നിങ്ങള്‍ ഡല്‍ഹിയിലേക്ക് വരൂ...
എന്തുകൊണ്ട് പൗരത്വ നിയമ ഭേദഗതി
രാജ്യത്ത് അനുദിനം വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിച്ചുവരികയാണ്. സാമ്പത്തിക മേഖലയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയും താറുമാറായി. ഇതെല്ലാം മറച്ചുവയ്ക്കാനാണ് പൗരത്വ നിയമ ഭേദഗതി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ ഹിന്ദു- മുസ്‌ലിം ഐക്യം തകര്‍ക്കാനായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.
എല്ലാവരും നിയമത്തിനെതിരെ
രംഗത്ത് വന്നു
രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഈ നിയമത്തിന് എതിരാണ്. രാജ്യത്തെ ഭരണഘടനയെ തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നത്. മുസ്‌ലിംകളെ മാത്രമല്ല എല്ലാവരെയും ബാധിക്കുമെന്ന ചിന്തയാണ് ഇതിന് കാരണമായത്. മുസ്‌ലിംകളെ പോലെ തന്നെ പിന്നോക്ക, ന്യൂനപക്ഷ, ദലിത് ആദിവാസി വിഭാഗങ്ങളെ കൂടി ഇത് ബാധിക്കും. എല്ലാ വിഭാഗം ജനങ്ങളും ഇതിനെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരണത്തിലേറിയവര്‍ക്കെതിരെയുള്ള ഒന്നിക്കല്‍ നാടിന് മുതല്‍കൂട്ടാണ്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചതിന് എന്തായാലും പൗരത്വ ഭേദഗതി നിയമത്തോട് കടപ്പാട് അറിയിക്കുകയാണ്. ഇത് രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമത്തിലൂടെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നു കാണിക്കാന്‍ സാധിച്ചു എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്.
പൗരത്വ നിയമം വലിയ പ്രതിസന്ധി
നോട്ട് നിരോധനകാലത്ത് വരിനിന്നത് പോലെ പൗരത്വത്തിനും ജനങ്ങള്‍ വരിനില്‍ക്കേണ്ട അവസ്ഥയാണ്. അസമിലെ അവസ്ഥ ഇതാണ്. അവിടെ നാലരലക്ഷം മുസ്‌ലിംകള്‍ക്ക് പൗരത്വം ലഭിച്ചില്ല. ദലിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ പന്ത്രണ്ടര ലക്ഷത്തോളം ആളുകള്‍ക്കും അവിടെ പൗരത്വം നഷ്ടമായിട്ടുണ്ട്. അസമില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഈ നിയമം. രാജ്യ വ്യാപകമായി ഇതു നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൗരത്വ നിയമം ആദ്യഘട്ടം മാത്രമാണ്. അടുത്ത് തന്നെ ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് സാധിക്കണം. ഇല്ലെങ്കില്‍ ഇനിയും പല നിയമങ്ങള്‍ കൊണ്ട് അവര്‍ നമ്മെ പിടിമുറുക്കും.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധം
മോദിയുടേയും മോഹന്‍ഭാഗവതിന്റെയും നിര്‍ദേശം കേട്ടാണ് ചിലര്‍ പ്രതിഷേധക്കാര്‍ക്കു നേരെ ആര്‍.എസ്.എസ് ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുന്നത്. മറ്റുചിലര്‍ ആര്‍.എസ്.എസിനോടുള്ള ഭക്തികൊണ്ടാണ് ഇതിനെതിരെ രംഗത്തു വരുന്നത്. അമിത്ഷായുടെയും കേന്ദ്രമന്ത്രിമാരുടെയും നിര്‍ദേശ പ്രകാരമാണ് ഇതെല്ലാം നടക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ പോലും പ്രതിഷേധക്കാരെ ദേശദ്രോഹികളാക്കി മാറ്റിയിരിക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് സാധിക്കില്ല. സമാധാനപരമായി നടത്തുന്ന സമരങ്ങളെ കലാപമാക്കി മാറ്റുക എന്ന ദൗത്യമാണ് ഭരണകൂടം നിര്‍വഹിക്കുന്നത്. അതാണ് ഷഹീന്‍ബാഗിലെയും ജാമിഅയിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്.
എന്തുകൊണ്ട് ജുമാമസ്ജിദ്
ജുമാമസ്ജിന്റെ പടവുകളില്‍ കയറി നിന്ന് ഞാന്‍ ഭരണഘടനയുടെ ആമുഖമാണ് വായിച്ചത്. അത് എന്റെ സഹോദരങ്ങളെല്ലാം ഏറ്റുവായിച്ചു. പിന്നെ ഞാനവരോട് പറഞ്ഞത് ഇങ്ങനെയാണ് 'ഈ രാജ്യം നിങ്ങളുടേതുമാണ്, ഞങ്ങള്‍ ഇവിടെയുള്ള കാലത്തോളം നിങ്ങളിവിടം വിട്ട് പോകേണ്ടതില്ല' സ്വാതന്ത്ര്യ സമര കാലത്ത് ജുമാ മസ്ജിന്റെ പടവുകളില്‍ കയറി നിന്ന് മൗലാന അബ്ദുല്‍ കലാം ആസാദ് ജനങ്ങളോട് പറഞ്ഞതും ഇതു തന്നെയാണ്. അതു തന്നെയാണ് ഞാനും അവരോട് ആവര്‍ത്തിച്ചത്.
മുസ്‌ലിം സഹോദരങ്ങളെ ബാധിക്കുന്ന പല വിഷയങ്ങള്‍ വന്നപ്പോഴും അവര്‍ തെരുവിലിറങ്ങിയില്ല. ഉദാഹരണത്തിന് ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ്, ബാബരി വിധി എന്നിവ വന്നപ്പോഴെല്ലാം അവര്‍ ക്ഷമ കാണിച്ചു. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടന അപകടത്തിലായപ്പോഴാണ് അവര്‍ തെരുവിലിറങ്ങിയത്. അതുകൊണ്ട് തന്നെ അവരോടൊപ്പമല്ലാതെ മറ്റാരോടൊപ്പമാണ് ഞാന്‍ സമരത്തിനിറങ്ങേണ്ടത്. അവരോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാകില്ല. ഇത് അവരുടെ മാത്രം പ്രശ്‌നമല്ല. എന്നാല്‍ ഇത് അവരുടേത് കൂടിയാണ്. ഈ സമരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്‌ലിംകളാണ്.
പൗരന്‍മാര്‍ തന്നെയാണ്
പ്രതിപക്ഷം
രാജ്യത്തെ ഓരോ സാധാരണ പൗരനും പ്രതിപക്ഷമായി എന്നതാണ് ഇപ്പോഴത്തെ നമ്മുടെ വിജയം. ജനമനസുകളില്‍ രൂപപ്പെടുന്ന ആശയങ്ങളാണ് ഭരണകൂടത്തിനെതിരെയുള്ള വികാരമായി ഉയര്‍ന്നു വരിക. പൗരത്വ നിയമത്തിനെതിരെ വരും ദിവസങ്ങളില്‍ സമുദ്രത്തെക്കാള്‍ വലിയ അലകളുയര്‍ത്തുന്ന സമരം നടക്കും. ഭരണഘടനയും മതനിരപേക്ഷതയും തകര്‍ത്തു ഗൂഢ ലക്ഷ്യത്തോടെ ഭരണം നടത്തുന്നവരില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കുക തന്നെ ചെയ്യും. ജനങ്ങളുടെ ശക്തി വിജയിക്കും, ഭരണഘടന വിജയിക്കും എന്നതാണ് നമ്മുടെ മുദ്രാവാക്യം. ബ്രിട്ടീഷുകാരെ തുരത്തിയോടിച്ചെങ്കില്‍ രാജ്യത്തെ കള്ളന്‍മാരെ തുരത്തിയോടിക്കാനും നമുക്ക് സാധിക്കും.
ഭരണഘടനയെ തകര്‍ക്കുക
ആര്‍.എസ്.എസിന്റെ പ്രാഥമിക ലക്ഷ്യം
ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് പ്രാഥമികമായി ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും ലക്ഷ്യം. അത് ഓരോ ഘട്ടത്തിലും നടത്തിക്കൊണ്ടേയിരിക്കുകയാണ്. സവര്‍ക്കരുടെ ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തന്നെ എതിര്‍ക്കുന്ന കാഴ്ചകളാണ് രാജ്യത്തെ ഓരോ തെരുവുകളിലും കാണുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ് ഭരണഘടന സംരക്ഷിക്കുക എന്നത്. അതിന് വേണ്ടി സമാധാനപരമായ സമരമാണ് നാം ചെയ്യേണ്ടത്. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ ഭരണഘടനാനുസൃതമായ നിയമം നടപ്പാക്കാന്‍ നാമെല്ലാവരും ഒന്നിച്ചു നില്‍ക്കണം.
ഭരണഘടനയാണ് പ്രതിഷേധത്തിന്റെ
പ്രധാന ആയുധം
ഭരണഘടയുടെ ആമുഖം വായിക്കുന്നത് വരെ രാജ്യദ്രോഹ കുറ്റമായാണ് അവര്‍ കാണുന്നത്. ഭരണഘടന ആയുധമാക്കി തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭരണകൂടത്തിന് നിശബ്ദരാക്കാന്‍ സാധിക്കില്ല.
ഭരണഘടന മുന്‍ നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വെടിയുണ്ടകള്‍ക്കോ ജയിലുകള്‍ക്കോ സാധ്യമല്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലധിഷ്ടിതമായ നിയമങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ പിന്തുടരുക. അല്ലാതെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നും ചുട്ടെടുത്ത നിയമങ്ങളല്ല.
യോജിച്ച പോരാട്ടം അനിവാര്യം
പ്രതിപക്ഷം ശക്തമായ രീതിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്തരത്തില്‍ രാജ്യത്ത് വലിയ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ ഓരോരുത്തര്‍ക്കും പങ്കുണ്ടെന്നത് വസ്തുതയാണ്. രാജ്യത്തെ ഓരോരുത്തരും അതിന് ഉത്തരവാദികളാണ്. അത് മറച്ചു വയ്ക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം വിഭിന്നമാണ്. യോജിച്ച പോരാട്ടമാണ് എല്ലായിടത്തും നടക്കുന്നത്. അത് തുടരുക തന്നെ വേണം. ഇനിയും ഭിന്നിച്ചാല്‍ അവര്‍ തന്നെ വിജയിക്കുമെന്ന കാര്യം ഓരോ നിമിഷത്തിലും നമ്മള്‍ ഓര്‍ക്കണം.
പ്രതിഷേധത്തില്‍ നിന്ന്
ഒരു മൈക്രോ ഇഞ്ചു പോലും പിന്നോട്ടില്ല
ജനദ്രോഹ ഭരണകൂടത്തിനെതിരെ ശക്തമായ രീതിയില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നു വരേണ്ടത്. അതിനുള്ള തയാറെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ യോജിച്ച പോരാട്ടം ഐക്യത്തോടെ തന്നെ സാധ്യമാക്കണം. ഇത് ജനങ്ങളുടെ പോരാട്ടമാണ്. അല്ലാതെ രാഷ്ട്രീപാര്‍ട്ടികളുടെ പോരാട്ടമല്ല. അതുകൊണ്ട് തന്നെ മുസ്‌ലിം, ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളും ഈ സമരത്തിന്റെ ഭാഗമാകണം. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നത് ഭരണഘടനയാണ്. അതുകൊണ്ട് അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന തന്നെ ഇവിടെ നിലനിര്‍ത്താന്‍ നമ്മള്‍ തെരുവിലിറങ്ങി പോരാട്ടം തുടരുക തന്നെ ചെയ്യും. പൗരത്വ നിയമത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലായെന്നാണ് അമിത്ഷായും മോദിയും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് ഒരു മൈക്രോ ഇഞ്ച് പോലും പിന്നോട്ട് പോകാന്‍ ഞങ്ങള്‍ തയാറല്ല.
നിങ്ങള്‍ ഡല്‍ഹിയിലേക്ക് വരൂ
ഓരോയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ തന്നെ പലയിടങ്ങളിലായാണ് സമരങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും പ്രതിഷേധം ഉയര്‍ന്നുവരുമ്പോഴും ഭരണകൂടം ഭയപ്പെടുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളും ശക്തമാണ്. നമ്മുടെ പ്രതിഷേധങ്ങളുടെ ലക്ഷ്യം ഒന്നാണ്. ആ ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കില്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രതിഷേധിക്കണം. എല്ലാ സമരങ്ങളും ഒന്നിക്കണം. പ്രതിഷേധങ്ങള്‍ക്ക് ശക്തിപകരാന്‍ മലയാളികളേ നിങ്ങള്‍ ഡല്‍ഹിയിലേക്ക് വരൂ. എന്നിട്ട് നമുക്ക് ഭരണകൂടത്തെ വിറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."