HOME
DETAILS
MAL
സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് ഒരു പതിറ്റാണ്ട്
backup
February 15 2020 | 04:02 AM
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട് പൂര്‍ത്തിയായി. 2010 ഫെബ്രുവരി 15 നു പുലര്‍ച്ചെയാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ചു വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അബ്ദുല്ല മൗലവി എങ്ങിനെ പാതിരാവില്‍ പരസഹായമില്ലാതെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കടുക്കക്കല്ലിന് സമീപം എത്തിയതെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുന്നു. അബ്ദുല്ല മൗലവിയുടെ കുടുംബം കഴിഞ്ഞ പത്തു വര്‍ഷമായി നീതി തേടി നിയമ പോരാട്ടം നടത്തി വരികയാണ്.
77 കാരനായ അബ്ദുല്ല മൗലവിയെ പാതിരാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി വധിച്ച ശേഷം കടലില്‍ തള്ളിയ പ്രതികളെ കണ്ടെത്താന്‍ കേസന്വേഷണം നടത്തുന്ന സി.ബി.ഐ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുടന്തന്‍ ന്യായവാദങ്ങള്‍ നിരത്തി രണ്ടു തവണ എറണാകുളം സി.ജെ.എം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി സി.ബി.ഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി റിപ്പോര്‍ട്ട് തള്ളുകയയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേ സമയം, കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസ്ഥാനത്തെ 19 എം.പിമാരുടെ ഒപ്പോടെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. നിവേദനം കൈപ്പറ്റിയ ആഭ്യന്തര മന്ത്രി അമിത്ഷാ കേസില്‍ പുനരന്വേഷണം നടത്തുമെന്ന് ഉണ്ണിത്താന് ഉറപ്പു നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതിനിടയിലാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി പഴയ റിപ്പോര്‍ട്ട് മിനുക്കിയെടുത്ത് കോടതിയില്‍ വീണ്ടും സമര്‍പ്പിച്ചത്. സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തി കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാണ് അബ്ദുല്ല മൗലവിയുടെകുടുംബവും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."