കേസ് വിധിയായിട്ടും സ്പോൺസർ സഹകരിക്കാത്തതിനാൽ ദുരിതത്തിലായ മലപ്പുറം സ്വദേശി ഒടുവിൽ നാടണഞ്ഞു
റിയാദ് : കേസ് വിധിയായിട്ടും സ്പോൺസർ സഹകരിക്കാത്തതിനാൽ ദുരിതത്തിലായ മലപ്പുറം സ്വദേശി സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ നാടണഞ്ഞു. നാലു വർഷമായി സ്പോൺസറോടൊപ്പം ജോലി ചെയ്തു വന്നിരുന്ന മലപ്പുറം തിരൂർ സ്വദേശി അൻസാറാണ് നാട്ടിലേക്ക് തിരിച്ചത്. കൃത്യമായി ശമ്പളം നൽകാതെയും മോശമായ പെരുമാറ്റം കൊണ്ട് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് എക്സിറ്റൊ താനാസുലോ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭാരിച്ച തുക നൽകണമെന്ന് ആവശ്യപ്പെട്ടു സ്പോൺസർ ഇദ്ദേഹത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
തുടർന്ന് സാമൂഹിക പ്രവർത്തകൻ ഷാനവാസ് രാമഞ്ചിറയുടെ നിർദ്ദേശപ്രകാരം ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. എന്നാൽ കോടതി വിധി മാനിക്കാതെ സ്പോൺസർ സഹകരിക്കായതോടെ വീണ്ടും പ്രതിസന്ധിയിലകപ്പെടുകയായിരുന്നു. ഇതിനിടയിൽ കേസ് കൈകാര്യം ചെയ്തിരുന്ന ഷാനവാസ് മാതാവിന്റെ മരണത്തോടെ നാട്ടിൽ പോയതിനെ തുടർന്ന് അൻസാർ റിയാദിലെ പല സാമൂഹിക പ്രവർത്തകരെയും ബന്ധപ്പെടുകയും പലരും പല തവണയായി സ്പോൺസറുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് ഇന്ത്യൻ എംബസിയെ സമീപിക്കുകയും തർഹീൽ വഴി എക്സിറ്റ് അടിച്ഛ് നാട്ടിൽ പോകാൻ ശ്രമം നടത്തി. എന്നാൽ കോടതി വിധി പ്രകാരവും ഹുറൂബ് അല്ലാത്തതിനാലും ജവാസാത്തിൽ നിന്ന് തന്നെ എക്സിറ്റ് ലഭിക്കുമെന്നതിനാൽ ഷാനവാസ് രാമഞ്ചിറ നാട്ടിൽ നിന്ന് വന്നതോടെ അതിനായുള്ള ശ്രമം തുടങ്ങി. എന്നാൽ, ഒറിജിനൽ ഇഖാമ കൈവശം ഇല്ലാത്തതിനാൽ 1000 റിയാൽ പിഴ അടക്കാൻ ഉദ്യോഗസ്ഥർ ആവശ്യപെട്ടെങ്കിലും നിസ്സഹായാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുകയും പിഴ ഒഴിവാക്കി എക്സിറ്റ് നൽകണമെന്ന അഭ്യർതന മാനിച്ഛ് പിഴ ഒഴിവാകുകയും ജവാസാത്തിൽ നിന്നും എക്സിറ്റ് നേടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."