സമസ്തയുടെ ജനസമ്മിതിയും വ്യാജന്മാരും
പാശ്ചാത്യ നടപ്പുരീതികളുടെ പരിസരബന്ധമുള്ള ആധുനികവല്‍ക്കരണം ഇസ്‌ലാമിനു കല്‍പ്പിച്ചുനല്‍കാനും അതിലൂടെ തീവ്രവാദവും രാഷ്ട്രീയതാല്‍പര്യവും നടപ്പാക്കാനുമുള്ള പഴുതുകളാണ് മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് (1702-1793) വഹാബി പ്രസ്ഥാനത്തിലൂടെ ലക്ഷ്യമാക്കിയത്. ഇത്തരം പൈതൃകനിഷേധ നീക്കങ്ങള്‍ പില്‍ക്കാല മുസ്‌ലിംകള്‍ക്കു വരുത്തിവച്ച പരുക്ക് ഏറെ വലുതായിരുന്നു. ആശയവ്യതിയാനത്തിലേക്കും അപരിഹാര്യങ്ങളായ വെല്ലുവിളികളിലേക്കുമാണു സമുദായത്തെ ഇബ്‌നു വഹാബ് തള്ളിവിട്ടത്. സലഫിസം ഇപ്പോഴും ലോക ചിന്താമണ്ഡലത്തില്‍ സജീവമായ ഒരു വിരുദ്ധതയുടെ പദാവലിയായി നിലകൊള്ളുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലഘട്ടം മുതല്‍ നിലനിന്ന നടപ്പുരീതികളും വിശ്വാസങ്ങളും ആചാരങ്ങളും മാറ്റിമറിക്കുന്നതിലൂടെ പുതിയൊരു ആശയം സ്ഥാപിക്കാനുള്ള നീക്കങ്ങളാണു സലഫിസം നടത്തിയത്. ഇന്നു മുസ്‌ലിംലോകം ഇസ്‌ലാമിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതിനും വിമര്‍ശിക്കപ്പെടുന്നതിനും ഇടയാക്കിയത് ഈ പുത്തനാശയമാണ്. ഇസ്‌ലാം സകലര്‍ക്കും സ്വീകാര്യമായിരിക്കെ സംശയത്തിന്റെ തലത്തിലേക്കു പറിച്ചുനടാന്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ദുര്‍വ്യാഖ്യാനിച്ചതിലൂടെ നവീനവാദികള്‍ കളമൊരുക്കി.
സമസ്തയുടെ രൂപീകരണം
1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പണ്ഡിതസഭ മുസ്‌ലിംസമൂഹം നേരിടുന്ന അതീവഗുരുതരമായ വെല്ലുവിളികളെ സംബന്ധിച്ചു ചര്‍ച്ച നടത്തി. പൊതുസമൂഹത്തിനു യഥാര്‍ഥ ഇസ്‌ലാം പരിചയപ്പെടുത്താന്‍ നാളിതുവരെ സാധിച്ചതു പാരമ്പര്യത്തെ മാനിച്ചതിനാലാണെന്നും പ്രമാണങ്ങള്‍ നിരാകരിച്ചുള്ള നവചിന്തകള്‍ക്കു മതത്തിന്റെ ഛായ നല്‍കുന്നതിനുള്ള ശ്രമം അപകടമാണെന്നും തിരിച്ചറിഞ്ഞു ഒരു പണ്ഡിതസഭ രൂപീകരിച്ചു. വരയ്ക്കല്‍ അബ്ദുര്‍റഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങളായിരുന്നു അധ്യക്ഷന്‍.
രജിസ്‌ട്രേഷന്‍
1934 നവംബര്‍ 14ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു. (എസ് 1- 1934) പ്രധാനമായി അഞ്ച് ഉദ്ദേശ്യങ്ങളാണു ഭരണഘടന മുന്നോട്ടുവച്ചത്.
1. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ പ്രബോധനം ചെയ്യുക.
2. അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരെ നിയമാനുസൃതം പ്രതിരോധിക്കുക.
3. മുസ്‌ലിം സമുദായത്തിന്റെ അവകാശസംരക്ഷണത്തിനു നിലകൊള്ളുക.
4. മതവിദ്യാഭ്യാസപ്രവര്‍ത്തനം നടത്തുക. മതേതരവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
5. അന്ധവിശ്വാസം, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ ഇല്ലാതാക്കുന്നതിനും സമുദായത്തിന്റെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക.
പ്രവര്‍ത്തനങ്ങള്‍
ഭരണഘടന വിഭാവനം ചെയ്യുന്നവിധം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ചിട്ടപ്പെടുത്തി. നവീനവിശ്വാസങ്ങള്‍ വരുത്തിവച്ച ആശയവ്യതിയാനങ്ങള്‍ തീര്‍ത്ത വിശ്വാസവിടവുകള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ 1944നിടയില്‍ 15 പ്രധാനസമ്മേളനങ്ങള്‍ വിവിധപ്രദേശങ്ങളില്‍ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളെല്ലാം ആശയസംവാദങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നവയായിരുന്നു. അടിസ്ഥാന ദീനീ ദഅ്‌വത്തുകളാണു നിര്‍വഹിച്ച മുഖ്യദൗത്യം.
തുടര്‍ന്ന്, 2016 വരെയുള്ള വര്‍ഷങ്ങളില്‍ 27 മഹാസമ്മേളനങ്ങള്‍ സമസ്ത സംഘടിപ്പിച്ചു. 2012 ല്‍ പ്ലാറ്റിനം ജൂബിലി കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചത്. അവസാനമായി ആലപ്പുഴയില്‍ 90 ാം വാര്‍ഷികസമ്മേളനം വന്‍ ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായതുപോലെ ആദര്‍ശപ്രചാരണരംഗത്തും ഉപകാരപ്പെട്ടു.
വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍
1951 മാര്‍ച്ച 25നു സമസ്ത കേരള ഇസ്‌ലാംമതവിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചു. പ്രഥമ യോഗം 1951 സപ്തംബര്‍ 17നു ചേര്‍ന്നു. 33 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇപ്പോള്‍ (2017) അംഗീകൃത മദ്‌റസകളുടെ എണ്ണം 9695 ല്‍ എത്തിനില്‍ക്കുന്നു. ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍, 158 ടെക്സ്റ്റ് ബുക്കുകള്‍, അറബി, അറബി മലയാളം, അറബി തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പുസ്തകങ്ങള്‍, ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനപരിധി, 103 വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍, 427 റെയിഞ്ചുകള്‍, 82,560 അധ്യാപകര്‍ അങ്ങനെ കുറ്റമറ്റതും ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭവുമായി വളര്‍ന്നുപന്തലിച്ച പ്രാഥമികവിദ്യാഭ്യാസ സംവിധാനമാണ് സമസ്ത കേരള ഇസ്‌ലാംമതവിദ്യാഭ്യാസ ബോര്‍ഡ്.
5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷകളിലായി ഇതിനകം അരക്കോടിയിലധികം പഠിതാക്കള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. 1954 ഏപ്രില്‍ 25നു ചേര്‍ന്ന സമസ്ത സമ്മേളനം എസ്.വൈ.എസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. 1976 ഏപ്രില്‍ 26ന് സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചു. 1989 ഫെബ്രുവരി 19 ന് എസ്.കെ.എസ്.എസ്.എഫ് നിലവില്‍ വന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങളും രൂപീകൃതമായി. ഈ സംഘടനാ സംവിധാനങ്ങളെല്ലാം സമസ്തയുടെ ചാലകശക്തികളും ഊന്നുവടിയും ഊര്‍ജവുമായി വളര്‍ന്നുവന്നു.
ഭിന്നിപ്പുകള്‍
തബ്‌ലീഗ് ജമാഅത്ത് ആദര്‍ശവ്യതിയാനം സംഭവിച്ച പുത്തന്‍വാദ ഗ്രൂപ്പാണെന്ന് 1965കളില്‍ സമസ്ത തീരുമാനമെടുത്തിരുന്നു. ഇതില്‍ വിയോജിച്ച ചിലര്‍ അഖില കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയ്ക്കു രൂപംനല്‍കി. അധികം താമസിയാതെ ആ സംഘടന നാമാവശേഷമായി. പിന്നീട് 1965 ല്‍ ഉച്ചഭാഷിണിയിലൂടെ വരുന്ന ശബ്ദം സംബന്ധിച്ച് ഏറെ വിചിത്രമായ വാദമുയരുകയും ഉച്ചഭാഷിണിയുടെ വിലാസത്തില്‍ ചിലരുയര്‍ത്തിയ നിരര്‍ഥകവാദം പൊളിഞ്ഞതിനെത്തുടര്‍ന്നു പുറത്തുപോകേണ്ടിവന്നവര്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. വളരെ നാമമാത്രമായ സാന്നിധ്യമായി ഇപ്പോഴും ഈ സംഘടന കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.
1989ല്‍ സമസ്തയില്‍നിന്ന് ആറുപേരെ മാറ്റിനിര്‍ത്തേണ്ടിവന്നു. സംഘടനാമര്യാദകള്‍ ലംഘിച്ചു, ഉലമാഇന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനായില്ല, ഗുരുജനങ്ങളെ അപമാനിച്ചു, കേരളത്തിലെ മുസ്‌ലിം സംഘടിതശക്തിയെ തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ നിരവധി ആരോപണങ്ങള്‍ക്ക് ഇവര്‍ വിധേയരായി. ഇതൊക്കെയാണ് ഇവരെ മാറ്റിനിര്‍ത്താന്‍ കാരണമായത്.
1989ല്‍ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ജന്മവൈകല്യം വേട്ടയാടുന്ന ഈ വിഭാഗം 'സമസ്ത' ചേര്‍ത്തു പ്രവര്‍ത്തിക്കാന്‍ നടത്തുന്ന നീക്കം ഇപ്പോഴും തുടരുകയാണ്. സംഘടനാമര്യാദയുടെ ലംഘനമാണിത്. സമസ്തയുടെ രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചതിനെതിരേ ഇവര്‍ നല്‍കിയ വ്യവഹാരം ബഹു. സുപ്രിംകോടതി 2008 ഓഗസ്റ്റ് 28നു തള്ളുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന ആദര്‍ശപ്രസ്ഥാനത്തിന്റെ പൊതുബോധ്യം ഉപയോഗപ്പെടുത്താനാണ് ഇവര്‍ വളഞ്ഞമാര്‍ഗത്തില്‍ ശ്രമിച്ചുനോക്കാറുള്ളത്.
അവരുടെ സംഘടന രജിസ്റ്റര്‍ ചെയ്ത പേരുപയോഗിക്കാതെ സമസ്തയുടെ പേരില്‍ സമ്മേളനങ്ങളും പിരിവുകളും നടത്താനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമസ്തക്ക് സമൂഹത്തിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യാനാണിത്. ആത്മീയത വിപണനവസ്തുവാക്കുകയും സമൂഹത്തില്‍ വ്യാപകമായി ശിഥിലീകരണമുണ്ടാക്കുകയും മതത്തിന്റെ അച്ചടക്കവും വിശുദ്ധിയും തകര്‍ക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിനു പറയത്തക്ക ജനസ്വാധീനം നേടാനായിട്ടില്ല. മുസ്‌ലിംകളുടെ ആധികാരികശബ്ദം എന്ന നിലയ്ക്കു മഹല്ലുകളും പള്ളികളും മദ്‌റസകളും സമസ്തയുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്പോഴതു തര്‍ക്കങ്ങളിലെത്തിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം വിലപ്പോവില്ല.
ആരോപണങ്ങള്‍
പള്ളി-മദ്‌റസകള്‍ പൊതുവാണ്, അതു സമസ്തയ്ക്കുമാത്രം അവകാശപ്പെട്ടതല്ലെന്നാണ് ഒരു വാദം. ഇതു തീരുമാനിക്കേണ്ടവര്‍ തീരുമാനിക്കുന്നതുകൊണ്ടാണു സ്ഥാപനങ്ങളും മഹല്ലുകളും സമസ്തയുടെ നിയന്ത്രണത്തില്‍ നടക്കുന്നത്. ഏതൊരു മഹല്ലും ഏതു നിലപാടു സ്വീകരിക്കണമെന്ന് അതിന്റെ വാഖിഫിന്റെ രേഖാമൂലമോ ഉദ്ദേശ്യപൂര്‍വമോ ആയ തീരുമാനപ്രകാരമാണു നടക്കുന്നതും നടക്കേണ്ടതും.
സമസ്തയുടെ ആത്മീയനേതൃത്വം ആഗ്രഹിച്ചു സ്വീകരിച്ചവരെ ആദരിക്കുന്നതിനുപകരം ആക്ഷേപിക്കുന്ന സംസാരവും നിലപാടും ആഭാസകരമാണെന്നു പറയേണ്ടതില്ലല്ലോ. സമസ്തയുടെ എല്ലാ നിലപാടുകളും മുസ്‌ലിം ഉമ്മത്തിനു ബോധ്യമുണ്ട്. അക്കാരണത്താല്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി സമസ്തയെ സ്വീകരിക്കുന്നു. തെറ്റുകള്‍ പറ്റിയ വിഭാഗങ്ങള്‍ തിരുത്തി സമസ്തയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവരവര്‍ ഉണ്ടാക്കിയ ചെറുകൂട്ടങ്ങള്‍ പിരിച്ചുവിടുകയാണു വേണ്ടണ്ടത്. എല്ലാ വ്യാജനും ദുര്‍ബലവും താല്‍ക്കാലികവുമാണ്. ഒട്ടും നിലനില്‍ക്കാന്‍ സാധ്യതയില്ലാത്തതും അനാവശ്യവുമാണ്.
ഭാവി പരിപാടികള്‍
സമസ്ത 100ാം വാര്‍ഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. സമസ്തയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ അന്തര്‍ദേശീയരംഗത്ത് സജീവമാണ്. ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് സമസ്തയെ ലോകമുസ്‌ലിംകള്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നുണ്ടണ്ട്. ഇന്ത്യയില്‍ എല്ലാ ഭാഗങ്ങളിലും സമസ്തയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടണ്ടതുണ്ടണ്ട്.
സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ കോണ്‍ഫറന്‍സ് തൃശൂരില്‍ നടക്കാനിരിക്കുന്നു. സുന്നി യുവജനസംഘത്തിനു ദേശീയസമിതി നിലവിലുണ്ട്. ജാമിഅ നൂരിയ്യ സഹസ്ഥാപനം ആഫ്രിക്കയില്‍ തുടക്കമായിട്ടുണ്ടണ്ട്. ലോകനിലവാരത്തില്‍കേരളത്തിലെ ഉപരിപഠനസ്ഥാപനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ഇന്റര്‍നാഷനല്‍ തലത്തില്‍ സമസ്ത സജീവമാവുകയാണ്. സമസ്ത വിരുദ്ധ ഗ്രൂപ്പുകള്‍ വ്യാപാരതലം മാത്രം ലക്ഷ്യമാക്കുമ്പോള്‍ സമസ്ത ദീനീ ദഅ്‌വത്ത് മാത്രം ലക്ഷ്യമാക്കുന്നു. പ്രബുദ്ധസമൂഹത്തിന്റെ സമ്പൂര്‍ണമായ അംഗീകാരമാണു സമസ്തയുടെ കരുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."