'വയോജന ജാഗ്രതാ സമിതി രൂപീകരിക്കണം'
കല്‍പ്പറ്റ: വയോജന ജാഗ്രതാ സമിതികള്‍ ജില്ലയിലെ മുഴുവന്‍ പഞ്ചാത്തുകളിലും ഒരുമാസത്തിനുള്ളില്‍ രൂപീകരിക്കണമെന്ന് സംബന്ധിച്ച നിയമസഭാസമിതി നിര്‍ദേശം നല്‍കി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുമെന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ സി.കെ നാണു എം.എല്‍.എ പറഞ്ഞു. എ.പി.ജെ ഹാളില്‍ ചേര്‍ന്ന സമിതി സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കാനും സമിതി നിര്‍ദേശിച്ചു. സിറ്റിങില്‍ ഉന്നയിച്ച പരാതികളില്‍ തുടര്‍ ചര്‍ച്ചയ്ക്കായി പഞ്ചായത്ത് തലത്തില്‍ വേദിയൊരുക്കാന്‍ പഞ്ചായത്ത് ഉപഡയരക്ടരോട് സമിതി ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് പിന്നാക്ക വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട അര്‍ഹരായ വയോജനങ്ങളുടെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. വയോജനങ്ങള്‍ക്കായി പഞ്ചായത്ത് തലത്തില്‍ മൊബൈല്‍ ഹെല്‍ത്ത് കെയര്‍ യൂനിറ്റ് പരിഗണിക്കുമെന്ന് ഡി.എം.ഒ ആര്‍. രേണുക അറിയിച്ചു. വയോജനങ്ങളുടെ പരാതികള്‍ കമ്യൂണിറ്റി പൊലിസ് സ്റ്റേഷന്‍ വഴി പരിഹരിക്കുന്നുണ്ടെന്ന് അഡീഷണല്‍ എസ്.പി കെ.കെ മൊയ്തീന്‍ കുട്ടി അറിയിച്ചു. വിവിധ വയോജന സംഘടനാ പ്രതിനിധികളും വ്യക്തികളും സമിതിക്കു മുമ്പാകെ പരാതി നല്‍കി. വയോജനങ്ങളുടെ കടബാധ്യത എഴുതിതള്ളണമെന്നും പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും പെന്‍ഷന്‍ അനുപാതം ഏകീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. അറുപത് വയസ് കഴിഞ്ഞ പൗരന്‍മാര്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയും നിയമസഹായവും ഉറപ്പാക്കണം. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്റെ പേരില്‍ വയോജനങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ പെന്‍ഷന്‍ നിഷേധിക്കുന്നത് ഒഴിവാക്കണം. ക്ഷീര കര്‍ഷകര്‍ അടച്ച വിഹിതമാണ് മില്‍മയുടെ പെന്‍ഷനായി ലഭിക്കുന്നതെന്നും പരാതിക്കാര്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയുടെ പിന്നാക്ക അവസ്ഥ പരിഗണിച്ച് വയോമിത്രം പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാനും അങ്കണവാടി വഴി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സംവിധാനം വേണമെന്നും ആവശ്യമുയര്‍ന്നു. സമിതി സിറ്റിങില്‍ അംഗങ്ങളായ പി. അബ്ദുല്‍ ഹമീദ് എ.എല്‍.എ, പ്രൊഫ. കെ.യു അരുണന്‍ എ.എല്‍.എ, ജോ.സെക്രട്ടറി ആര്‍. സജീവന്‍, എ.ഡി.എം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."