്ചുവേച്ചു വീട്ടിനുള്ളിലേയ്ക്കു പോയി. പിന്നാലെ, ആ മാതാവും വീടിനു പുറത്തു കുറേക്കൂടി ഇരുണ്ട സ്ഥലത്തേയ്ക്കു നീങ്ങിനിന്നു.
തന്റെ വീട്ടിലെ ആ കാണരുതാക്കാഴ്ച മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നതില്‍ നാണക്കേടു തോന്നിയിട്ടാകണം അവര്‍ അവിടെ നിന്നു മാറിയത്. വീട്ടിനകത്തു കയറിയാല്‍ താന്‍ നൊന്തുപെറ്റ മകന്‍ തന്റെ ജീവനെടുത്തേയ്ക്കുമോ എന്നും ആ അശരണയായ മാതാവ് ഭയക്കുന്നുണ്ടായിരിക്കാം.
അവര്‍ അവിടെ നിന്നു പോയിട്ടും ആ കാഴ്ച കണ്ണില്‍ നിന്നു മറയാന്‍ വിസമ്മതിച്ചു നിന്നു.
''ഇങ്ങനെയൊരു ക്രൂരത കണ്ടിട്ടും അയല്‍വാസികളാരും തടയാറില്ലേ. പൊലിസിനെയെങ്കിലും അറിയിക്കേണ്ടതല്ലേ.'' സുഹൃത്തിനോടു ചോദിച്ചു.
''ഞാന്‍ പറഞ്ഞില്ലേ, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. '' സുഹൃത്ത് വിശദീകരിച്ചു, ''തുടക്കത്തില്‍ ഇക്കാഴ്ച കണ്ടാലും ആ അമ്മയുടെ കരച്ചില്‍ കേട്ടാലും അയല്‍വാസികള്‍ ഓടിയെത്തുമായിരുന്നു. ആ ചെക്കനെ വഴക്കു പറയുകയും ഉപദേശിക്കുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. അങ്ങോട്ടെന്തെങ്കിലും പറയാനോ ആ വീട്ടുവളപ്പിലേയ്ക്കു കടക്കാനോ ശ്രമിച്ചാല്‍ പിന്നെ അവര്‍ക്കു നേരേയാകും അവന്റെ ഭ്രാന്തിളക്കം. അവരുടെ നേരേ കേട്ടാലറയ്ക്കുന്ന തെറിവിളിക്കും. നാണക്കേടു മൂലം ആ ആള്‍ സ്ഥലം വിട്ടാലും രക്ഷയില്ല. അയാളുടെ വീട്ടിനു മുന്നിലെത്തി തെറിവിളി നടത്തും.''
പൊലിസിനെ അറിയിച്ചിട്ടും വലിയ ഫലമൊന്നുമുണ്ടായിട്ടില്ലെന്നു സുഹൃത്ത് പറഞ്ഞു. ആദ്യമൊക്കെ പൊലിസെത്തി ആ പയ്യനെ പിടിച്ചുകൊണ്ടുപോയിരുന്നു. രാത്രി ലോക്കപ്പിലിട്ടു പിറ്റേന്നു വിട്ടയയ്ക്കും. സ്റ്റേഷനില്‍ നിന്നിറങ്ങിയാല്‍ യുവാവ് നേരേ പോകുന്നത് ലഹരി തേടിയാകും. മദ്യമോ മയക്കുമരുന്നോ വേണ്ടത്ര അകത്താക്കി പിന്നെയൊരു വരവുണ്ട്. അമ്മയ്ക്കും പിടിപ്പതു കിട്ടും. എന്നിട്ടുമരിശം തീരാതെ പുരയ്ക്കു ചുറ്റും നടന്നു നാട്ടുകാരെ തെറിവിളിക്കും.'ദയവു ചെയ്ത് നിങ്ങള് പൊലിസിനെ വിളിച്ച് ഓനെ പൊലിസിനെക്കൊണ്ട് പിടിപ്പിക്കരുതെ'ന്നും 'ദൈവം വിധിച്ചതൊക്കെ ഞാന്‍ തന്നെ സഹിച്ചോളാമെ'ന്നും ആ മാതാവു തന്നെയാണത്രേ അയല്‍വാസികളോടു പറഞ്ഞത്. അതില്‍പ്പിന്നെ, നാട്ടുകാര്‍ കരച്ചില്‍ കേട്ടാലും അവിടേയ്ക്കു പോകാറില്ല. പുച്ഛം കൊണ്ടല്ല, തങ്ങള്‍ ഇടപെട്ടതുമൂലം ആ മാതാവിനു കൂടുതല്‍ മര്‍ദനം വാങ്ങിക്കൊടുക്കേണ്ടെന്നു വിചാരിച്ച്.
മകന്റെ ഭേദ്യം സഹിക്കവയ്യാതെ എന്നെങ്കിലുമൊരിക്കല്‍ ആ മാതാവ് ജീവനൊടുക്കുമോയെന്നു തങ്ങള്‍ ഭയന്നിട്ടുണ്ടെന്നു സുഹൃത്തു പറഞ്ഞു.
''പക്ഷേ, അവരതു ചെയ്യില്ലെന്നു മനസ്സിലായി. അവര്‍ തന്നെയാണതു പറഞ്ഞത്. കാരണമെന്തെന്നറിയുമ്പോഴാണു മാതൃഹൃദയത്തിന്റെ വലിപ്പവും ആര്‍ദ്രതയും കണ്ടു നമ്മള്‍ അത്ഭുതപ്പെട്ടു പോകുക. 'ഞാന്‍ ല്യാണ്ടായാല്‍ പിന്നെ ന്റെ മോന് ആര്ണ്ടാകും. ഓനങ്ങന്യായിപ്പോയീച്ചിട്ട് നിയ്ക്ക് ഓനെ കളയാന്‍ പറ്റ്വോ' എന്നാണവര്‍ പറഞ്ഞത്. അവരതു പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങള്‍പോലും അറിയാതെ തേങ്ങിപ്പോയി.'' സുഹൃത്ത് പറഞ്ഞു.
'' എന്നാലുമിങ്ങനെ... സ്വന്തം മാതാവിനെ...'' മനസ്സിലെ നൊമ്പരം സഹിക്കവയ്യാതെ ഇങ്ങനെ പറഞ്ഞുപോയി.
''അതാണ് ഇന്നത്തെ തലമുറയുടെ പ്രശ്‌നം. അവര്‍ക്കല്ല, അവരെ ഇങ്ങനെയാക്കുന്ന വ്യവസ്ഥിതിക്കാണു കുഴപ്പം. കള്ളും കഞ്ചാവും മറ്റു മയക്കുമരുന്നും കിട്ടാത്തെ സ്ഥലം നമ്മടെ നാട്ടില്‍ എവിടെയെങ്കിലുംണ്ടോ. ഉണ്ടാവില്ല. സ്‌കൂളിനും കോളജിനും മുന്നില്‍ മയക്കുമരുന്നുമായി വട്ടമിട്ടു നടക്കുന്ന എത്രയെത്ര മയക്കുമരുന്നു കണ്ണികളുണ്ട്. അതൊന്നും തടയാന്‍ ഇവിടെ ആരുമില്ല. നിയമമുണ്ടോന്നു ചോദിച്ചാല്‍ വേണ്ടതിലേറെയുണ്ട്. പക്ഷേ, എന്താ കാര്യം. ലഹരിവില്‍പ്പനയുടെ കണ്ണികള്‍ പൂര്‍ണമായും അറുത്തു മാറ്റാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞോ. ഏതു പാര്‍ട്ടി ഭരിച്ചിട്ടെന്താ. വഴി പിഴച്ചുപോയ കുട്ടികളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.''
ഞങ്ങളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ തല്ലിയ ആ ചെറുപ്പക്കാരനും കുട്ടിക്കാലത്തു മിടുക്കനായിരുന്നത്രേ. പിതാവ് നേരത്തെ മരിച്ചുപോയെങ്കിലും റോഡ് വീതി കൂട്ടുന്നതിനു സ്ഥലമെടുത്തപ്പോള്‍ കിട്ടിയ കാശ് ബാങ്കിലിട്ടിരുന്നതിനാല്‍ ആ കുടുംബത്തിനു സാമ്പത്തിക ദുരിതമുണ്ടായിരുന്നില്ല.
സ്‌കൂളില്‍ വച്ച് എങ്ങനെയോ ശീലിച്ചതാണു മയക്കുമരുന്നുപയോഗം. ആദ്യമാദ്യം അമ്മയും ബന്ധുക്കളും നാട്ടുകാരുമറിഞ്ഞില്ല. അറിഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും തിരിച്ചുകിട്ടാത്ത വിധം ലഹരിക്ക് അടിമയായിപ്പോയിരുന്നു. പല തരം ചികിത്സകള്‍ നടത്തി നോക്കി. ഫലമുണ്ടായില്ല.
ലഹരിക്കു കാശിനായാണ് അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ബാങ്കിലെ പണം മുഴുവന്‍ പല തവണകളിലായി എടുത്തു കൊടുത്തു. ജീവിക്കാന്‍ വഴിയില്ലാതായപ്പോള്‍ ആ മാതാവ് വീട്ടുവേലയ്ക്കു പോയി. അങ്ങനെ കിട്ടുന്ന ചില്ലിക്കാശിനു വേണ്ടിയാണ് ഇപ്പോള്‍ ക്രൂരമര്‍ദനം.
കാണരുതാക്കാഴ്ച കണ്ട ആ സ്ഥലത്തു നിന്നു തിരിച്ചുപോരുമ്പോള്‍ സുഹൃത്ത് പറഞ്ഞ ആ വാചകമായിരുന്നു മനസ്സില്‍, 'വഴി പിഴച്ചുപോയ കുട്ടികളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.'
നമ്മള്‍ ലഹരിവിരുദ്ധ പ്രസ്താവനകളിറക്കുകയും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ഘോരഘോരം പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായിട്ടുള്ളത്. നോക്കുന്ന ദൂരത്തെല്ലാം ബാറുകളും മദ്യവില്‍പ്പന കേന്ദ്രങ്ങളുമാണ്. അതിനേക്കാള്‍ വ്യാപൃതമാണ് മയക്കുമരുന്ന്. കുട്ടികളുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചാല്‍ ഞെട്ടിപ്പോകുമെന്ന് ഈയിടെ ഒരു അധ്യാപിക പറഞ്ഞതോര്‍ക്കുന്നു. എല്ലാ തരം ലഹരി വസ്തുക്കളും കുട്ടികള്‍ക്കു മുന്നിലെത്തുന്നുണ്ട്.
ലഹരിയുടെ പ്രശ്‌നം അതില്‍ വീണു കഴിഞ്ഞാല്‍ രക്ഷ നേടുക എളുപ്പമല്ലെന്നതാണ്. ഉപയോഗത്തിന്റെ തോതും കാലവും കൂടുന്നതിനൊത്തു രക്ഷാസാധ്യത വിരളമാണ്. അതെല്ലാവര്‍ക്കുമറിയാം. എന്നിട്ടും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മുന്നിലേയ്ക്കു ലഹരിയെത്താനുള്ള സാധ്യതയില്ലാതാക്കാന്‍ ശ്രമിക്കാതെ ആ ചെളിക്കുഴിയില്‍, തന്റേതല്ലാത്ത തെറ്റിലൂടെ വീണുപോയ കുട്ടികളെയും ചെറുപ്പക്കാരെയും അപഹസിക്കുകയും ചീത്തവിളിക്കുകയും പൊലിസിനെക്കൊണ്ടു പിടിപ്പിക്കുകയുമൊക്കെയാണു ചെയ്യുന്നത്.
അത്തരം പ്രവൃത്തികള്‍ ആ ചെറുപ്പക്കാരെ നേര്‍വഴിയിലേയ്ക്കു കൊണ്ടുവരുമായിരുന്നെങ്കില്‍ അതാണു ശരിയായ വഴിയെന്നു സമ്മതിക്കാമായിരുന്നു. അതല്ലല്ലോ സംഭവിക്കുന്നത്. പൊലിസിന്റെ തല്ലുകിട്ടിയാലും നാട്ടുകാരുടെ അധിക്ഷേപം കേട്ടാലും അതൊക്കെ ഒന്നിനു പത്തായി ഇവര്‍ തിരിച്ചു കൊടുക്കുന്നത് നൊന്തു പെറ്റ മാതാവിനു നേരേയാകും. പാവം മാതാവ്, എല്ലാ ഭേദ്യവുമേറ്റുവാങ്ങുന്ന സര്‍വംസഹയാകുന്നു. ഒരിറ്റു കണ്ണീര്‍ വാര്‍ക്കാന്‍ പോലും അവള്‍ക്കാവില്ലല്ലോ, അതുപോലും തന്റെ മകനു ദോഷം വരുത്തിയേക്കുമല്ലോ എന്നാണല്ലോ അവര്‍ ചിന്തിക്കുന്നത്.
സര്‍ക്കാരും പൊലിസും ചെയ്യേണ്ടതു ചെയ്യുന്നില്ലെന്നു നമുക്കു കുറ്റപ്പെടുത്താം. അതിനപ്പുറത്തും ചിന്തിക്കേണ്ടേ. കേരളത്തില്‍ എത്രയെത്ര യുവജനസംഘടനകളുണ്ട്. അവയെല്ലാം വിചാരിച്ചാല്‍ തുരത്താവുന്നതല്ലേയുള്ളൂ ഈ സാമൂഹ്യതിന്മയെ.
കൊടിപിടിച്ചു മുദ്രാവാക്യം മുഴക്കുകയും അന്യസംഘടനക്കാരനെ കുത്തിമലര്‍ത്തുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യലല്ല രാഷ്ട്രീയം. സമൂഹത്തെ തിന്മയിലേയ്ക്കു പിടിച്ചുകൊണ്ടുപോകുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കലാണ്. അതു മനസ്സിലാക്കാനുള്ള ചിന്താശേഷി യുവജനസംഘടനാ പ്രവര്‍ത്തകര്‍ക്ക് എന്നാണുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."