ഗൾഫ്, ഒമാൻ കടൽ വ്യോമ പാതയിലൂടെ വിമാനങ്ങൾക്ക് യു.എസ് സിവിൽ ഏവിയേഷൻ സഞ്ചാര അനുമതി പുനഃസ്ഥാപിച്ചു.
റിയാദ്: ഗൾഫ് മേഖലയിലെ ചില ഭാഗങ്ങളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. അറേബ്യൻ ഗൾഫ് മേഖലയിലൂടെടെയും ഒമാൻ കടൽ മേഖലയിലൂടെയും ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണമാണ് അമേരിക്കൻ സിവിൽ ഏവിയേഷൻ (എഫ് എ എ) പിൻവലിച്ചത്. അമേരിക്കൻ യാത്രാ വിമാനങ്ങൾക്ക് ഈ മേഖലയിലൂടെയുള്ള യാത്ര റൂട്ടുകൾ പുനഃസ്ഥാപിക്കാമെന്ന് ശനിയാഴ്ച്ച യു എസ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇറാൻ- യു എസ് സംഘർഷം രൂക്ഷമാകുകയും മേഖലയിൽ സൈനിക വിന്യാസം ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ മേഖലയിലൂടെയുള്ള സഞ്ചാര വിമാനങ്ങൾക്ക് ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് അമേരിക്കൻ സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ഇറാഖ്, ഇറാൻ ഉൾപ്പെടെ ചില അറബ് ഗൾഫ് മേഖലയിലെ വ്യോമ പാതകളിൽ കൂടി വിമാനം പറത്തരുതെന്നായിരുന്നു നിർദേശം നൽകിയത്. യുദ്ധ സമാന സാഹചര്യത്തിൽ സിവിലിയൻ വിമാനങ്ങൾ ആശയക്കുഴപ്പത്തിലാകാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഈ നീക്കം. കുവൈത്, സഊദി അറേബ്യ, ബഹ്‌റൈൻ, യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ചില മേഖലകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ഇറാൻ ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖലയിൽ നിന്നും ഇറാൻ വ്യോമാതിർത്തി മറികടക്കുന്ന എയർ റൂട്ടുകളിൽ വിമാനം പറത്താതിരിക്കാനും ജാഗ്രത പാലിക്കാനും നിർദേശിക്കുന്നതായും അമേരിക്കൻ സിവിൽ ഏജൻസി അറിയിച്ചു.
അടുത്തിടെയുണ്ടായ യുഎസ്-ഇറാൻ സംഘർഷങ്ങളുടെ മൂർദ്ധന്യത്തിൽ ഇറാൻ സൈന്യം അബദ്ധത്തിൽ ഒരു ഉക്രേനിയൻ യാത്രാ വിമാനം മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് കൊല്ലപ്പെട്ടത്. 1988 ൽ അറേബ്യൻ ഗൾഫിന് മുകളിലൂടെ പറന്ന ഇറാനിയൻ യാത്രാ വിമാനം അബദ്ധത്തിൽ യു എസ് നാവിക സേന വെടിവച്ചതിന്റെ പ്രതികാരമെന്നോണമാണ് ഉക്രൈൻ വിമാനം ഇറാൻ തകർത്തതെന്ന ആരോപണം ഉയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."