തൃക്കുളത്ത് വയലില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം നശിപ്പിച്ചു
തിരൂരങ്ങാടി: വയലില്‍ രഹസ്യമായി നടത്തിവന്ന കഞ്ചാവ് കൃഷി എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. തൃക്കുളം കരിപ്പറമ്പ് കോട്ടുവാലക്കാട് നൂറ്റിരുത്തി ശ്മാശാനത്തിനു സമീപം സ്വകാര്യ വ്യക്തികളുടെ വയലിലാണ് നാലു മാസത്തോളം പ്രായമുള്ള ഏഴ് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ഒന്നര മീറ്ററോളം ഉയരത്തില്‍ വളര്‍ന്നുനിന്ന ചെടികള്‍ക്കു വെള്ളം നനച്ച് പരിപാലിച്ചുപോരുന്ന നിലയിലായിരുന്നു. ചെടികള്‍ക്കു പ്രത്യേകം തടംതീര്ത്തിരുന്നു. ആറു മാസത്തിനകം വിളവെടുക്കാന്‍ സാധിക്കുമെന്നും ഏഴു ചെടികളില്‍നിന്നുള്ള കഞ്ചാവിനു മാര്‍ക്കറ്റില്‍ ഒരു ലക്ഷംരൂപവരെ ലഭിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ ആറിനായിരുന്നു പരിശോധന. ഒറ്റപ്പെട്ടുകിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായതിനാല്‍ ആള്പെരുമാറ്റം കുറഞ്ഞതാണ് കഞ്ചാവ് ലോബിക്കു തുണയായത്. തിരൂരങ്ങാടി എക്സൈസ് സി.ഐ രാഗേഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഭാസ്കരന്, പ്രിവന്റീവ് ഓഫിസര്‍മാരായ അഭിലാഷ്, സുര്‍ജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജു, ചന്ദ്രമോഹന് എന്നിവരാണ് പരിശോധന നടത്തിയത്. കഞ്ചാവ് എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."