എന്‍.പി.ആര്‍: സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: പൗരത്വപ്പട്ടികയ്ക്ക് മുന്നോടിയായി തയാറാക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററി(എന്‍.പി.ആര്‍)നെതിരേ വ്യാപകമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി രജിസ്ട്രാര്‍ ജനറല്‍ വിവേക് ജോഷി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. രജിസ്ട്രാര്‍ ജനറലിനാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന ചുമതലയുള്ളത്. കേരളത്തിനു പിന്നാലെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ അസംബ്ലിയില്‍ പ്രമേയം പാസാക്കിയ പഞ്ചാബ് ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാനമാണ്. രാജ്യവ്യാപകമായി പൗരത്വപ്പട്ടിക തയാറാക്കാനുള്ള നീക്കത്തോട് സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരെ വിട്ടുനല്‍കാതെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുക സാധ്യമല്ല. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജനസംഖ്യാ രജിസ്റ്ററിനെ പൂര്‍ണമായും എതിര്‍ക്കുമ്പോള്‍ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും രജിസ്റ്ററിലെ മാതാപിതാക്കളുടെ ജന്‍മസ്ഥലം ഉള്‍പ്പടെയുള്ള ചില ചോദ്യങ്ങളില്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.
ജനുവരിയില്‍ രജിസ്ട്രാര്‍ ജനറല്‍ വിവേക് ജോഷി, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവര്‍ സെന്‍സസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പങ്കെടുത്തു. സെന്‍സസിനൊപ്പമാണ് ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നത്. ഇതിന്റെ നടപടികള്‍ ഏപ്രില്‍ ഒന്നിനു തുടങ്ങും. ഇതിനു മുമ്പായി എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി രജിസ്ട്രാര്‍ ജനറല്‍ വിവേക് ജോഷി ചര്‍ച്ച നടത്തും.
ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുമ്പോള്‍ അതോടൊപ്പം ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയും ശേഖരിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."