അസഹിഷ്ണുക്കളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലിടമില്ലെന്ന് രാഷ്ട്രപതി
കൊച്ചി: ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലെ രാംജാസ് കോളജിലെ സംഭവങ്ങള്‍ പരാമര്‍ശിച്ച് പ്രതികരണവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കൊച്ചിയില്‍ ആറാമത് കെ.എസ് രാജമണി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകള്‍ അക്രമത്തിന്റെ കേന്ദ്രമാവുന്നത് പരിതാപകരമാണെന്നും നീതിപൂര്‍വ്വമായ വിമര്‍ശനങ്ങളുടെയും സംവാദങ്ങളുടേയും ഇടമാവണം അതെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളില്‍ സ്വതന്ത്ര ചിന്തകള്‍ ഉണ്ടാവണം. സ്വതന്ത്ര ചിന്തകള്‍ രാജ്യനിര്‍മിതിക്ക് ആവശ്യമാണ്. അതു തടയാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇന്ത്യക്കാര്‍ക്കും അഭിപ്രായം പറയാനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അസഹിഷ്ണുക്കളായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നും രാഷ്ട്രപതി തുറന്നടിച്ചു.
ഡല്‍ഹിയിലെ രാംജാസ് കോളജില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിക്കേയാണ് രാഷ്ട്രപതിയുടെ ഇടപെടല്‍. പ്രതിഷേധത്തിന്റെ സംസ്‌കാരം എന്ന വിഷയത്തില്‍ കോളജില്‍ സെമിനാര്‍ സംഘടിപ്പിച്ച് പ്രബന്ധം അവതരിപ്പിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ് എന്നിവരെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എ.ബി.വി.പിയുടെ അക്രമം. ഇതോടെ കോളജില്‍ നടത്താനിരുന്നു പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."