മായരുത്, ഈ മഴവില്‍ മഞ്ജിമ!
ഇന്ത്യന്‍ ദേശീയ പതാക ആദ്യമായി ഉയര്‍ത്തപ്പെട്ടത് 1947 ഓഗസ്റ്റ് 15 നു ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഒരു സായാഹ്നത്തിലാണ്. ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു പതാക ഉയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ഒരു ചാറ്റല്‍ മഴയുണ്ടാവുകയും ആകാശത്ത് ഒരു സപ്തവര്‍ണ്ണങ്ങള്‍ സമ്മേളിച്ച ഒരു മഴവില്ല് പ്രത്യക്ഷപ്പെടുകയും ചെയ്തു. അന്ന് അവിടെ ഉയര്‍ത്തിയ ദേശീയ പതാകയും ആകാശത്ത് വിരിഞ്ഞ മാരിവില്ലും നവജാതമായ രാഷ്ട്രത്തിന്റെ ബഹുസ്വര സ്വഭാവത്തിന്റെ പ്രതീകമായിരുന്നു. കുങ്കുമവും വെള്ളയും പച്ചയും നിറങ്ങളും നീല നിറത്തിലുള്ള അശോകചക്രവും കൊണ്ട് അലംകൃതമായ ദേശീയ പതാക ഇന്ത്യയിലെ വൈവിധ്യ പൂര്‍ണമായ ജനതയേയും പ്രകൃതിയേയും ചേതോഹരമായി പ്രതിനിധാനം ചെയ്തു. വള്ളത്തോള്‍ നാരായണ മേനോന്‍ രചിച്ച പതാക ഗാനത്തില്‍ പറയും പോലെ ഏകോദര സോദരരായി ഏകീഭാവത്തോടു കൂടി നിലകൊള്ളാന്‍ ആ പതാക ഇന്ത്യന്‍ ജനതയ്ക്ക് പ്രചോദനം നല്‍കുന്നു. നമ്മള്‍ നൂറ്റ നൂലുകൊണ്ട്, നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട് നിര്‍മിച്ച, ഈ നിത്യസ്വതന്ത്രത, അനീതിയുടെ അന്ത്യാവരണവും സത്യത്തിന്റെ ദീപനാളവുമാണ്.
'മഴവില്‍ ദേശം' എന്ന് സാധാരണ വിളിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയെയാണ്. വര്‍ണ്ണ വിവേചനത്തിന്റെ ഇരുള്‍ മൂടിയ കാലത്തെ അതിജയിച്ച്, നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ണങ്ങളേയും ഗോത്രങ്ങളേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രമായി ദക്ഷിണാഫ്രിക്ക ഉദയം ചെയ്തപ്പോള്‍ ആര്‍ച്ച് ബിഷപ്പ് ടെസ്‌മോന്‍ഡ് ടുട്ടുവാണ് അവരുടെ രാഷ്ട്രത്തെ 'മഴവില്‍ ദേശം' എന്ന് ആമോദപൂര്‍വം വിശേഷിപ്പിച്ചത്. എന്നാല്‍ ലോകത്തിന്റെ പരിച്ഛേദം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യയാണ് എന്ത് കൊണ്ടും 'മഴവില്‍ ദേശം' എന്ന് വിളിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ള രാഷ്ട്രം.
ഇന്ത്യയുടെ ഉത്തര സീമയായ ലഡാക്കില്‍ വസിക്കുന്ന ഡ്രോക്പാ ഗോത്രക്കാര്‍ ക്രിസ്തുവിന് 326 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെ ആക്രമിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമികളായ ശുദ്ധ ആര്യന്‍ വംശജരാണ്. എന്നാല്‍ ഇന്ത്യയുടെ ദക്ഷിണ മുനമ്പ് ആയ അന്‍ഡമാനില്‍ വസിക്കുന്ന ജാറാവ, ഓംഗി ഗോത്രക്കാര്‍ ആഫ്രിക്കന്‍ സ്വഭാവങ്ങളുള്ള നെഗ്രിറ്റോ വംശജരാണ്. ആല്‍ വിത്ത്, മഹാവൃക്ഷത്തെ എന്ന പോലെ ഇന്ത്യ ലോകത്തെ തന്റെ ആത്മാവില്‍ ആവാഹിച്ചിരിക്കുന്നു എന്നതിന് നിദര്‍ശനമാണ് ഈ യാഥാര്‍ഥ്യം. ഇന്ത്യയുടെ ഹൃദയത്തില്‍ യൂറോപ്പും ആഫ്രിക്കയും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഈ ആരാമത്തില്‍ വെളുത്ത പൂവും കറുത്ത പൂവും സുഗന്ധം പരത്തുന്നു. ഇന്ത്യന്‍ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയപ്പോള്‍ വാനില്‍ വിരിഞ്ഞ ഇന്ദ്രധനുഷ്, ഇന്ത്യയുടെ ഈ സപ്തവര്‍ണ്ണ സമാനമായ വൈവിധ്യങ്ങളുടെ പ്രതീകമായിരുന്നു.
എല്ലാവരേയും ഉള്‍ക്കൊള്ളുക എന്നതായിരുന്നു ഇന്ത്യന്‍ പാരമ്പര്യം. ഇറാനികളും ദുറാനികളും ആംഗ്ലോ-ഇന്ത്യക്കാരും ഇങ്ങനെ ഇന്ത്യയുടെ ഭാഗമായി മാറി. ഉര്‍ദു കവി ഫിറാഖ് ഗോരഖ് പുരി ഇന്ത്യയുടെ സഞ്ചിത സംസ്‌കാരത്തെ ഇങ്ങനെയാണ് വിവരിച്ചത്:
'ഹര്‍ തരഫ് സെ കാരവന്‍
ഇസ് മുല്‍ക്ക് മേം ആതി ഗയി
സബ് കോ ഘര്‍ മില്‍ത്ത ഗയ
ഹിന്ദുസ്ഥാന്‍ ബാനത്തെ ഗയ'
(ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും
സാര്‍ത്ഥവാഹക സംഘങ്ങള്‍ ഇന്ത്യയിലെത്തി
അവര്‍ക്കെല്ലാം ഇന്ത്യ അഭയം നല്‍കി;
അങ്ങനെയാണ് ഹിന്ദുസ്ഥാന്‍ ഉണ്ടായത്).
ഈ രാഷ്ട്രം നിര്‍വചിക്കപ്പെട്ടത് ഏതെങ്കിലും ഒരു വംശത്തിന്റെ അടിസ്ഥാനത്തിലല്ല. ഭൂമിശാസ്ത്രത്തിന്റെ അടിത്തറയിലാണ്.
'ഉത്തരം യദ് സമുദ്രസ്യ
ഹിമാന്ദ്രേശ്ചവ ദക്ഷിണം
വര്‍ഷം തദ് ഭാരതം നാമ
ഭാരതി അത്ര സംതതി'
-എന്ന് വിഷ്ണു പുരാണത്തിലും
'ഹിമാലയം സമരംഭ്യ
യവത് ഇന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രച്ഛക്ഷ്യതേ'
-എന്ന് ബൃഹസ്പതി ആഗമത്തിലും ഇന്ത്യയെ നിര്‍വചിക്കുന്നു. ഈ രണ്ടു പുരാതന നിര്‍വചനങ്ങളും ഭൂമിശാസ്ത്രപരമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത് സൈന്ധവ നാഗരികതയുടെ ഉദയത്തോടെയാണ്. ദ്രാവിഡ ജനതയുടേതായിരുന്നു ഈ വര്‍ണ്ണശബളമായ നാഗരികത. ഈ നഗരസഞ്ചയങ്ങളെ തകര്‍ത്ത് കൊണ്ട് ആര്യന്മാര്‍ മധ്യേഷ്യയില്‍ നിന്ന് കുതിച്ചെത്തി. അവര്‍ നഗരങ്ങളെ തകര്‍ത്തു. അവരുടെ മുഖ്യദൈവമായ ഇന്ദ്രന്‍, പുരന്ദരന്‍ (നഗരങ്ങളെ തകര്‍ത്തവന്‍) എന്നറിയപ്പെട്ടത് ഇതിനാലാണ്. ഇന്ത്യാ ചരിത്രത്തിലെ ആദ്യ കുടിയേറ്റം ഇതാണ്. അതിന് ശേഷം ഒട്ടേറെ ജനസഞ്ചയങ്ങള്‍ ഇന്ത്യയുടെ മനോഹര ഭൂമിയിലേക്ക് കടന്നുവന്നു. അവരെയൊക്കെ സമുദ്രം നദികളെ സ്വീകരിക്കുന്നത് പോലെ ഇന്ത്യ ഉള്‍ക്കൊണ്ടു.
ഗ്രീക്ക് വംശജര്‍ ഇന്ത്യയില്‍ രാജവംശങ്ങള്‍ സ്ഥാപിച്ചു. ഡിമിട്രിസ്, അപ്പോളൊഡോടസ് തുടങ്ങിയ ഗ്രീക്ക് രാജാക്കന്മാര്‍ ബുദ്ധമതം സ്വീകരിക്കുകയും ഗാന്ധാര കല എന്ന ഇന്ത്യന്‍-ഗ്രീക്ക് സമ്മിശ്ര കലാ ശൈലിക്ക് ജന്മം നല്‍കുകയും ചെയ്തു. മെനാന്‍ഡര്‍ എന്ന ഗ്രീക്ക് രാജാവും നാഗസേനന്‍ എന്ന ബുദ്ധസന്യാസിയും തമ്മിലുള്ള സംവാദമാണ് പ്രസിദ്ധമായ 'മിലിന്ദപന്‍ഹോ' (മെനാന്‍ഡറുടെ ചോദ്യങ്ങള്‍) എന്ന തത്ത്വചിന്താ ഗ്രന്ഥം. ചൈനയിലും മ്യാന്മറിലും ഇന്നും ബുദ്ധമത വിശ്വാസികള്‍ വിശുദ്ധ ഗ്രന്ഥമായി കാണുന്ന ഇത് ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന കൃതിയാണ്. എങ്ങനെയാണ് ഇന്ത്യ മറ്റുള്ള ജനതകളെ ഉള്‍ക്കൊണ്ടത് എന്നതിനും അവര്‍ എങ്ങനെ ഇന്ത്യന്‍ സംസ്‌കൃതിയെ സമ്പന്നമാക്കി എന്നതിനും തെളിവാണ് മെനാന്‍ഡറുടെയും ബാക്ട്രിയന്‍ രാജാക്കന്മാരുടെയും ചരിത്രം.
പിന്നീട് ഇന്ത്യയില്‍ ഭരണം നടത്തിയ വൈദേശിക വംശമാണ് കുശാന രാജവംശം. പൊതുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖല ഭരിച്ച ചൈനീസ് വംശമാണ് കുശാന വംശം. വാരാണസി വരെ നീണ്ട ഈ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കനിഷ്‌കന്‍. ഇവരും ഇന്ത്യന്‍ പാരമ്പര്യം ഉള്‍ക്കൊള്ളുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ അടിമ വംശം സ്ഥാപിച്ച ഖുതുബുദ്ദീന്‍ ഐബക്ക് തുര്‍ക്കിഷ് വംശജനും അതിനു ശേഷം വന്ന ഖില്‍ജി രാജവംശം അഫ്ഗാന്‍ രക്തമുള്ളവരും ആയിരുന്നു. തുഗ്ലക്ക് വംശം തുര്‍ക്കികളും ശേഷം വന്ന സയ്യിദ് വംശം അറബികളുമായിരുന്നു. വീണ്ടും അഫ്ഗാന്‍ വംശം ഇന്ത്യ ഭരിച്ചു -അതാണ് ലോദി വംശം.
പിന്നീട് വന്ന മഹാന്മാരായ മുഗളന്മാര്‍ മംഗോളിയന്‍ വംശ പാരമ്പര്യമുള്ളവരായിരുന്നു. ഇവരാരും തന്നെ ഇന്ത്യയെ കൊള്ളയടിച്ച് കോളണിയാക്കി ഭരിച്ചില്ല; മറിച്ച് അവര്‍ ഇന്ത്യ എന്ന സമുദ്രത്തില്‍ ലയിച്ചു ചേര്‍ന്ന് ഇവിടം സമ്പന്നമാക്കി. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇക്കാര്യത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സംഗീതം, കല, തത്ത്വ ചിന്ത തുടങ്ങി സമസ്ത മേഖലകളിലും അവര്‍ ഇന്ത്യയെ സമകാലീന ലോകത്തെ സൂപ്പര്‍ പവറാക്കി മാറ്റി. താജ്മഹലും മയൂര സിംഹാസനവും മുതല്‍ മുഗളായ് പാചക വിദ്യ വരെ അവരുടെ സംഭാവനയാണ്.
പിന്നീട് കടന്നു വന്ന യൂറോപ്യന്‍ ശക്തികള്‍ ഇന്ത്യയെ കൊള്ളയടിക്കുന്നതിലാണ് താല്‍പര്യം കാണിച്ചതെങ്കിലും ഒട്ടേറെ യൂറോപ്യന്‍മാര്‍ മഹത്വം മനസിലാക്കി രാജ്യത്തെ മനസാ വരിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യന്‍ പൗരത്വം നേടി ഇവിടെ തുടര്‍ന്ന ജസ്റ്റിസ് വില്യം ബ്രൂം ഇത്തരം വ്യക്തികളില്‍ ഒരാളാണ്. ഇന്ത്യന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനായ ബ്രൂം സ്വാതന്ത്ര്യാനന്തരം ജഡ്ജിയായി തുടരുകയും 1971 വരെ അലഹബാദ് ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ജോര്‍ജ് യൂള്‍, വില്യം വെഡ്ഡര്‍ബണ്‍, ആല്‍ഫ്രഡ് വെബ്, ഹെന്റി കോട്ടണ്‍, ആനി ബസന്റ് എന്നീ വിദേശികള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് ഇരിക്കുകയുണ്ടായി.
കറുത്തവനേയും വെളുത്തവനേയും ഇന്ത്യ കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആഫ്രിക്കക്കാരും ഉണ്ടായിട്ടുണ്ട്. റസിയ സുല്‍ത്താനയുടെ വലംകയ്യായിരുന്ന ജമാലുദ്ദീന്‍ യാക്കൂത് ഉദാഹരണം. ആഫ്രിക്കന്‍ സിദ്ധി വംശജനായിരുന്നു അദ്ദേഹം. അമീറുല്‍ ഉമറ എന്ന പദവി വരെ നല്‍കി റസിയ അദ്ദേഹത്തെ ആദരിച്ചു. അഹമ്മദ് നഗറിലെ പ്രധാനമന്ത്രി വരെയായ മാലിക്ക് അംബാര്‍ ഇന്ത്യയില്‍ വലിയ പദവി വഹിച്ച മറ്റൊരു ആഫ്രിക്കന്‍ വംശജനാണ്. ഈ ആഫ്രിക്കന്‍ ജനതയുടെ പിന്‍ഗാമികളായി ഇന്ത്യയുടെ പടിഞ്ഞാറെ തീരത്ത് ഇന്നും സിദ്ധി എന്ന ആഫ്രിക്കന്‍ ഗോത്രം അധിവസിക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായ കര്‍ബല യുദ്ധത്തിന് ഇന്ത്യന്‍ ബന്ധമുണ്ട്. റിഹാബ് ദത്ത് എന്ന ഒരു ബ്രാഹ്മണ വര്‍ത്തക പ്രമാണി ഹുസൈന്‍(റ)ന്റെ കാലത്ത് ബാഗ്ദാദില്‍ ജീവിച്ചിരുന്നു. കുട്ടികളില്ലാത്ത അദ്ദേഹം ഹുസൈന്‍ (റ)നെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനാ ഫലമായി റിഹാബ് ദത്തിന് ഏഴു കുട്ടികളുണ്ടാകുകയും ചെയ്തു. കര്‍ബല യുദ്ധത്തില്‍ ഈ ഏഴു മക്കളും ഇമാം ഹുസൈന് വേണ്ടി രക്തസാക്ഷ്യം വഹിച്ചു. റിഹാബ് ദത്തിന്റെ വംശം ഇന്നും ഇന്ത്യയിലുണ്ട്. അവര്‍ 'ഹുസൈനി ബ്രാഹ്മണന്മാര്‍' എന്നറിയപ്പെടുന്നു. പ്രശസ്ത സിനിമാ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുനില്‍ ദത്ത് ഈ സമുദായത്തില്‍ പെട്ട ആളായിരുന്നു. ഈ സമുദായത്തെ പറ്റി ഹിന്ദിയില്‍ ഒരു പ്രശസ്തമായ കവിതയുണ്ട്-
വാഹ്, ദത്ത് സുല്‍ത്താന്‍!
ഹിന്ദു കാ ധാം, മുസല്‍മാന്‍ കാ ഇമാന്‍
ആദ ഹിന്ദു, ആദ മുസല്‍മാന്‍!
(ദത്ത് പ്രഭുവിന്റെ കാര്യം ഹാ, വിസ്മയാവഹം!
ഹിന്ദുവിന്റെ ദേഹം, മുസല്‍മാന്റെ വിശ്വാസം.
പകുതി ഹിന്ദു, പകുതി മുസല്‍മാന്‍!)
ഈ കവിത ഹുസൈനി ബ്രാഹ്മണരെ സംബന്ധിച്ച് മാത്രമല്ല, മുഴുവന്‍ ഇന്ത്യയെ കുറിച്ചും പ്രസക്തമാണ്. ഇന്ത്യ പകുതി ഹിന്ദുവും പകുതി മുസ്‌ലിമുമാണ്. എല്ലാ മാനവരേയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ഇവിടെ ഉള്‍ക്കൊള്ളല്‍ സംസ്‌കാരത്തിന് പകരം 'പുറന്തള്ളല്‍ ദേശീയത'യുടെ വിഷ വൃക്ഷം വളരാന്‍ തുടങ്ങിയത് 1923-ല്‍ വി.ഡി സവര്‍ക്കര്‍ 'ഹിന്ദുത്വ' എന്ന കൃതിയിലൂടെ സവര്‍ണ ഫാസിസം അവതരിപ്പിച്ചതോടെയാണ്. അത് ആര്യ ബ്രാഹ്മണരുടെ മാത്രം രാഷ്ട്രമായി ഇന്ത്യയെ അവതരിപ്പിച്ചു. ചാതുര്‍വര്‍ണ്യത്തില്‍ ഊന്നിയ സമൂഹം വിഭാവനം ചെയ്തു. ആ ചിന്താധാരയില്‍ പെട്ട ഭരണകൂടമാണ് ഇന്ത്യയെ മതത്തില്‍ അധിഷ്ഠിതമായ പൗരത്വവും ഏകശിലാ സംസ്‌കാരവും അടിച്ചേല്‍പ്പിക്കുന്നത്. ഈ നയം ഇന്ത്യയുടെ പൈതൃകത്തിനു വിരുദ്ധമാണ്. ഇത് 'അഭാരതീയം'(ഡികിറശമി) ആണ്. ഇന്ത്യയുടെ സര്‍വ വര്‍ണ്ണവും അഖില സുഗന്ധവുമുള്ള പൂന്തോപ്പിനെ ഫാസിസത്തിന്റെ വിഷവൃക്ഷം മാത്രമുള്ള പാഴ്‌നിലമാവാന്‍ അനുവദിച്ചികൂടാ. ബഹുസ്വരതയുടെ മഴവില്‍ മഞ്ജിമ ഇന്ത്യയുടെ ആകാശത്തില്‍ നിന്ന് മാഞ്ഞു പോവാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."