മോദിയെ താഴെ ഇറക്കിയേ വിശ്രമമുള്ളൂ
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ താഴെ ഇറക്കിയേ വിശ്രമമുള്ളൂവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൊല്‍ക്കത്താ റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍. റാലിയില്‍ സംബന്ധിച്ച നേതാക്കള്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
40ലധികം പാര്‍ട്ടികളുടെയും സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെയും കൂടി സഖ്യമാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയെന്ന് എസ്.പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചതിന് ബി.ജെ.പിക്ക് നന്ദിയുണ്ട്. ബി.ജെ.പിയാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രചോദനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ പുതിയ പ്രധാനമന്ത്രി വരും. അത് ആരാണ് എന്നത് പ്രാധാന്യമുള്ള കാര്യമല്ല. വിശാല സഖ്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുപാട് പേര്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി പറഞ്ഞത്. എന്നാല്‍ അത് തീരുമാനിക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് അവര്‍ മനസിലാക്കണം. ജനങ്ങളെ വഞ്ചിച്ച ഒരാള്‍ക്ക് പകരം നരേന്ദ്രമോദിയെ അല്ലാതെ മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിക്കു സാധിക്കുമോ ? യു.പിയില്‍ വിശാല സഖ്യം സാധ്യമാകില്ലെന്നാണ് ബി.ജെ.പി പറഞ്ഞത്. എന്നാല്‍ അതു സംഭവിച്ചുവെന്നും അഖിലേഷ് പറഞ്ഞു.
വികസന സൂചികകള്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വാജ്‌പെയി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മോദിസര്‍ക്കാരിനെ പുകഴ്ത്തുന്നത് ദേശഭക്തിയും വിമര്‍ശിക്കുന്നത് ദേശദ്രോഹവുമാണ്. വികസന സൂചികകള്‍ ഊതിവീര്‍പ്പിച്ചും കള്ളക്കണക്കുകള്‍ പറഞ്ഞും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരാണ് ഇപ്പോഴത്തേത്. നീതി ആയോഗിനെ ഉപയോഗിച്ച് ഡി.ജി.പി വളര്‍ച്ചയെ തരംതാഴ്ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും വികസനം എന്നാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ സര്‍ക്കാരിന് ഏറ്റവും അനുയോജ്യം എല്ലാവര്‍ക്കും നാശം എന്ന മുദ്രാവാക്യമാണെന്നും ആദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് വിശാല സഖ്യത്തിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയം മുന്‍പുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശില്‍ അമിത് ഷാ 100 റാലികള്‍ നടത്തിയപ്പോള്‍ ആരും ചോദിച്ചില്ല. എന്നാല്‍ ആര്‍.ജെ.ഡി ഒരു റാലി നടത്തിയ ഉടന്‍ ആദായനികുതി വകുപ്പിന്റെ നോട്ടിസ് എത്തി. മതനിരപേക്ഷ, ജനാധിപത്യ കക്ഷികളുടെ വോട്ടുകള്‍ ഭിന്നിക്കുന്നത് ബി.ജെ.പിക്കു അനുകൂലമാവുകയാണെന്നും സിങ്്‌വി പറഞ്ഞു.
ഈ സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോഴും കോഴ വാങ്ങില്ലെന്നും വാങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം അംബാനിക്കും അദാനിക്കും നല്‍കുകയാണ് മോദി. ഓരോ വര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ വാദ്ഗാനം. എന്നാല്‍, വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല ഉള്ള തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യഥാര്‍ഥ രാജ്യസ്‌നേഹികള്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രാജ്യത്തുനിന്ന് ഓടിക്കണമെന്ന് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ബി.ജെ.പി മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുക്കളെ തിരിച്ചുവിടുന്നു. ക്രിസ്ത്യാനികള്‍ക്കെതിരേ മുസ്‌ലിംകളെയും തിരിച്ചുവിട്ട് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കരുത്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകും. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ചെയ്തതു പോലെ അവര്‍ ഇന്ത്യയിലും ചെയ്യും. ഭരണഘടനയെ തന്നെ തിരുത്തും. തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാക്കും. വിദ്വേഷ പ്രസംഗം നടത്തുന്നവരെയും ദലിതരെയും സ്ത്രീകളെയും അപമാനിക്കുന്നവരെയും ട്വിറ്ററില്‍ പിന്തുടരുന്ന പ്രധാനമന്ത്രിയെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും കെജ്്‌രിവാള്‍ പറഞ്ഞു.
കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യം 50 വര്‍ഷം പിന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. മോദിയും അമിത് ഷായും ബംഗാളിലെത്താന്‍ ഭയക്കുന്നു. മോദി സര്‍ക്കാരിനെതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം തമിഴില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
മമതാ ബാനര്‍ജി
"മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. മോദി ബാങ്കിങ് മേഖല നശിപ്പിച്ചതും 15 ലക്ഷം രൂപ വീതം അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതും എന്തിനായിരുന്നു?. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കി. നോട്ട്‌നിരോധനം മുതല്‍ ജി.എസ്.ടി വരെ പല വഴി ഉപയോഗിച്ച് പ്രധാനമന്ത്രി ജനങ്ങളെ കൊള്ളയടിച്ചു. ഇന്ത്യയുടെ ചരിത്രവും ഭരണഘടനയും സര്‍ക്കാര്‍ തിരുത്താന്‍ ശ്രമിക്കുകയാണ്. അദ്ദേഹം എല്ലാവരേയും വേട്ടയാടുകയാണ്.
താന്‍ സംശുദ്ധനാണെന്നാണ് മോദി സ്വയം അവകാശപ്പെടുന്നത്. പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പെട്ടിരിക്കുന്ന വന്‍ അഴിമതികള്‍ എത്രയാണ്? രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ സംവരണവുമായാണ് രംഗത്തെത്തിയത്. കലാപങ്ങളുണ്ടാക്കുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. 70 വര്‍ഷം കൊണ്ട് പാകിസ്താന് കഴിയാത്ത നാശനഷ്ടങ്ങള്‍ നാലുവര്‍ഷം കൊണ്ട് രാജ്യത്തിന് ഉണ്ടാക്കാന്‍ മോദിക്കു കഴിഞ്ഞു. ആര് പ്രധാനമന്ത്രി ആവും എന്നതല്ല, ബി.ജെ.പിയെ താഴെയിറക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ബി.ജെ.പിയെ പോലെ നേതാക്കള്‍ക്ക് വിലയില്ലാത്ത പക്ഷമല്ല തങ്ങളുടേത്. തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കും".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."