മുന്‍ സര്‍ക്കാരിനെതിരേ വാര്‍ത്താകുറിപ്പ്; വിശദീകരണം തേടി എം.എല്‍.എ
മലപ്പുറം: മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതരത്തില്‍ വാര്‍ത്താകുറിപ്പിറക്കിയ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ നടപടി ജില്ലാ വികസന സമിതി യോഗത്തില്‍ ചോദ്യം ചെയ്ത് സി. മമ്മൂട്ടി എം.എല്‍.എ. കഴിഞ്ഞ നാലിന് പി.ആര്‍.ഡി ഇറക്കിയ വാര്‍ത്താകുറിപ്പാണ് വിവാദമായത്.
മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതിനു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയച്ചുവയുള്ള നിലപാടില്‍ അതൃപ്തിയറിയിച്ച എം.എല്‍.എ, 2013ല്‍ യു.ഡി.എഫ് ഭരണകാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതെന്നും ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പാണ് അതെന്നായിരുന്നു പി.ആര്‍.ഡി ഉദ്യോഗസ്ഥന്റെ വിശദീകരണം. എങ്കില്‍ അക്കാര്യം സഭയില്‍ ചോദ്യചെയ്യാമായിരുന്നെന്നും പി.ആര്‍.ഡിയുടെ ജില്ലാ വാര്‍ത്താകുറിപ്പില്‍ അടിസ്ഥാനരഹിതമായി ഇത്തരം പരാമര്‍ശങ്ങള്‍ കടന്നതെങ്ങനെയെന്നു വ്യക്തമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. താന്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്നും അടുത്ത വികസന സമിതിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇതുസംബന്ധിച്ചു കൃത്യമായ വിശദീകരണം നല്‍കുമെന്നും പി.ആര്‍.ഡി പ്രതിനിധി യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."