പുത്തന്‍ മാഹിയുടെ പിതാവ്
എ.വി ഫിര്‍ദൗസ്#
എഴുപതിന്റെ ആദ്യ പകുതിയിലെ ആദ്യ വര്‍ഷങ്ങള്‍. ഉത്തര മലബാറിലെ മാഹി, തലശ്ശേരി, കണ്ണൂര്‍ പ്രദേശങ്ങളില്‍നിന്ന് ഒട്ടനവധിപേര്‍ അക്കാലത്ത് ബര്‍മ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ തൊഴിലുകളിലും വ്യാപാരങ്ങളിലും ഏര്‍പ്പെട്ടുവന്നിരുന്നു. ആ കാലത്തെ മലയാളിയുടെ ഗള്‍ഫ് ബര്‍മയും ശ്രീലങ്കയുമൊക്കെയായിരുന്നു. അറേബ്യന്‍ നാടുകളിലേക്ക് ആ പ്രദേശങ്ങളില്‍നിന്നെല്ലാം ഒഴുക്കുണ്ടാകുന്നതു പിന്നീടാണ്. ഇങ്ങനെ ബര്‍മയിലും ശ്രീലങ്കയിലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവന്നിരുന്നവര്‍ക്ക് അവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷങ്ങളിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളെ തുടര്‍ന്ന് എല്ലാം ഇട്ടെറിഞ്ഞു വെറുംകൈയോടെ നാട്ടിലേക്ക് ഓടിപ്പോരേണ്ടിവന്നു.
ജീവനും കൊണ്ട് നാട്ടില്‍ ഓടിയെത്തിയവരില്‍ ഒരു വലിയ സംഖ്യ മാഹിയുടെയും സമീപ പ്രദേശങ്ങളുടെയും സമ്പന്നതയെ നിര്‍ണയിച്ചിരുന്നവരായിരുന്നു. നാട്ടില്‍ വലിയ വീടുകളും പറമ്പുകളും പദവി പ്രമാണങ്ങളുമൊക്കെയുള്ളവര്‍. തിരിച്ചെത്തിയവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതിഗതികള്‍ പരമദയനീയമായിരുന്നു. വലിയ വീടുകള്‍ക്കുള്ളില്‍ പട്ടിണിയും പരിവട്ടവുമായി ജീവിതത്തിന്റെ മറ്റുചില മുഖങ്ങളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. സ്വന്തം അവസ്ഥയും ഇല്ലായ്മയും മറ്റുള്ളവരോടു തുറന്നുപറഞ്ഞു സഹായം തേടാന്‍ അവരെ അഭിമാനം അനുവദിച്ചില്ല. എന്നാല്‍, വീടകങ്ങളിലെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരുന്നു.
ഈ ദയനീയത തിരിച്ചറിഞ്ഞ ഒരു കൗമാരക്കാരന്‍ അന്നു സജീവമായി രംഗത്തിറങ്ങുകയും അരിയും വീട്ടിലേക്കാവശ്യമായ മറ്റു വസ്തുക്കളും സമാഹരിച്ചു സമപ്രായക്കാരായ ഒരു സംഘത്തോടൊപ്പം അത്തരം വീടുകളില്‍ രഹസ്യമായി എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. കേവലം പതിമൂന്നു വയസുമാത്രം പ്രായമുള്ള ആ കൗമാരക്കാരന്‍ അന്നു കാണിച്ച മനുഷ്യസ്‌നേഹവും സഹായമനസ്ഥിതിയും തന്റെ പില്‍ക്കാല ജീവിതത്തിലുടനീളം പുലര്‍ത്തി. 1979ല്‍ നിലവില്‍ വന്ന ന്യൂ മാഹി പഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയില്‍ പതിനാലു വര്‍ഷത്തോളം ശോഭിച്ച കെ.കെ ബഷീര്‍ ആയിരുന്നു ആ പതിമൂന്നുകാരന്‍.
തത്ത മാര്‍ക്ക് കുടകള്‍
ഇന്നത്തെ ന്യൂ മാഹിയിലെ പെരിങ്ങാടിയില്‍ ചാര്‍ത്താംകോട്ട പക്കു ഹാജിയുടെയും കുറുവച്ചംകണ്ടി ആയിശയുടെയും മകനായി 1954 നവംബര്‍ 25നാണ് ബഷീറിന്റെ ജനനം. മറ്റെല്ലാ മാഹിക്കാരെയും പോലെ പിതാവും ആദ്യ കാലത്ത് ശ്രീലങ്കയിലേക്കാണു ജീവിതം കരുപ്പിടിപ്പിക്കാന്‍ പോയത്. അവിടെ കുടനിര്‍മാണവും വ്യാപാരവുമായിരുന്നു ചെയ്തിരുന്നത്. ചൂരല്‍ക്കാലുള്ള കുടകളുടെ കാലമാണത്. ഏതാണ്ട് പത്തു വര്‍ഷത്തോളം ശ്രീലങ്കയില്‍ ബിസിനസ് ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പക്കു ഹാജി സഹോദരങ്ങളില്‍ ഒരാളെ പാര്‍ട്ണറായി ചേര്‍ത്ത് കോഴിക്കോട്ടങ്ങാടിയില്‍ 'തത്ത മാര്‍ക്ക് ബെസ്റ്റ് അംബ്രല്ല' എന്ന പേരിലൊരു കുടക്കമ്പനി തുടങ്ങി. ബഷീറിന്റെ ജനത്തിനും മുന്‍പായിരുന്നു ഇതെല്ലാം. ഈ കുടക്കമ്പനിക്ക് എഴുപതിന്റെ ആദ്യത്തിലാണ് തലശ്ശേരിയില്‍ ഒരു ശാഖ വരുന്നത്. 1956 വരെയും പക്കു ഹാജിയും കുടുംബവും കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് വാടകവീട്ടിലായിരുന്നു താമസം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂളിലാണ് ബഷീര്‍ ഒന്നാം ക്ലാസ് പഠനം പൂര്‍ത്തീകരിച്ചത്.
കുടുംബം പെരിങ്ങാടിയിലേക്കു താമസം മാറിയതിനെ തുടര്‍ന്ന് രണ്ടാം ക്ലാസ് മുതല്‍ പെരിങ്ങായി എം.എല്‍.പി സ്‌കൂളിലും അഞ്ചുമുതല്‍ എം.എം ഹൈസ്‌കൂളിലും പഠനം തുടര്‍ന്നു. എട്ടാം ക്ലാസിലായിരിക്കുമ്പോഴാണ് സാമൂഹിക സേവനരംഗത്തേക്കിറങ്ങുന്നത്. നിസഹായരായ കുറേ മനുഷ്യരുടെ കണ്ണീരൊപ്പിക്കൊണ്ടു തുടക്കംകുറിച്ച ആ സുകൃതം പിന്നീട് സഹപാഠികളിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിക്കുന്നവരിലേക്കും പഠിക്കാന്‍ പ്രയാസപ്പെടുന്നവരിലേക്കും നീണ്ടുചെന്നു. അവര്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റും സംഘടിപ്പിച്ചുകൊടുത്തു.
ഇടയ്ക്ക് മലയാള മനോരമയുടെ ബാലജന സഖ്യത്തിന് ഒരു യൂനിറ്റ് 'നവപ്രഭ' എന്ന പേരില്‍ ബഷീര്‍ മുന്‍കൈയെടുത്ത് പെരിങ്ങാടി എം.എം ഹൈസ്‌കൂളില്‍ ആരംഭിക്കുന്നത്. അങ്ങനെ കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി. അതിനിടയില്‍, മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എം.എസ്.എഫില്‍ ആകൃഷ്ടനായി സംഘടനയില്‍ അംഗത്വമെടുത്തു. അക്കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കാള്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതലായും ഊന്നല്‍നല്‍കുന്നതായിരുന്നു അക്കാലത്ത് എം.എസ്.എഫിന്റെ അജന്‍ഡകള്‍. ചെറിയ മമ്മുക്കേയി, വി.പി അലി സാഹിബ് എന്നിവരൊക്കെയായിരുന്നു എം.എസ്.എഫിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ചുറ്റുവട്ടത്തെ മുതിര്‍ന്ന ലീഗ് നേതാക്കള്‍. ഇ. അഹ്മദ് അന്ന് വിദ്യാര്‍ഥി നേതാവായി വളര്‍ന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ. കെ.കെ ബഷീര്‍ പിന്നീട് പ്രദേശത്തെ യൂത്ത് ലീഗിന്റെയും ലീഗിന്റെയും നേതൃനിരയിലൊരാളായിമാറി.
ന്യൂ മാഹിയുടെ പിതാവ്
ഇന്നത്തെ ന്യൂ മാഹി പഞ്ചായത്തിന് ഒരു പിതാവിനെ സങ്കല്‍പിക്കാമെങ്കില്‍ അത് കെ.കെ ബഷീര്‍ തന്നെയാണ്. മാഹിയോട് തൊട്ടുകിടന്ന ചൊക്ലി, കോടിയേരി, പൂനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ചിരകാല അഭിലാഷമായിരുന്നു ആ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കുകയെന്നത്. ഭരണ-ഔദ്യോഗിക തലങ്ങളില്‍ അത്രയും അവഗണന നേരിട്ടിരുന്നു അവിടത്തുകാര്‍.
നാട്ടുകാരുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കെ.കെ ബഷീര്‍ തന്നെ മുന്നിട്ടിറങ്ങി. 1979ല്‍ അന്നത്തെ പഞ്ചായത്ത് മന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹയെ ഈ ആവശ്യാര്‍ഥം പലതവണ തിരുവനന്തപുരത്ത് പോയിക്കണ്ടു. അവസാനം ആ സ്വപ്നം യാഥാര്‍ഥ്യമായി. പുതുതായി രൂപംകൊണ്ട ന്യൂ മാഹി പഞ്ചായത്തിന്റെ ഭരണകാര്യങ്ങള്‍ക്കായി കെ.പി.കെ അലി സാഹിബ് പ്രസിഡന്റായി നോമിനേഷന്‍ വന്നു. 1980ല്‍ പഞ്ചായത്ത് ഭരണസമിതിയിലേക്ക് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടന്നു. കെ.എം അബ്ദുല്‍ ഖാദര്‍ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി വന്ന ആ ഭരണസമിതിയില്‍ ബഷീറും അംഗമായിരുന്നു. സി.പി.എമ്മും അന്നത്തെ അഖിലേന്ത്യാ ലീഗും ഒന്നിച്ചായിരുന്നു പഞ്ചായത്ത് ഭരണം.
കെ.എം അബ്ദുല്‍ ഖാദറിന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്ന് 1981ല്‍ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വന്നു ബഷീറിന്. ആകസ്മികമായി വന്നുചേര്‍ന്ന ഈ പദവി അദ്ദേഹത്തിനു കാലം കാത്തുവച്ച ഒരു പരീക്ഷണമായിരുന്നുവെന്നും പറയാം.
പ്രായം കുറഞ്ഞ പ്രസിഡന്റ്
1981ല്‍ കേരളത്തിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും അത്യധികം കൗതുകകരമായ ഒരു വാര്‍ത്ത വന്നിരുന്നു. കേരളത്തിലെ അതുവരെയുള്ള ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ കുറിച്ചായിരുന്നു ആ വാര്‍ത്തകള്‍. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബഷീറായിരുന്നു ആ 'ചെറുപ്പക്കാരന്‍'.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ബഷീറിന് പ്രായം ഇരുപത്തിയേഴ് വയസ് മാത്രം. പഞ്ചായത്ത് പ്രസിഡന്റ് പദവി പ്രായംചെന്നവര്‍ക്കും റിട്ടയേഡ് അധ്യാപകര്‍ക്കും സര്‍വിസില്‍നിന്നു വിരമിച്ചവര്‍ക്കും മാത്രമാണെന്ന തെറ്റായ മുന്‍ധാരണയ്ക്ക് കേരളത്തില്‍ സംഭവിച്ച ആദ്യ തിരുത്തായിരുന്നു അത്. 1981 മുതല്‍ നീണ്ട പതിനാല് വര്‍ഷക്കാലം അദ്ദേഹം ന്യൂ മാഹിയുടെ പ്രസിഡന്റ് പദവി വഹിച്ചു. ന്യൂ മാഹി എന്ന പേരിനെ അര്‍ഥപൂര്‍ണമാക്കുന്ന വിധത്തില്‍ പുതുതായി രൂപംകൊണ്ട പഞ്ചായത്തിന്റെ ബാലാരിഷ്ടതകളെ മറികടന്ന് പ്രദേശത്തിനു വികസനത്തിന്റെ പുതുച്ഛായ പകരാന്‍ ഈ വര്‍ഷങ്ങളെ അദ്ദേഹം വിനിയോഗിച്ചു. സര്‍ക്കാര്‍ ഫണ്ടുകള്‍ വളരെ നാമമാത്രവും പലപ്പോഴും അപ്രാപ്യവുമായിരുന്നു ആദ്യ വര്‍ഷങ്ങളില്‍. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ അക്കാരണത്താല്‍ മുടങ്ങുകയുണ്ടായില്ല.
ബഹുജന പിന്തുണയും സമ്പന്നരുടെയും ഉദാരമതികളുടെയും പിന്‍ബലവുമെല്ലാം ഒരു പഞ്ചായത്തിന്റെ വികസനത്തിനായി അദ്ദേഹം സ്വരൂപിക്കുകയും സമാഹരിക്കുകയും ചെയ്തു. ജനങ്ങളുടെ പിന്തുണയോടെ പഞ്ചായത്തിന്റെ നിലനില്‍പ്പ് സാധ്യമാക്കിയ കേരളത്തിലെ ഏക പഞ്ചായത്ത് അധ്യക്ഷന്‍ എന്ന പരിവേഷവും അങ്ങനെ അദ്ദേഹത്തിനു വന്നുചേര്‍ന്നു. സ്വന്തം പഞ്ചായത്തിനെ ഒന്നു നട്ടുനച്ചു വളര്‍ത്തിയെടുക്കാനായി കെ.കെ ബഷീര്‍ സ്വന്തം കൈയില്‍നിന്ന് തിരുവനന്തപുരം വരെ പോകാനായി മുടക്കിയ യാത്രാക്കൂലി ഉണ്ടായിരുന്നെങ്കില്‍ മാഹിയെയും പുതിയ മാഹിയെയും ഒന്നിച്ചു വിലയ്ക്കു വാങ്ങാമായിരുന്നുവെന്ന് ചിലരൊക്കെ പില്‍ക്കാലത്ത് പറയുന്നതു കേട്ടിട്ടുണ്ട്. റോഡുകളും അവശ്യ സേവനകേന്ദ്രങ്ങളും നിരത്തുവിളക്കുകളും കാര്യാലയങ്ങളും ഉള്‍പ്പെടെ അന്ന് പഞ്ചായത്തിന് ഉണ്ടാക്കിയെടുത്ത വികസനത്തില്‍ കവിഞ്ഞ് ഒരിഞ്ചുപോലും അദ്ദേഹം ഭരണത്തില്‍നിന്നിറങ്ങി ഏതാണ്ട് കാല്‍നൂറ്റാണ്ട് പിന്നിട്ട ഇന്നും മുന്നോട്ടുപോകാനായിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ശിഹാബ് തങ്ങളുടെ ഇഷ്ടക്കാരന്‍
നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നതിനാല്‍ വിവിധ തലങ്ങളിലുള്ള നേതാക്കളുമായി അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട് ബഷീറിന്. എന്നാല്‍, ജീവിതത്തില്‍ കണ്ടുമുട്ടിയ നാള്‍ മുതല്‍ ഇന്നുവരെ വലിയ അനുഭൂതിയോടെ ഓര്‍ക്കുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള അടുപ്പമാണ്. ഏതൊക്കെ പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നുമുട്ടിയപ്പോഴെല്ലാം തങ്ങള്‍ ആശ്വാസമായി കൂടെയുണ്ടായിരുന്നു.
രണ്ടാം തവണ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ പാര്‍ട്ടിക്കകത്ത് ചില എതിര്‍പ്പുകള്‍ തലപൊക്കി. വിഷയം ശിഹാബ് തങ്ങളുടെ സന്നിധിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അറുത്തുമുറിച്ച നിലയിലായിരുന്നു: ''ബഷീര്‍ തന്നെ മതി. മറ്റൊരാളെ കുറിച്ച് ആലോചിക്കുകയേ വേണ്ട!'' ആ വാക്കുകള്‍ക്കുമുന്നില്‍ എല്ലാ എതിര്‍പ്പുകളും മാഞ്ഞുപോയി.
ഇടയ്ക്കിടെ കൊടപ്പനക്കല്‍ തറവാടില്‍ ഓടിച്ചെല്ലാറുണ്ടായിരുന്നു. ചെന്നുകയറിയാല്‍ കൈപിടിച്ച് അടുത്തിരുത്തും. ചുറ്റുമിരിക്കുന്ന മറ്റുള്ള സന്ദര്‍ശകരോട് പറയും: ''അറിയാമല്ലോ, ഇതാണ് ന്യൂ മാഹിയിലെ കെ.കെ ബഷീര്‍.'' കോഴിക്കോട്ടുനിന്ന് വടക്കോട്ട് ദൂരയാത്രയുണ്ടെങ്കില്‍ ബഷീറിനെ നേരത്തെ തന്നെ വിളിച്ച് അറിയിക്കുമായിരുന്നു തങ്ങള്‍. മാഹി കുഞ്ഞിപ്പള്ളിക്കടുത്ത് കാത്തുനില്‍ക്കാന്‍ പറയും. അവിടെയെത്തിയാല്‍ കാറില്‍ കയറ്റി പലതും സംസാരിച്ചു യാത്ര തുടരും.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ മറ്റു പലരുമായും അടുത്തു സൗഹൃദം തുടരുന്നു ഇപ്പോഴും ബഷീര്‍. മയ്യഴിപ്പുഴയുടെ കഥാകാരന്‍ മുകുന്ദന്‍ തന്നെ അതിലൊരാള്‍. മുകുന്ദന് ഇത്തവണ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ലഭിച്ച ആദ്യ അഭിനന്ദനങ്ങളിലൊന്ന് ബഷീറിന്റേതായിരുന്നതും വെറുതെയല്ല. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ അടക്കം രാഷ്ട്രീയ, കക്ഷിഭേദങ്ങള്‍ക്കപ്പുറത്തേക്ക് ആ സൗഹൃദം പടര്‍ന്നുകിടക്കുന്നു.
പ്രാദേശികം തൊട്ട് സംസ്ഥാനതലം വരെയുള്ള നിരവധി സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നയാളു കൂടിയാണ് ബഷീര്‍. ഏതാണ്ട് നൂറോളം സംഘടനകളുടെ ഭാരവാഹിയോ പ്രധാന ചുമതലക്കാരനോ ഒക്കെയാണ് ഇന്നദ്ദേഹം. അഴിയൂരിലെ കല്ലാമലയില്‍ പി.വി മൊയ്തു ഹാജിയുടെയും ഖദീജയുടെയും മൂത്ത മകള്‍ നദീറയാണു ഭാര്യ. മക്കള്‍: ഷബീന, ഷനീറ, മുഹമ്മദ് ഷന്‍സിര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."