സ്‌നേഹശാസ്ത്രം
''എന്താണീ പാലിയേറ്റിവിന്റെ വണ്ടി? എന്താ അവര് വന്നു
ചെയ്യുന്നേ?''
സ്‌കൂള്‍ അവധിക്കാലത്ത്, ക്ലിനിക്കിനുമുന്‍പിലെ പറമ്പില്‍ കളിക്കാന്‍ വന്ന കുട്ടികളാണ് ഈ ചോദ്യം ചോദിച്ചത്. പാലിയേറ്റിവ് കെയര്‍ അഥവാ സാന്ത്വന ചികിത്സ.
രോഗനിവാരണത്തോടൊപ്പം പരിഗണിക്കേണ്ട ഒരു വിഷയമാണു രോഗം കൊണ്ടുണ്ടാക്കുന്ന കഷ്ടതകള്‍ കുറക്കുക എന്നതും. രോഗം കൊണ്ടുള്ള കഷ്ടതകള്‍ എന്നു പറയുമ്പോള്‍, നമ്മള്‍ ആദ്യം ചിന്തിക്കുക വേദനയെ കുറിച്ചാണ്. വേദന, ഛര്‍ദി, കീമോ പോലുള്ള ചികിത്സകള്‍ എടുക്കുന്ന രോഗികള്‍ക്കുള്ള ക്ഷീണം എന്നിവയൊക്കെ ശാരീരികമായ കഷ്ടതകളാണ്. ഇതോടൊപ്പം തന്നെ ദീര്‍ഘകാലമായി രോഗം കാരണം ബുദ്ധിമുട്ടിലായ രോഗിക്കു മാനസികമായും സാമൂഹ്യമായും ആത്മീയമായും സാമ്പത്തികമായുമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ട അവസ്ഥ വരും. അപ്പോഴൊക്കെ ഒരു കൂട്ടായ്മ രോഗിക്കും കുടുംബത്തിനുമൊപ്പം സാന്ത്വനമായി നില്‍ക്കുക എന്നതാണ് പാലിയേറ്റിവ് കെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ മൂത്രത്തിന്റെ ട്യൂബ് മാറ്റലും ബി.പി നോക്കലും മാത്രമല്ല.
ഒറ്റപ്പെടല്‍, മറ്റുള്ളവര്‍ക്കു താന്‍ ഭാരമാകുന്നുണ്ടോ എന്നുള്ള ചിന്ത, വ്യക്തിക്കും കുടുംബത്തിനുമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ സാമൂഹ്യ പ്രശ്‌നങ്ങള്‍ തന്നെയാണ്. മരുന്നുകള്‍ക്കുപരിയായി ഇത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുക എന്നുള്ളത് ഒരു പ്രധാന പ്രശ്‌നമാണ്.
ആരംഭകാലത്ത് മരണാസന്നരായ രോഗികള്‍ക്ക്, കൂടുതലായും കാന്‍സര്‍ രോഗികള്‍ക്ക്, ആയിരുന്നു പാലിയേറ്റിവ് കെയര്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. രോഗം കണ്ടെത്തുന്നതുമുതല്‍, രോഗത്തിന്റെ ഏതു ഘട്ടത്തിലാണെങ്കിലും, അതു ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്നതാണെങ്കിലും അല്ലെങ്കിലുമൊക്കെ പാലിയേറ്റിവ് കെയര്‍ നല്‍കുന്നുണ്ട്. രോഗപീഡകളില്‍നിന്നുള്ള ശരീരത്തിന്റെ മുക്തി ഏതൊരാള്‍ക്കും ലഭ്യമാക്കുക എന്നത് സമൂഹത്തിന്റെ കടമയായി മാറണം.
പാലിയേറ്റിവ് കെയര്‍ ടീമില്‍
ആരൊക്കെ?
ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, സാമൂഹ്യ പ്രവര്‍ത്തകര്‍, പാലിയേറ്റിവ് വളന്റിയര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മയാണിത്.
കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണു പറമ്പില്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന രാജേട്ടന്‍ അടുത്തു വന്ന് ഒരു കാര്യം പറഞ്ഞത്:
''ഉച്ച പണിയുള്ള ദിവസം ഞാന്‍ പാലിയേറ്റിവ് വളന്റിയറായി പോകാറുണ്ട്. കിടപ്പിലായ രോഗികളെയൊക്കെ എടുത്തു കൊണ്ടുവന്നു കുളിപ്പിക്കും. കൂടെയുള്ള നഴ്‌സ് മൂത്രത്തിന്റെ ട്യൂബ് ഒക്കെ മാറ്റുമ്പോ സഹായിക്കും. അന്നേരത്തൊക്കെ അവരുടെ മുഖത്തുള്ള സമാധാനവും സ്‌നേഹവും കാണണം. പിന്നെ വേറെ ഒന്നും വേണ്ട. കിടപ്പിലായാല്‍ പിന്നെ പോയില്ലേ മനുഷ്യന്റെ കാര്യം.''
ആര്‍ക്കൊക്കെ
വളന്റിയറാവാം?
ജോലിയോ വിദ്യാഭ്യാസമോ പ്രായമോ ഒന്നും ഒരു മാനദണ്ഡമോ തടസമോ അല്ല. ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍, വീട്ടമ്മമാര്‍ എന്നു തുടങ്ങി നിങ്ങളുടെ സമയം സഹജീവിക്കു നല്‍കാന്‍ മനസുള്ള ആര്‍ക്കും പാലിയേറ്റിവ് വളന്റിയറാവാം.
പാലിയേറ്റിവ് പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനം കേരളമാണ്. സമൂഹ്യപങ്കാളിത്തത്തോടെ കാര്യങ്ങള്‍ കൊണ്ടുപോകുന്നത്, പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും ചെറിയ തോതിലെങ്കിലും പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുന്നുവെന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. 2008 മുതല്‍ പാലിയേറ്റിവ് കെയര്‍ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. ജനുവരി 15 പാലിയേറ്റിവ് ദിനമായി ആചരിക്കുന്നു.
രോഗികളുടെ എണ്ണവും ആവശ്യങ്ങളും വച്ചുനോക്കുമ്പോള്‍ ഇന്നു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ചെറിയ ശതമാനം മാത്രമാണെങ്കിലും ഇതിനു തുടര്‍ച്ചകളുണ്ടാക്കാന്‍ നമുക്ക് സാധിക്കണം. പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.
1. ഹോം കെയര്‍
വണ്ടിയില്‍ വീട്ടിലേക്കു വരുന്ന ഡോക്ടറെയും നഴ്‌സിനെയും കാണുന്നത് ഇതിന്റെ ഭാഗമായാണ്. കിടപ്പിലായ രോഗികളെ ആശുപത്രികളിലേക്കു കൊണ്ടുവരാനുള്ള ബുദ്ധിമുട്ട്, യാത്രാചെലവ് എന്നിവയ്‌ക്കൊക്കെ പരിഹാരം കാണാന്‍ ഇതുവഴി സാധ്യമാകുന്നു.
2. ഔട്ട് പേഷ്യന്റ് കെയര്‍
ഒ.പിയില്‍ വരാന്‍ പറ്റുന്ന രോഗികള്‍ക്ക് ഡോക്ടറെ കാണാനും മറ്റു സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള സൗകര്യമാണിത്.
3. ഇന്‍ പേഷ്യന്റ് കെയര്‍
വീട്ടില്‍നിന്നുള്ള പരിചരണം മതിയാകാത്ത രോഗികള്‍ക്ക് ഹോസ്പിറ്റലുകളില്‍നിന്നു കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സര്‍ക്കാര്‍ സ്ഥാപങ്ങളോടൊപ്പം സര്‍ക്കാറിതര സന്നദ്ധ സംഘടനകളും സാന്ത്വന പരിചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
''നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കുകയും വേണ്ട പരിചരണങ്ങള്‍ നല്‍കുകയും ചെയ്യുക. അല്ലാത്തപക്ഷം, മരണാനന്തരം ദൈവം നിങ്ങളോട് ചോദിക്കുക നീ എന്തേ എന്നെ കാണാന്‍ വന്നില്ല, എന്നെ പരിചരിക്കാന്‍ വന്നില്ല എന്നായിരിക്കും.''
രോഗീപരിചരണം ദൈവത്തോളം മഹത്തരമായ പ്രവൃത്തിയാണെന്നാണ് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്. ശാസ്ത്രവും ഓര്‍മിപ്പിക്കുന്നത് അതുതന്നെ. ശാസ്ത്രവും സ്‌നേഹവും മനുഷ്യനന്മയ്ക്ക് എന്ന പാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."